KeralaNews

ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ പുനഃരാരംഭിച്ച ജവാന്‍ റം ഉത്പാദനം വീണ്ടും നിര്‍ത്തിവച്ചു

തിരുവല്ല: ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ പുനഃരാരംഭിച്ച ജവാന്‍ റം ഉത്പാദനം വീണ്ടും നിര്‍ത്തിവച്ചു. നിലവിലെ സ്പിരിറ്റിന്റെ സ്റ്റോക്ക് എടുത്ത ശേഷമാകും പൂര്‍ണതോതില്‍ മദ്യ ഉത്പാദനം നടത്തുക. സ്പിരിറ്റ് മറിച്ചു വിറ്റ കേസില്‍ റിമാന്‍ഡിലുള്ള പ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

സ്പിരിറ്റ് തട്ടിപ്പില്‍ പ്രതിചേര്‍ക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയതോടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ ജവാന്‍ ഉത്പാദനം നിലച്ചത്. വിരമിച്ച പ്രൊഡക്ഷന്‍ ഡെപ്യൂട്ടി മാനേജര്‍ ജോര്‍ജ് ഫിലിപ്പിനെ തിരികെ വിളിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ രാവിലെ മദ്യ ഉതപാദനം പുനഃരാരംഭിച്ചു. 1200 കുപ്പിയില്‍ അധികം ജവാന്‍ ബോട്ടില്‍ ചെയ്തശേഷമാണ് എക്സൈസ് വകുപ്പിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്.

നിലവിലെ സ്പിരിറ്റ് സ്റ്റോക്ക് എക്സൈസ്, പൊലീസ്, ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്തമായി പരിശോധിച്ച ശേഷം മദ്യ ഉത്പ്പാദനം പുനഃരാരംഭിക്കും. 20,000 ലിറ്റര്‍ സ്പിരിറ്റ് വെട്ടിപ്പ് കേസില്‍ സ്ഥലം മാറിയെത്തിയ പുളിക്കീഴ് സി.ഐ ഇ.ഡി ബിജു അന്വേഷണ ചുമതല ഏറ്റെടുത്തു.

റിമാന്‍ഡിലുള്ള ടാങ്കര്‍ ലോറി ഡ്രൈവര്‍മാരെ സ്പിരിറ്റ് മറിച്ചു വിറ്റ മധ്യപ്രദേശില്‍ എത്തിച്ച് തെളിവെടുക്കാന്‍ അന്വേഷണ സംഘത്തിന് യാത്രാനുമതി ലഭിച്ചിട്ടുണ്ട്. സസ്പെന്‍ഷനിലായ ജനറല്‍ മാനേജര്‍ അലക്സ് പി എബ്രഹാം, പേഴ്സണല്‍ മാനേജര്‍ ഹാഷിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവര്‍ ഒളിവിലാണ്. സ്പിരിറ്റ് വെട്ടിപ്പ് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയ കമ്പനിയിലെ എക്സൈസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button