കൊച്ചി: ലൈംഗിക അതിക്രമം നടത്തിയെന്ന് പരാതിപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിന്റെ നടപടി സമൂഹത്തിന് നേരെയുള്ള അതിക്രമമാണെന്ന് ജെബി മേത്തര്‍. വാര്‍ത്താ കുറിപ്പ് വഴിയായിരുന്നു എംപിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുമായ ജെബി മേത്തറിന്റെ പ്രതികരണം. ഇരയുടെ പേര് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ നടന്‍ സ്ത്രീകളെ മുഴുവന്‍ പരസ്യമായി അപമാനിക്കുകയാണെന്നും ആരോപിച്ചു.
സിനിമ മേഖലയിലുള്ളവരും പൊതു സമൂഹവും ആവശ്യപ്പെട്ടിട്ടും ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതും അതിന് മേല്‍ നടപടിയെടുക്കാത്തതും ദുരൂഹമാണ്. നായനാര്‍ പണ്ട് പറഞ്ഞത് പോലെ നാട്ടില്‍ കാപ്പി കുടിക്കും പോലെ സ്ത്രീ പീഡനം നടക്കുമ്പോള്‍ പിണറായി സര്‍ക്കാര്‍ അനങ്ങാപ്പായായി ഇരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
പാര്‍ട്ടിയില്‍ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തത് സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളെ എങ്ങനെ കാണുന്നു എന്നതിന് തെളിവാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെ കുറിച്ച് സിപിഐഎം. സംസ്ഥാന കമ്മറ്റിയില്‍ പരാതി ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മിണ്ടിയില്ലെന്നും ജെബി മേത്തര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
അതേസമയം, നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ പേര് പുറത്തുവിട്ടതിനെ തുടര്‍ന്നാണ് വിജയ് ബാബുവിനെതിരെ പുതിയ കേസ്. എറണാകുളം സൗത്ത് പൊലീസാണ് കേസ് എടുത്തത്.
കോഴിക്കോട് സ്വദേശിയാണ് വിജയ് ബാബുവിനെതിരെ പരാതിയുമായി എത്തിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി. ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്.
തുടര്‍ന്ന് ഫേസ്ബുക്ക് ലൈവിലൂടെ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു. കേസില്‍ താന്‍ ആണ് ഇരയെന്നും അതിനാല്‍ പരാതിക്കാരിയുടെ പേര് താന്‍ വെളിപ്പെടുത്തുകയാണ് എന്നും പറഞ്ഞുകൊണ്ടാണ് വിജയ് ബാബു പേര് പുറത്തുവിട്ടത്.