ജനം ടി.വി എം.ഡി ജി.കെ പിള്ള അന്തരിച്ചു

കോയമ്പത്തൂര്‍: ജനം ടിവി എംഡിയും സിഇഒയുമായ ജി.കെ. പിള്ള (71) അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആര്‍എസ്എസ് പാലക്കാട് നഗരസംഘ ചാലക്, സേവാഭാരതി പാലക്കാട് ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചു വരികയായിരുന്നു. 1973 ല്‍ ബിറ്റ്സ് പിലാനിയില്‍ നിന്ന് ബിരുദം നേടിയ ജി.കെ. പിള്ള, പൊതുമേഖലയിലും സ്വകാര്യമേഖലയിലും നേതൃത്വപരമായ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു.

മാനുഫാക്ചറിംഗ് മേഖലയില്‍ 47 വര്‍ഷത്തിലേറെ കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ് പൊതുമേഖലാ കമ്പനികളായ ഹെവി എഞ്ചിനീയറിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് റാഞ്ചി, എച്ച്എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡ് ബംഗലൂരു എന്നിവയുടെ ചെയര്‍മാനായും മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ 8 വര്‍ഷമായി വാല്‍ചന്ദ്‌നഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയും ആയിരുന്നു അദ്ദേഹം.

2020 മാര്‍ച്ചില്‍ വിരമിച്ച ശേഷം, വാല്‍ചന്ദ്‌നഗര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും ഉപദേശകനുമായിരുന്നു അദ്ദേഹം. ഇന്നൊവേഷന്‍ ആന്‍ഡ് ഇന്‍ഡസ്ട്രി അക്കാദമി സഹകരണത്തിന്റെ ശക്തമായ വക്താവായ അദ്ദേഹം, രാജ്യത്തിന്റെ ‘ആത്മനിര്‍ഭര്‍ ഭാരത്’ അഭിയാനില്‍ പ്രധാന പങ്ക് വഹിച്ച് വരികയായിരുന്നു. ദേശീയ അന്തര്‍ദേശീയ ഫോറങ്ങളില്‍ ധാരാളം അവാര്‍ഡുകള്‍ നേടിയിട്ടുള്ള ജി.കെ പിള്ള ദേശീയ തലത്തിലുള്ള ഹോക്കി കളിക്കാരനുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News