ശ്രീനഗർ:ലോകകപ്പ് ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്കെിരായ പാകിസ്താന്റെ വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് കശ്മീരിൽ മെഡിക്കൽ വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തി കേസ് രജിസ്ട്രർ ചെയ്തു. വീഡിയോ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചാണ് വിദ്യാർഥികൾക്കതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ശ്രീനഗർ മെഡിക്കൽ കോളേജിലെയും ഷേറേ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെയും ലേഡീസ് ഹോസ്റ്റലിൽ വിദ്യാർഥിനികൾ പാകിസ്താൻ വിജയം ആഘോഷിക്കുന്ന വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. വിദ്യാർഥികൾ പാകിസ്താൻ വിജയം ആഘോഷിക്കുന്നതും പാക് അനുകൂല മുദ്രാവാക്യം മുഴക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
വിദ്യാർഥികൾക്ക് നേരെ യു.എ.പി.എ പോലുള്ള നിയമങ്ങൾ ചുമത്തിയതിനെതിരെ കശ്മീരി നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്. മറ്റൊരു ടീമിനെ പിന്തുണച്ചതിലൂടെ വിദ്യാർഥികൾക്ക് തെറ്റുപറ്റിയതായി നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അവരെ തിരുത്താനാവശ്യമായ ഇടപെടലാണ് വേണ്ടതെന്ന് കശ്മീർ പീപ്പിൾസ് കോൺഫ്രൻസ് നേതാവ് സജാദ് ലോൺ പറഞ്ഞു. യു.എ.പി.എ പോലുള്ള നിയമങ്ങൾ തിരുത്താൻ സഹായിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ അന്വേഷണം നടത്തി യാഥാർഥ്യം കണ്ടെത്തുമെന്ന് കോളേജ് അധികാരികൾ വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് വിദ്യാർഥികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്.