തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉത്പാദിപ്പിക്കുന്ന ജവാൻ റം മദ്യത്തിന്റെ പേര് മാറ്റണമെന്ന് നിവേദനം. ഒരു വിമുക്ത ഭടനാണ് ധന വകുപ്പിന് നിവേദനം നൽകിയത്. നിവേദനം എക്സൈസ് കമ്മീഷണർക്ക് കൈമാറിയിരിക്കുകയാണിപ്പോൾ. ‘ജവാൻ’ എന്ന പേര് മദ്യത്തിന് നൽകുന്നത് സൈനികർക്ക് നാണക്കേടാണെന്നാണ് പരാതിയിൽ പറയുന്നത്. മദ്യം ഉദ്പപാദിപ്പിക്കുന്നത് സംസ്ഥാന സർക്കാർ സ്ഥാപനം ആയതിനാൽ പേര് മാറ്റാൻ ഉടൻ നടപടിയെടുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
ഇത്തരത്തിൽ മദ്യത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി നേരത്തെയും സർക്കാറിന് അപേക്ഷകൾ ലഭിച്ചിരുന്നതായാണ് വിവരം. എന്നാൽ ജവാൻ എന്ന പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ട മദ്യത്തിന്റെ ബ്രാൻഡ് നെയിം മാറ്റാൻ സർക്കാർ തയ്യാറായേക്കില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നതും വിപണനം നടക്കുന്നതുമായ മദ്യമാണ് ജവാൻ. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് ഉദ്പാപാദിപ്പിക്കുന്ന മദ്യ ബ്രാൻഡിന് വലിയ കേരളത്തിൽ പ്രചാരമുണ്ട്.
നിലവിൽ നാല് ലൈനുകളിലായി 7500 കേസ് മദ്യമാണ് ഒരു ദിവസം ഇവിടെ ഉദ്പാദിപ്പിക്കുന്നത്. 1.50 ലക്ഷം കേസ് മദ്യമാണ് ഒരു മാസം വിൽക്കുന്നത്. സംസ്ഥാനത്തെ 23 വെയർഹൗസുകളിലൂടെയാണ് ജവാൻ വിതരണം നടക്കുന്നത്. അതേസമയം ഉദ്പാദന ലൈനുകൾ കൂട്ടണമെന്ന് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ.
ആറ് ലൈനുകൾ കൂടി വേണമെന്നാണ് ആവശ്യം. നിർമാണം വർധിപ്പിച്ചാൽ മാത്രമേ ആവശ്യത്തിനുള്ള മദ്യം എത്തിക്കാൻ സാധിക്കൂ എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ശുപാർശ നടപ്പിലായാൽ 10,000 കെയ്സ് അധികം ഉൽപാദിപ്പിക്കാനാകും. ഒരു ലൈൻ സ്ഥാപിക്കാൻ 30 ലക്ഷം രൂപ ചെലവു വരുമെന്നാണ് കമ്പനിയുടെ കണക്ക്. ഇത് സർക്കാറിന്റെ പരിഗണനയിലുമാണ്.