FeaturedKeralaNews

സി.കെ ജാനു ആവശ്യപ്പെട്ടത് 10 കോടി, കെ സുരേന്ദ്രന്‍ 10 ലക്ഷം നല്‍കി; വെളിപ്പെടുത്തല്‍

കണ്ണൂര്‍: എന്‍.ഡി.എയില്‍ ചേരാന്‍ സി.കെ. ജാനു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനോട് പണം ആവശ്യപ്പെട്ടെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീത അഴീക്കോട്ടിന്റെ വെളിപ്പെടുത്തല്‍. ജാനു പണം ആവശ്യപ്പെട്ടെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ പ്രസീത പുറത്തുവിട്ടു. കെ. സുരേന്ദ്രനുമായുള്ള പ്രസീതയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തായത്.

സി.കെ.ജാനുവിന് പത്ത് ലക്ഷം രൂപ കെ. സുരേന്ദ്രന്‍ നല്‍കിയെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തല്‍. 10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി.കെ. ജാനു ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു. കോട്ടയത്ത് നടന്ന ചര്‍ച്ചയില്‍ സി.കെ. ജാനുവിന്റെ ആവശ്യം കെ.സുരേന്ദ്രന്‍ അംഗീകരിച്ചിരുന്നില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു.

വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാര്‍ച്ച് ആറിന് തിരുവനന്തപുരത്ത് വച്ചാണ് കെ.സുരേന്ദ്രന്‍ ജാനുവിന് പണം നല്‍കിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്. പണം കിട്ടിയതോടെയാണ് അമിത് ഷാ പങ്കെടുത്ത പരിപാടിക്ക് ജാനു എത്തിയത്. സുരേന്ദ്രന്‍ ജാനുവിന് പണം കൊടുത്തത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനല്ലെന്നും വ്യക്തിപരമായാണ് നല്‍കിയതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

തലപോയാലും താമര ചിഹ്നത്തില്‍ മത്സരിക്കില്ലെന്ന് പറഞ്ഞ ജാനു പണത്തിന് വേണ്ടിയാണ് വാക്കു മാറ്റിയതെന്നും പ്രസീത ആരോപിക്കുന്നു. ബത്തേരിയില്‍ മാത്രം ഒന്നേമുക്കാല്‍ കോടി രൂപ തെരഞ്ഞെടുപ്പിനെന്ന് പറഞ്ഞ് ഒഴുക്കിയെന്നാണ് വിവരം. പാര്‍ട്ടി പ്രവര്‍ത്തനത്തിന് ആകെ കിട്ടിയത് ഒരു ലക്ഷം രൂപയാണെന്നും പ്രസീത പറഞ്ഞു.

സി.കെ ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച ഫണ്ട് കുഴല്‍പ്പണമാണെന്ന ആരോപണവും രംഗത്തുണ്ട്. സ്ഥാനാര്‍ത്ഥിയുടെ പ്രചാരണം തുടങ്ങി ഒരാഴ്ചക്കുളളില്‍ കാസര്‍കോട് ടൗണിനടുത്തുള്ള ഒരു കേന്ദ്രത്തില്‍ നിന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള തുക എത്തിച്ചതെന്നായിരുന്നു ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. ജില്ലാനേതാക്കളടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പണമെത്തിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാടകയ്‌ക്കെടുത്ത രണ്ടു കാറുകളിലായാണ് സംഘം യാത്രചെയ്തതെന്നും ആരോപണമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button