InternationalNews

ഈ മഹാനഗരം ഉടന്‍ കടലിന് അടിയിലാവും; മുങ്ങിമരിക്കാതിരിക്കാൻ ഒരു കോടി ജനങ്ങൾ, പുതിയ നഗരം പണിത് രക്ഷപ്പെടാൻ ശ്രമം തുടരുന്നു

ജക്കാർത്ത: ഒരു കോടിയിലധികം ആളുകൾ താമസിക്കുന്ന ഒരു നഗരം നിന്നനിൽപ്പിൽ കടലിനടിയിലേക്ക് മുങ്ങിത്താഴ്ന്നാൽ എന്താകും അവസ്ഥ, അല്ലെങ്കിൽ കടൽ വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക് കുതിച്ചെത്തിയാൽ എന്താകും? പറഞ്ഞുവരുന്നത് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയെക്കുറിച്ചാണ്.

ജപ്പാനിലെ ടോക്യോ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ആളുകൾ ജീവിക്കുന്ന രണ്ടാമത്തെ നഗരമേഖലയാണ് ജക്കാർത്ത. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ നഗരമായ ജക്കാർത്തയിൽ ഏതാണ്ട് ഒരു കോടി ജനങ്ങൾ ജീവിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ജാവാൻ തീരത്ത് സ്ഥിതി ചെയ്യുന്ന ജക്കാർത്ത നഗരത്തെ വൈകാതെ കടൽ വിഴുങ്ങുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ 25 വർഷം കൊണ്ട് മാത്രം ജക്കാർത്ത നഗരം 16 അടിയോളം താഴ്ന്നുവെന്ന ഞെട്ടിക്കുന്ന പാരിസ്ഥിതി പഠന റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു. തീരപ്രദേശത്തിനോട് ചേർന്ന് 11 മുതൽ 12 സെൻ്റിമീറ്റർ നിരക്കിലാണ് വർഷത്തിൽ സമുദ്രനിരപ്പ് ഉയരുന്നത്. ഭൂപ്രദേശത്തിൻ്റെ 40 ശതമാനം സമുദ്രനിരപ്പിന് താഴെയായിട്ടുള്ള ജക്കാർത്തയുടെ അവസ്ഥ 2050 ആകുമ്പോഴേക്കും കൂടുതൽ പരിതാപകരമാകും. 2050 ആകുമ്പോൾ ജക്കാർത്തയുടെ 95 ശതമാനവും മുങ്ങുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

വേൾഡ് ഇക്കണോമിക് ഫോറത്തിൻ്റെ അഭിപ്രായത്തിൽ ലോകത്ത് അതിവേഗം അപ്രത്യക്ഷമാകുന്ന നഗരങ്ങളിൽ ഒന്നാണ് ജക്കാർത്ത. നഗരത്തിൻ്റെ പകുതിയോളം ഭാഗം ഇപ്പോൾ വെള്ളത്തിനടിയിലാണെന്നും റിപ്പോർട്ടുകളുണ്ട്. വർഷത്തിൽ 300 ദിവസം മഴ ലഭിച്ച് കൊണ്ടിരുന്ന ഇന്തോനേഷ്യയിൽ 13 നദികളുണ്ട്. ജക്കാർത്തയിൽ പച്ചപ്പുള്ളികളൊന്നും അവശേഷിക്കുന്നില്ലെന്ന് ജക്കാർത്ത ആസ്ഥാനമായുള്ള കാലാവസ്ഥാ വിദഗ്ധൻ ഡിക്കി എഡ്വിൻ മുൻപ് പറഞ്ഞിരുന്നു. കോൺക്രീറ്റ് പ്രദേശങ്ങളേക്കാൾ കൂടുതൽ വനപ്രദേശങ്ങളും തണ്ണീർത്തടങ്ങളും ജക്കാർത്തയ്ക്ക് ആവശ്യമാണെന്ന് എഡ്വിൻ കൂട്ടിച്ചേർത്തിരുന്നു.

25 വർഷത്തിനുള്ളിൽ ജക്കാർത്ത നഗരത്തിന്റെ വലിയൊരു ഭാഗം കടലിൽ മുങ്ങുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. സമുദ്രനിരപ്പ് ഉയരുന്ന ക്രമാധീതമായി ഉയരുന്നതോടെ ജക്കാർത്ത നഗരത്തെ ഉപേക്ഷിക്കേണ്ടി വരുമെന്ന് ഇന്തോനേഷ്യൻ ഭരണകൂടം ഉറപ്പിച്ചു കഴിഞ്ഞു. ഒരു കോടിയിലധികം ജനസാന്ദ്രതയുള്ള ജാവ ദ്വീപിൻ്റെ പടിഞ്ഞാറൻ അറ്റത്ത് സ്ഥിതി ചെയ്യുന്ന ജക്കാർത്ത നഗരത്തിൻ്റെ നാലിലൊന്ന് ഭാഗം 2050ഓടെ വെള്ളത്തിനടിയിലാകുമെന്ന് ഏറെക്കുറെ ഉറപ്പായി. സിലിവുങ് നദി കടലുമായി ചേരുന്ന ജാവയുടെ വടക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന ജക്കാർത്ത ഇന്തോനേഷ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. നഗരപരിധിക്കുള്ളിൽ ഏകദേശം ഒരു കോടിയോളവും, മെട്രോപൊളിറ്റൻ ഏരിയയിൽ ഏകദേശം 30 ദശലക്ഷം ആളുകളും ജക്കാർത്ത നഗരത്തിലുണ്ടെന്നാണ് കണക്ക്.

