പൊടിയാടി(തിരുവല്ല): സംസ്ഥാന സർക്കാരിന്റെ ജവാൻ റം ഉത്പാദനം പൂർണതോതിലെത്താൻ ഇനിയും വൈകും. ’ഫുൾ’ ബോട്ടിലിന് ആവശ്യമായ പ്ലാസ്റ്റിക് കുപ്പിയും അടപ്പും ഉൾപ്പടെയുള്ളവ ലഭിക്കുന്നതിന് കരാറിൽ ഏർപ്പെടാത്തതാണ് കാരണം. രണ്ടുകോടിയിലേറെ രൂപയുടെ കച്ചവടനഷ്ടം ഇതുവഴി ദിവസവും സർക്കാരിന് ഉണ്ടാകുന്നുണ്ട്.
പ്രതിദിനം 40,000 ലിറ്റർ ജവാനാണ് ഇപ്പോൾ പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ ഉത്പാദിപ്പിക്കുന്നത്. 90,000 ലിറ്ററാണ് ശേഷി. ഒരു ലിറ്ററിന്റെ മദ്യം മാത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉത്പാദിപ്പിച്ചത്. ഒരുലിറ്റർ മദ്യം നിറയ്ക്കുന്ന കുപ്പിക്കും അടപ്പിനും കരാറുകാർ വിലകൂട്ടി ചോദിച്ചതോടെ ജൂൺ 11 മുതൽ ജവാൻ ഉത്പാദനം നിർത്തുകയായിരുന്നു.
25-ന് ഉത്പാദനം പുനരാരംഭിച്ചതായി അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ, 750 എം.എൽ. കുപ്പികൾ ഉത്പാദിപ്പിച്ചുതുടങ്ങിയിട്ടില്ല. ഏപ്രിലിൽ ഫുൾ ബോട്ടിലിന്റെ കുപ്പിയും അടപ്പും വിതരണംചെയ്യുന്ന കമ്പനിയുടെ കരാർ കഴിഞ്ഞിരുന്നു. പുതിയ കരാർ യഥാസമയം വെക്കാനാകാതിരുന്നതോടെയാണ് ഫുൾ ബോട്ടിലിന്റെ ഉത്പാദനം തടസ്സപ്പെട്ടത്.
നിയമസഭാ തിരഞ്ഞെടുപ്പ് എത്തിയതാണ് കരാർ പുതുക്കുന്നതിൽ കാലതാമസം ഉണ്ടാക്കിയതെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. എന്നാൽ, സ്വകാര്യ മദ്യക്കമ്പനികളെ സഹായിക്കുന്നതിനാണ് സാങ്കേതികത്വം പറഞ്ഞ് ജവാൻ ഉത്പാദനം തടസ്സപ്പെടുത്തുന്നതെന്ന് ആരോപണം ഉയർന്നിരുന്നു.
650 രൂപയാണ് ജവാൻ ലിറ്ററിന് വില. പൂർണശേഷിയിൽ പ്രവർത്തിക്കുമ്പോൾ പ്രതിദിനം 5.5 കോടിയോളം രൂപയുടെ മദ്യമാണ് ഇവിടെ പുറത്തിറങ്ങുന്നത്. ജൂണിൽ 10 പ്രവൃത്തിദിവസം മദ്യശാല പൂർണമായി അടഞ്ഞുകിടന്നു. സർക്കാരിന് 55 കോടി രൂപയുടെ കച്ചവടനഷ്ടം ഇതുവഴി ഉണ്ടായി.
650 രൂപയുടെ കുപ്പിക്ക് ട്രാവൻകൂർ ഷുഗേഴ്‌സിന് 51.77 രൂപയാണ് സർക്കാർ നൽകുന്ന വിഹിതം. ജീവനക്കാരുടെ ശമ്പളത്തിനും ഉത്പാദനത്തിനുള്ള സ്പിരിറ്റ് അടക്കമുള്ളവയുടെ ചെലവുകൾക്കും ഇതിൽനിന്ന് കമ്പനി പണം കണ്ടെത്തണം. സർക്കാർ ഇ-ടെൻഡർ വിളിച്ച് പുതിയ കരാറുകാരെ കണ്ടെത്തിയെങ്കിലേ 750 എം.എൽ. ഉത്പാദനം പുനരാരംഭിക്കാൻ കഴിയൂ.


