30 C
Kottayam
Friday, May 17, 2024

ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിന് പുറത്ത് വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു

Must read

ജിദ്ദ:സൗദി അറേബ്യയിലെ തുറമുഖ നഗരമായ ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിന് പുറത്ത് വെടിവെപ്പ്. രണ്ട് പേര്‍ കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിച്ചു. ഒരു നേപ്പാള്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരനും അക്രമിയുമാണ് കൊല്ലപ്പെട്ടത്.

അമേരിക്കന്‍ കോണ്‍സുലേറ്റ് കെട്ടിടത്തിന് സമീപം കാറിലെത്തിയ ഒരാള്‍ കൈയില്‍ തോക്കുമായി ഇറങ്ങി നിറയൊഴിക്കുകയായിരുന്നു. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി വെടിവെപ്പുണ്ടായെന്നും അക്രമി കൊല്ലപ്പെട്ടെന്നും മക്ക മേഖലാ പോലീസ് വക്താവ് പറഞ്ഞു.

കോണ്‍സുലേറ്റിന്റെ സ്വകാര്യ സെക്യൂരിറ്റിയുടെ ഭാഗമായിരുന്നു കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്‍. അതേസമയം വെടിവെപ്പില്‍ യുഎസ് പൗരന്മാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. യുഎസ് എംബസിയും കോണ്‍സുലേറ്റും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും സൗദി അധികൃതരുമായി ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ അറിയിച്ചു. 

ഇതാദ്യമായല്ല ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റ് ആക്രമണത്തിന് ഇരയാകുന്നത്. 2016 ല്‍ കോണ്‍സുലേറ്റിന് എതിര്‍വശത്തുള്ള ഡോ. സുലൈമാന്‍ ഫഖീഹ് ആശുപത്രിയുടെ പാര്‍ക്കിംഗ് സ്ഥലത്തിന് സമീപം ചാവേര്‍ സ്‌ഫോടനം നടന്നിരുന്നു. സംശയം തോന്നിയ ആളെ പരിശോധിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ഇയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ചാവേര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

2004 ലും കോണ്‍സുലേറ്റിന് നേരെ ആക്രമണമുണ്ടായി. അഞ്ച് പേര്‍ തോക്കുകളും സ്ഫോടക വസ്തുക്കളുമായെത്തി കെട്ടിടം തകര്‍ത്തു. അന്ന്  കോണ്‍സുലേറ്റിന് പുറത്ത് നാല് സൗദി സുരക്ഷാ ഉദ്യോഗസ്ഥരും അകത്ത് അഞ്ച് ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്.

സൗദി സേന എത്തുന്നതിന് മുമ്പ് 18 ജീവനക്കാരെയും വിസ അപേക്ഷകരെയും ബന്ദികളാക്കിയതായി അന്നത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഞ്ച് അക്രമികളില്‍ മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. 2013-ല്‍ സൗദി അറേബ്യന്‍ കോടതി 2004-ലെ ആക്രമണത്തിലെ പങ്കിന് ഒരാള്‍ക്ക് വധശിക്ഷയും 19 പേര്‍ക്ക് 25 വര്‍ഷം തടവും വിധിച്ചു . അല്‍-ഖ്വയ്ദയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week