അഗ്നിപർവത സ്ഫോടനം, ഭൂചലനം, പ്രളയം, കനത്ത മഴ എന്നിങ്ങനെ ഒന്നിന് പുറകെ ഒന്നായി ഇന്തോനേഷ്യൻ ജനതയുടെ ജീവന് ഭീഷണിയായി എല്ലാ വർഷവും എത്തുന്നുണ്ട്. നൂറുകണക്കിനാളുകൾ മരിക്കുകയും അത്രയും തന്നെ ആളുകളെ കാണാതാകുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ഒരു നഗരം തന്നെ അപ്രത്യക്ഷമാകുമെന്ന റിപ്പോർട്ടുകൾ അധികൃതർ പുറത്തുവിട്ടത്. ജക്കാർത്തയുടെ 40 ശതമാനത്തോളം പ്രദേശം സമുദ്രനിരപ്പിന് താഴെയാണ് സ്ഥിതി ചെയ്യുന്നത്. ഇരുപത് അല്ലെങ്കിൽ 30 വർഷങ്ങൾക്കൊണ്ട് ജക്കാർത്തയുടെ തകർച്ച പൂർണമാകും. ഇതിന് മുൻപ് ജക്കാർത്തയ്ക്ക് പകരമായി പുതിയ നഗരം പടുത്തുയർത്താനുള്ള ശ്രമത്തിലാണ് ഭരണകൂടം.

കിഴക്കൻ ബോർണിയോ മേഖലയിലാണ് നുസാന്തര എന്ന പുതിയ തലസ്ഥാന നഗരം പണിയുന്നത്. 80 പേരുകളില്‍ നിന്നാണ് നുസാന്തര എന്ന പേരു സർക്കാർ തെരഞ്ഞെടുത്തത്. നിരവധി കുന്നുകളുള്ള ഈ പ്രദേശത്ത് രണ്ടുലക്ഷത്തി അമ്പത്തിയാറായിരം ഹെക്ടർ ഭൂമിയിലാണ് പുതിയ നഗരം വിഭാവനം ചെയ്തിരിക്കുന്നത്. സുസ്ഥിരത ഉറപ്പുവരുത്തുന്നതും, പാരിസ്ഥിതികമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതുമായ ഒരു രൂപകൽപ്പനയായിരിക്കും ഈ നഗരത്തിന്. പ്രകൃതി ദുരന്തങ്ങൾ ഭീഷണിയാകാനിടയുള്ളതിനാൽ ഭീഷണിയകറ്റാൻ നുസാന്തര നഗരത്തെ ചുറ്റി ഒരു കാട് സൃഷ്ടിച്ചെടുക്കാനാണ് തീരുമാനം. ‘ഫോറസ്റ്റ് സിറ്റി’ എന്ന ഒരു സങ്കൽപ്പമാണ് ഇന്തോനേഷ്യ മുന്നോട്ട് വെക്കുന്നത്.

2022ൽ പുതിയ നഗരത്തിന്റെ ജോലികൾ ആരംഭിച്ചു. അപ്രോച്ച് റോഡുകൾ നിർമിക്കുകയും ആവശ്യമായ ഭാഗങ്ങളിലെ കുന്നുകൾ നിരത്തുന്ന് പ്രവർത്തിയും തുടരുകയാണ്. ആദ്യം പണിയുന്നത് സർക്കാർ ഓഫീസുകൾക്ക് ആവശ്യമായ കെട്ടിടങ്ങളാണ്. ഗവൺമെന്റ് സെൻട്രൽ ഏരിയ സോൺ എന്നാണ് ഈ പ്രവർത്തനങ്ങൾ അറിയപ്പെടുന്നത്. സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയടങ്ങുന്ന കെട്ടിടങ്ങൾ ഈ മേഖലയിൽ വരും. അഞ്ച് ഘട്ടങ്ങളിലായാണ് നഗരത്തിന്റെ പണി പൂർത്തീകരിക്കുക. 35 ബില്യൺ ഡോളറാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ലക്ഷക്കണക്കിന് തൊഴിലാളികളുടെ സഹായം പുതിയ നഗരത്തിന്റെ നിർമാണത്തിന് ആവശ്യമായി വരും. 2050 ഓടെ ജക്കാർത്ത ഏറെക്കുറെ കടലിനടിയിലാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ 2045ഓടെ പ്രോജക്ട് പൂർത്തിയായി ജനങ്ങൾ ഇവിടേക്ക് മാറും.

ഇതിനിടയിൽ തന്നെ പതിയെ ജക്കാർത്തയിൽ നിന്ന് സർക്കാർ സവിധാനങ്ങളെ മാറ്റിത്തുടങ്ങും. 6,000 സർക്കാർ ഉദ്യോഗസ്ഥർ 2024 ഒക്ടോബർ മാസത്തോടെ തന്നെ നുസാന്തരയിലേക്ക് മാറും. പുതിയ നഗരത്തിലേക്ക് ആദ്യം മാറ്റുന്ന മന്ത്രാലയം പൊതുമരാമത്ത് ആയിരിക്കും. നഗരത്തിന്റെ പൊതുമരാമത്ത് ജോലികളുടെ മേൽനോട്ടം വഹിക്കുന്നതിനും ഇതുപകാരപ്പെടും. ഇതിനു പിന്നാൽ പ്രസിഡണ്ടിന്റെ ഓഫീസും നുസാന്തരയിലേക്ക് മാറ്റും. സർക്കാർ സംവിധാനങ്ങളെ ഇവിടേക്ക് എത്തിച്ച് പുതിയ നഗരത്തിൻ്റെ പ്രവർത്തനം അതിവേഗത്തിലാക്കാണ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button