EntertainmentKeralaNews

ദൃശ്യം പ്രതീക്ഷിച്ച് വരരുത്, ’12ത് മാനേക്കുറിച്ച് ജിത്തു ജോസഫ്‌

കൊച്ചി:ദൃശ്യം 2വിന് ശേഷമുളള മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം 12ത് മാന്‌റെ പ്രഖ്യാപനം ആരാധകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. നിഗൂഢത നിറഞ്ഞ ഒരു പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ജീത്തു ജോസഫ് പുതിയ സിനിമയെ കുറിച്ച് അറിയിച്ചത്. ആശീര്‍വാദ് സിനിമാസിന്‌റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെ നിര്‍മ്മിക്കുന്ന സിനിമയില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. 12ത് മാനിലെ അഭിനേതാക്കളെയും സാങ്കേതിക പ്രവര്‍ത്തകരെയുമെല്ലാം ടാഗ് ചെയ്തുകൊണ്ടാണ് ജീത്തു ജോസഫ് പോസ്റ്റര്‍ പുറത്തുവിട്ടത്.

മോഹന്‍ലാലിനെ നായകനാക്കി റാം എന്നൊരു ചിത്രവും മുന്‍പ് ജീത്തു ജോസഫ് ആരംഭിച്ചിരുന്നു. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ സിനിമ നിര്‍ത്തിവെക്കേണ്ടി വന്നു. വിദേശത്തും മറ്റും ചിത്രീകരിക്കേണ്ട രംഗമുളളതിനാലാണ് റാം മാറ്റിവെക്കേണ്ടി വന്നത്. അതേസമയം റാമിന് മുന്‍പ് 12ത് മാന്‍ പ്രേക്ഷകരിലേക്ക് എത്തിക്കാനുളള ശ്രമങ്ങളിലാണ് സംവിധായകനെന്ന് അറിയുന്നു.പുതിയ സിനിമ ഏത് വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിരിക്കുമെന്ന് പറയുകയാണ് ജീത്തു ജോസഫ്.

ഒരു മിസ്റ്ററി സിനിമയാണ് 12th മാന്‍ എന്നാണ് സംവിധായകന്‍ പറയുന്നത്. സസ്പെന്‍സ് ഘടകങ്ങളെല്ലം ഉളള ചിത്രമാണെന്നും സംവിധായകന്‍ പറഞ്ഞു. ’24 മണിക്കൂറിനുളളില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. അധികം താരങ്ങളുണ്ടാവില്ല. ഒരു ലൊക്കേഷന്‍ തന്നെയാണ് സിനിമയില്‍ കൂടുതലും ഉള്ളത്. മറ്റ് കഥകള്‍ ആലോചയിലുണ്ടായിരുന്നെങ്കിലും കോവിഡ് സാഹചര്യത്തില്‍ ചിത്രീകരിക്കാന്‍ കഴിയുന്ന സിനിമ ആയതിനാലാണ് ചിത്രം ചെയ്യാന്‍ തീരുമാനിച്ചതെന്നും’ ജീത്തു ജോസഫ് പറഞ്ഞു.

‘കെ കൃഷ്ണ കുമാറിന്റെതാണ് കഥ. ഞാനും സുഹൃത്തും കൂടി വേറൊരു സിനിമയ്ക്ക് വേണ്ടി സ്‌ക്രിപ്റ്റ് എഴുതുകയായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആ സിനിമ ചിത്രീകരിക്കാന്‍ കഴിയില്ല. ഈ കഥയാണെങ്കില്‍ ഒന്ന് രണ്ട് വര്‍ഷമായി ആലോചനയില്‍ ഉള്ളതാണ്. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചെയ്യാന്‍ സാധിക്കുമെന്ന് തോന്നി’.

സിനിമയെ കുറിച്ച് വലിയ പ്രതീക്ഷകള്‍ വെക്കാതിരിക്കുകയായിരിക്കും നല്ലതെന്നും സംവിധായകന്‍ പറഞ്ഞു. ‘ഈ ചിത്രത്തില്‍ ഞങ്ങള്‍ക്കെല്ലാം നല്ല വിശ്വാസമുണ്ട്. ഒരു മിസ്റ്ററി സസ്‌പെന്‍സ് കഥയാണ്. ഇനി പ്രേക്ഷകരാണ് കണ്ട് നല്ലതാണോ അല്ലെയോ എന്ന് തീരുമാനിക്കേണ്ടത്. ദൃശ്യം പോലാെരു സിനിമ പ്രതീക്ഷിച്ച് ആരും വരരുതെന്നും’ ജീത്തു ജോസഫ് പറഞ്ഞു. ‘ഇത് വേറൊരു തരത്തിലുളള കഥയാണ്. തിയ്യേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനാണ് ആഗ്രഹം.

‘ലാലേട്ടന്‌റെ അടുത്ത് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. സിനിമ ആശീര്‍വാദ് നിര്‍മ്മിക്കാമെന്നും പറഞ്ഞു. ഒടിടി ലക്ഷ്യം വെച്ചല്ല ഒരുക്കുന്നതെന്നും’ ജീത്തു ജോസഫ് പറഞ്ഞു. ‘ചിത്രീകരണം കഴിഞ്ഞ് തിയ്യേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കുകയാണെങ്കില്‍ തിയ്യേറ്ററിലെ റിലീസ് ചെയ്യുകയുളളൂ. ആന്റണിക്കും തനിക്കും സിനിമകള്‍ തിയ്യേറ്ററുകളില്‍ കാണിക്കുന്നത് തന്നെയാണ് ഇഷ്ടം. പിന്നെ അവസാന തീരുമാനം നിര്‍മ്മാതാവിന്‌റെതാണ്’.

ഞാന്‍ സിനിമ ചെയ്ത് കൈയ്യില്‍ കെടുക്കും. പിന്നെ അദ്ദേഹമാണ് തീരുമാനിക്കേണ്ടത്, ജീത്തു ജോസഫ് വ്യക്തമാക്കി. അതേസമയം മോഹന്‍ലാലിനൊപ്പം ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, അനുശ്രീ, അദിഥി രവി, ലിയോണ ലിഷോയ്, വീണ നന്ദകുമാര്‍, പ്രിയങ്ക നായര്‍, ശിവദ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. ദൃശ്യം 2വിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സാങ്കേതിക പ്രവര്‍ത്തകര്‍ തന്നെയാണ് പുതിയ സിനിമയിലും ഉണ്ടാവുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button