ജയ്‌ഷെ ഭീകരൻ ഷാഹിദ് ലത്തീഫ് പാകിസ്താനിൽ കൊല്ലപ്പെട്ടു; പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ

ലാഹോര്‍: ജയ്ഷെ ഭീകരനും പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനുമായ ഷാഹിദ് ലത്തീഫ്(41) പാകിസ്താനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ സിയാല്‍കോട്ടിലെ ഒരു പള്ളിയില്‍വെച്ചാണ് അജ്ഞാതര്‍ ഷാഹിദ് ലത്തീഫിനെ വെടിവെച്ച് കൊന്നതെന്നാണ് പോലീസ് പറയുന്നത്.

കൃത്യം നടത്തിയതിന് പിന്നാലെ അക്രമികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടെന്നും ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ പ്രധാനിയായ ഷാഹിദ് ലത്തീഫ് 2010 മുതല്‍ ഇന്ത്യയിലെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരുടെ പട്ടികയില്‍ ഇടംപിടിച്ചയാളാണ്. 2016-ല്‍ പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു ഷാഹിദ് ലത്തീഫ്.

ഈ ആക്രമണത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഷാഹിദ് ലത്തീഫിന്റെ ആസൂത്രണത്തില്‍ നാല് ഭീകരരാണ് പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയതെന്നായിരുന്നു കണ്ടെത്തല്‍. 1999-ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഹൈജാക്ക് ചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News