തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കെതിരായ കൊടിക്കുന്നിൽ സുരേഷിന്റെ പ്രസ്ഥാവനയെ രൂക്ഷമായി വിമർശിച്ച് ജസ്‌ല മടശ്ശേരി. മുഖ്യമന്ത്രി നവോത്ഥാന നായകനാണെങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരന് വിവാഹം കഴിച്ചുകൊടുക്കണമെന്നാണ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്’. മന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പറഞ്ഞ് കൊടിക്കുന്നിൽ സുരേഷിനെതിരെ പലരും രംഗത്തു വരുന്നുണ്ട്.
പിണറായി വിജയൻ തന്റെ ക്രഡിബിലിറ്റി തെളിയിക്കാൻ മകളെ കെട്ടിച്ചു കൊടുക്കണം എന്നു പറയുന്നതിൽ തന്നെ വലിയ സ്ത്രീവിരുദ്ധതയുണ്ട്. സ്ത്രീയുടെ നിയന്ത്രണാധികാരം പുരുഷനിലാണെന്നും, സ്ത്രീ സ്വാതന്ത്ര്യം അർഹിക്കാത്തവൾ ആണന്നുമുള്ള മേലാള മത പൗരോഹ്യത്യ നിലപാടിനെയാണ് താൻ വിമർശികുന്നതെന്ന് ജസ്‌ല പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം:
കെട്ടാനും, കെട്ടിക്കൊണ്ട് പോറ്റാനും മേയ്ക്കാനും ഉള്ളതാണ് സ്ത്രീ എന്നാണ് പ്രിയ നേതാവ് കൊടിക്കുന്നിൽ സുരേഷ് എം പി മനസ്സിലാക്കി വച്ചിരിക്കുന്നത് എന്ന് അദ്ധേഹത്തിന്റെ ഇന്നത്തെ പ്രസ്ഥാവനയിലൂടെ ബോധ്യമായി. പെണ്ണിനെ കെട്ടലോ, കെട്ടിച്ചു കൊടുക്കലോ ഒക്കെയാണ് ഇവരുടെ ഒക്കെ പ്രശ്നം.
രണ്ടു വ്യക്തികൾ ഇണകളെ തിരഞ്ഞെടുക്കുന്നതിൽ ഈ സമൂഹം കാണിക്കുന്ന, ആ സമൂഹത്തിന് നേതൃത്വം കൊടുക്കുന്ന ജനപ്രതിനിധികളായ, അതും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനത്തിന്റെ അമരക്കാരായവർ കാണിക്കുന്ന ഈ അസ്സഹിഷ്ണുത തന്നെയാണ് സമൂഹത്തെ സാംസ്കാരിക പരിണാമങ്ങളിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്.
പിണറായി വിജയൻ തന്റെ ക്രഡിബിലിറ്റി തെളിയിക്കാൻ മകളെ കെട്ടിച്ചു കൊടുക്കണം എന്നു പറയുന്നതിൽ തന്നെ വലിയ സ്ത്രീവിരുദ്ധതയുണ്ട്. സ്ത്രീയുടെ നിയന്ത്രണാധികാരം പുരുഷനിലാണന്നും, സ്ത്രീ സ്വാതന്ത്ര്യം അർഹിക്കാത്തവൾ ആണന്നുമുള്ള മേലാള മത പൗരോഹ്യത്യ നിലപാടാണ് സംവരണ മണ്ഡലത്തിൽ നിന്ന് വിജയിച്ചു വന്ന ഒരാളിൽ നിന്നു പോലും ഉണ്ടാകുന്നത് എന്നതാണ് പ്രശ്നം. അതും, ‘പട്ടികജാതിക്കാരന്’ കെട്ടിച്ചു കൊടുക്കണമായിരുന്നത്രെ.
അതിൽ തന്നെ കടുത്ത ദളിത് വിരുദ്ധതയുണ്ട്. നിങ്ങളിപറയുന്ന ‘പട്ടികജാതിയ്ക്ക് ‘ എന്താ കുഴപ്പം?. സംവരണം നൽകി സമൂഹത്തിൽ ഉയർത്തി കൊണ്ടുവരാൻ, മനുഷ്യത്വ വിരുദ്ധമായ സാമൂഹിക വിഭജനങ്ങളിൽ പെട്ട് പിന്നോക്കം പോയവരെ പ്രതിനിധീകരിക്കുന്ന പദം എന്നതിനപ്പുറം എന്താണ് താങ്കൾ മനുഷ്യരെ അയോഗ്യരായി കൽപ്പിച്ചു നിർത്തുന്നത്. ആധുനിക സമൂഹത്തിലെ സ്ത്രീ ഇണയെ തിരഞ്ഞെടുക്കുന്നത് മതവും, വർണ്ണവും, ജാതിയും, വർഗ്ഗവും ഒന്നും നോക്കീട്ടല്ല. അവൻ മനുഷ്യനാണോ എന്നു നോക്കിയിട്ടാണ്.
പ്രീയ നേതാവേ, പിണറായി വിജയന്റെ മകളുടെ കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അവകാശം പിണറായി വിജയന്റെ മകൾക്കു തന്നെയാണ്. അതിൽ പിണറായി വിജയന് വലിയ റോളൊന്നും ഇല്ലന്ന് ആദ്യം മനസ്സിലാക്കണം. കെട്ടിച്ചു കൊടുക്കാൻ പെണ്ണ് എന്നാൽ, മകൾ എന്നാൽ ചന്തയിലെ പോത്തും, പശുവും ഒന്നുമല്ല. സ്വതന്ത്രമായി തീരുമാനമെടുക്കുന്ന, സമൂഹത്തിലെ തുല്യതയ്ക്ക് അർഹതയുള്ള മനുഷ്യഗണത്തിലുള്ള മനുഷ്യരാണ്./
ശബരിമല വിധിക്കെതിരെ, സ്ത്രീ പുരുഷ തുല്യതയ്ക്കെതിരെ ഒക്കെ താങ്കൾക്കും കൂട്ടർക്കും നിലപാട് എടുക്കാൻ കഴിഞ്ഞതും, അതിൽ നിന്ന് വ്യത്യസ്ഥമായി സ്ത്രീകൾ തുല്യരാണ് എന്ന സന്ദേശം ഉയർത്താനെങ്കിലും പിണറായി വിജയന് കഴിഞ്ഞതുമാണ് വ്യത്യാസമെന്ന് ഇനിയെങ്കിലും ഒന്നു മനസ്സിലാക്കു.