അപ്രതീക്ഷിതമായി സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമർന്ന് ജപ്പാൻ. ഇതോടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം ജപ്പാന് നഷ്ടമായി. ജർമ്മനി ഇതോടെ മൂന്നാം സ്ഥാനം നേടി. ജപ്പാൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒക്‌ടോബർ-ഡിസംബർ മാസങ്ങളിൽ ജപ്പാന്റെ ആഭ്യന്തര ഉൽപ്പാദനത്തിൽ 0.4 ശതമാനം ഇടിവുണ്ടായതായി ജപ്പാൻ കാബിനറ്റ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ പാദത്തിൽ 3.3 ശതമാനം ഇടിവുണ്ടായി. നാലാം പാദത്തിൽ ആഭ്യന്തര ഉൽപ്പാദനത്തിലുണ്ടായ കുറവ് ജപ്പാനെ മാന്ദ്യത്തിന്റെ പിടിയിലാക്കി.
നാലാം പാദത്തിൽ, ജപ്പാന്റെ ജിഡിപി വാർഷികാടിസ്ഥാനത്തിൽ 0.4 ശതമാനം കുറഞ്ഞു. തുടർച്ചയായി രണ്ട് പാദങ്ങളിൽ മൊത്ത ആഭ്യന്തര ഉദ്പാദനത്തിൽ ഇടിവുണ്ടായാലാണ് സാങ്കേതികമായി ആ രാജ്യം മാന്ദ്യത്തിലാണെന്ന് പറയുന്നത്. ഇത് കൂടാതെ ജപ്പാന്റെ സ്വകാര്യ ഉപഭോഗത്തിലും നാലാം പാദത്തിൽ 0.2 ശതമാനം ഇടിവ് രേഖപ്പെടുത്തി.
സർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023-ലെ ജപ്പാന്റെ ജിഡിപി 4.2 ട്രില്യൺ ഡോളറാണ്. ജാപ്പനീസ് കറൻസിയായ യെന്നിലുണ്ടായ ഇടിവും പ്രതിസന്ധിയുടെ ആക്കം കൂട്ടി. 2022ൽ യെൻ ഡോളറിനെതിരെ ഏകദേശം 20 ശതമാനം ഇടിഞ്ഞപ്പോൾ കഴിഞ്ഞ വർഷം അത് 7 ശതമാനം ആയിരുന്നു.
2026-ൽ ജപ്പാനെയും 2027-ൽ ജർമ്മനിയെയും പിന്തള്ളി ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് രാജ്യങ്ങളുടെ പട്ടികയിൽ എത്തുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) കണക്കാക്കുന്നു. നിലവിൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്.ഫോർബ്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, നിലവിൽ 27.974 ട്രില്യൺ ഡോളറുമായി ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യം അമേരിക്കയാണ്. 18.566 ട്രില്യൺ ഡോളറുമായി ചൈന രണ്ടാം സ്ഥാനത്തും 4.730 ട്രില്യൺ ഡോളറുമായി ജർമനി മൂന്നാം സ്ഥാനത്തും 4.291 ട്രില്യൺ ഡോളറുമായി ജപ്പാൻ നാലാം സ്ഥാനത്തുമാണ്. 4.112 ട്രില്യൺ ഡോളറുമായി ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ.