തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ സിറാജ് ദിനപത്രത്തിലെ ക്യാമറാമാന്‍ ഉള്‍പ്പെടെയുള്ളവരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അഭിഭാഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. മാധ്യമ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തത് കോടതിയലക്ഷ്യവും ക്രിമിനലിസവുമാണെന്ന് മുഖപത്രം ചൂണ്ടിക്കാട്ടുന്നു. ക്രിമിനല്‍ സ്വഭാവമുള്ള അഭിഭാഷകരെ പേടിച്ച് സഹജീവികള്‍ കഴിയുന്ന അവസ്ഥയാണുള്ളത്.
മജിസ്ട്രേറ്റുമാരെ ഉള്‍പ്പെടെ ക്രിമിനല്‍ മാഫിയ അധിക്ഷേപിക്കുന്നുവെന്ന് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. കറുത്ത കുപ്പായക്കാരെ ഭയന്നാണ് സംസ്ഥാനത്തെ പോലീസ് കഴിയുന്നതെന്ന് പരിഹസിച്ചു. നിയമസഭയും മേല്‍ക്കോടതികളും അടിയന്തരമായി ഇടപെടണമെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു.
വഞ്ചിയൂരില്‍ ഗുരുതരമായ പ്രശ്നം നിലനില്‍ക്കുകയാണ്. ഇന്നലത്തേതും നിയമത്തോടുള്ള വെല്ലുവിളിയും കോടതിയലക്ഷ്യവും ക്രിമിനലിസവുമാണ്. സന്നദ് സ്വീകരിക്കുമ്പോള്‍ അഭിഭാഷകര്‍ ചെയ്യുന്ന പ്രതിജ്ഞയുടെ ലംഘനമാണ് ഇത്തരം സംഭവങ്ങള്‍. ജനങ്ങള്‍ക്ക് നീതിതേടാനുള്ള ആദ്യപടി അഭിഭാഷകരാണ്. മധ്യസ്ഥരായ ഇവരില്‍ ചിലര്‍ ഗുണ്ടകളും ക്രിമിനലുകളുമായി നിലകൊള്ളുന്നത് ആ സമൂഹത്തിനും കോടതികള്‍ക്കും അപമാനമാകുന്നു. സാമൂഹികപ്രതിബദ്ധത മറന്നുകൊണ്ടുള്ള പലരുടെയും പിന്തുണയാണ് ക്രിമിനല്‍മാഫിയയ്ക്ക് വളമാവുന്നത്. ഇത് അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതിവരെയുള്ള മേല്‍ക്കോടതികളും നിയമ നിര്‍മ്മാണസഭയും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമുണ്ടെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ വഞ്ചിയൂര്‍ കോടതി വളപ്പില്‍ സിറാജ് ഫോട്ടോഗ്രഫര്‍ ടി.ശിവജികുമാറിന് നേരെ അഭിഭാഷകര്‍ നടത്തിയ അക്രമണത്തിനെതിരെയാണ് സി.പി.ഐ. മുഖപത്രം വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കോടതിയില്‍ ഹാജരായിരുന്നു. ഇവരുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതിനാണ് ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തത്. മൊബൈല്‍ഫോണും അക്രെഡിറ്റേഷന്‍ കാര്‍ഡും പിടിച്ചുവാങ്ങിയിരുന്നു.