ചെന്നൈ: തമിഴ്നാട് നിയമസഭാ സ്പീക്കറായി ടി.വി.കെ.യുടെ മുതിർന്ന നേതാവ് ജെ.സി.ഡി. പ്രഭാകറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ചെന്നൈ തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ അദ്ദേഹം ഡി.എം.കെ. സ്ഥാനാർത്ഥി ഡോ. എഴിലൻ നാഗനാഥനെ 12,000-ത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.
പ്രോ-ടെം സ്പീക്കർ എം.വി. കറുപ്പയ്യയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വിജയ്, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ എന്നിവർ ചേർന്നാണ് പുതിയ സ്പീക്കറെ ഔദ്യോഗികമായി പീഠത്തിലേക്ക് ആനയിച്ചത്. തുടർന്ന് നടന്ന ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പിൽ ടി.വി.കെ. എം.എൽ.എ. എം. രവിശങ്കറിനെയും എതിരില്ലാതെ തിരഞ്ഞെടുത്തു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ടി.വി.കെ. യുഗം ആരംഭിക്കുന്നതിന്റെ ശക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ ഭരണഘടനാപരമായ നീക്കത്തെ കാണുന്നത്.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള 73-കാരനായ ജെ.സി.ഡി. പ്രഭാകറുടെ സാന്നിധ്യം സഭയുടെ സുഗമമായ നടത്തിപ്പിന് മുതൽക്കൂട്ടാകുമെന്ന് കരുതപ്പെടുന്നു. മുൻപ് എ.ഐ.എ.ഡി.എം.കെ.യുടെ മുൻനിര നേതാവായിരുന്ന അദ്ദേഹം പിന്നീട് വിജയ് നയിക്കുന്ന ടി.വി.കെയിൽ ചേരുകയായിരുന്നു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കുന്നതിലും സംഘടനാ രൂപീകരണത്തിലും ഇദ്ദേഹം വഹിച്ച നിർണ്ണായക പങ്ക് പാർട്ടിയിൽ അദ്ദേഹത്തിനുള്ള സ്ഥാനത്തിന് തെളിവാണ്. പുതുമുഖ എം.എൽ.എമാരാൽ നിറഞ്ഞ സഭയിൽ നിയമസഭാ നടപടിക്രമങ്ങളിൽ അഗാധമായ അറിവുള്ള പ്രഭാകറിനെ സ്പീക്കർ സ്ഥാനത്തേക്ക് കൊണ്ടുവരാൻ മുഖ്യമന്ത്രി വിജയ് പ്രത്യേക താൽപ്പര്യമെടുത്തു. സഭയുടെ അന്തസ്സും നടപടിക്രമങ്ങളും പാലിക്കാൻ മുതിർന്ന നേതാവിന്റെ സാന്നിധ്യം അത്യാവശ്യമാണെന്ന കണക്കുകൂട്ടലിലാണിത്.
ഭരണപരമായ കാര്യങ്ങളിൽ മികച്ച അറിവുള്ള പ്രഭാകർ തുടക്കം മുതൽ തന്നെ ടി.വി.കെ.യുടെ നയരൂപീകരണങ്ങളിൽ സജീവമായിരുന്നു. യുവാക്കൾക്ക് വലിയ മുൻഗണന നൽകുന്ന പാർട്ടിയിൽ, മുതിർന്ന നേതാക്കൾക്ക് അർഹമായ പരിഗണന നൽകുന്നു എന്ന സന്ദേശം നൽകാനും ഈ നിയമനം ലക്ഷ്യമിടുന്നു. സ്പീക്കർ സ്ഥാനത്തേക്ക് പ്രഭാകറിനെ തിരഞ്ഞെടുത്തതിലൂടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ജനാധിപത്യപരമായ സഹകരണം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഭരണഘടനയെയും സഭാ മര്യാദകളെയും ഉയർത്തിപ്പിടിക്കുമെന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹം തന്റെ നന്ദി പ്രസംഗത്തിൽ വ്യക്തമാക്കി. തമിഴ്നാട് നിയമസഭയുടെ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്.
Veteran TVK leader J.C.D. Prabhakar has been elected unopposed as the Speaker of the Tamil Nadu Legislative Assembly. The Thousand Lights MLA was escorted to the chair by Chief Minister Vijay and Opposition Leader Udhayanidhi Stalin. Prabhakar’s vast political experience is expected to guide the young TVK legislators through legislative procedures effectively.


