കോഴിക്കോട്: സി.പി.എം പ്രവര്‍ത്തകരെ കൊലപെടുത്താന്‍ ആര്.എസ്.എസിന് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള സംഘടനകള്‍ അകമഴിഞ്ഞ പിന്തുണ നല്‍കുന്നുവെന്ന ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്കിന്റെ പ്രസ്താവനക്കെതിരെ ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്. അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.
ഐസക്കിന്റെ പരാമര്‍ശം വസ്തുതാ വിരുദ്ധമാണെന്നും സമൂഹത്തില്‍ ഇസ്ലാമോഫോബിയ പരത്തുന്ന ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്കാണെന്നും നോട്ടീസില്‍ പറയുന്നു. തൃശൂരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് എഴുതിയ ഫേസ്ബുക്ക് കുറിപ്പിലാണ് തോമസ് ഐസക്ക് വിവാദ പരാമര്‍ശം നടത്തിയത്.
ആര്.എസ്.എസിനെ നിശിതമായി വിമര്‍ശിക്കുകയും മുസ്ലിം സമുദായം അടക്കമുള്ള മര്‍ദ്ദിത സമൂഹങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന സംഘടനയായതിനാല്‍ ആര്.എസ്.എസും അവരുടെ ഭരണകൂടവും ജമാഅത്തെ ഇസ്ലാമിയെയും അതിന്റെ പ്രവര്‍ത്തകരെയും വേട്ടയാടുകയാണ്. ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ സംഘടനയുടെ രൂപീകരണംമുതല്‍ ഇന്നേവരെ ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലോ കൊലപാതകങ്ങളിലോ ഏര്‍പ്പെട്ടതായി ഒരു പരാതി പോലും ഉയര്‍ന്നിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു.
സംഘടനക്ക് അപകീര്‍ത്തിയുണ്ടാക്കിയ പരാമര്‍ശം പിന്‍വലിച്ചു മാപ്പ് പറയാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും അഡ്വ. അമീന് ഹസ്സന് മുഖേന അയച്ച നോട്ടീസില്‍ ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി.