KeralaNews

ജെയ്ക് സി തോമസ് 17ന് പത്രിക നൽകും; മുഖ്യമന്ത്രി പുതുപ്പള്ളിയിലെത്തും, രണ്ടുഘട്ടങ്ങളിലായി പ്രചാരണം

കോട്ടയം: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി.തോമസ് 17ന് പത്രിക നൽകും. എൽ‌ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ 16ന് നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. മണ്ഡലത്തിൽ രണ്ടുഘട്ടങ്ങളിലായി മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും.

ജെയ്ക് സി.തോമസിന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി ശനിയാഴ്ച കോട്ടയത്ത് ജില്ലാ കമ്മിറ്റിക്കു ശേഷമാകും പ്രഖ്യാപിക്കുക. സിപിഎം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൊടുത്ത ഒരേ ഒരു പേര് ജെയ്‍ക്കിന്റേതായിരുന്നു. ജെയ്‌ക് അടക്കം മൂന്നു സിപിഎം നേതാക്കളുടെ പേരാണ് പാർട്ടി ആദ്യം പരിഗണിച്ചിരുന്നത്. 

മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയായ ജെയ്ക് 2016,2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി. സെപ്‌റ്റംബർ 5നാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം സെപ്‌റ്റംബർ എട്ടിന്.

ഉമ്മൻചാണ്ടിയെന്ന വികാരം പരമാവധി മുതലെടുത്ത് ഉപതെരഞ്ഞെടുപ്പിന് ഇറങ്ങുന്ന കോൺഗ്രസിനെ നേരിടാൻ 2021 ലെ തെരഞ്ഞടുപ്പിൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ വിറപ്പിച്ച ജെയ്ക് സി തോമസ് തന്നെ വേണമെന്നായിരുന്നു പാർട്ടി തീരുമാനം.

ലോക്കൽ കമ്മിറ്റികളിൽ നിന്ന് നൽകിയ ഒറ്റപ്പേര് ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ വച്ചപ്പോൾ, ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം മാത്രം പറയണമെന്നുറപ്പിച്ച സംസ്ഥാന നേതൃത്വത്തിനും മറിച്ചൊരഭിപ്രായമുണ്ടായിരുന്നില്ല. 2016 ലും 2021 ലും ഉമ്മൻചാണ്ടിക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച ജെയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് എതിരാളിയാകും.

എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക്ക നിലവിൽ കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റിലും കേന്ദ്രകമ്മിറ്റിയിലും ഉണ്ട്.ജെയ്ക് സി തോമസിന് മതസാമുദായിക ഘടകങ്ങളും അനുകൂലമെന്നാണ് വിലയിരുത്തൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button