കോട്ടയം: അപകടത്തില്‍പ്പെട്ട് റോഡില്‍ ചോരവാര്‍ന്നുകിടന്നവര്‍ക്ക് രക്ഷകരായി മന്ത്രി വി.എന്‍.വാസവനും പുതുപ്പള്ളിയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജെയ്ക്ക് സി.തോമസും. കോട്ടയം തിരുവാങ്കുളം മാമലയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരെയാണ് മന്ത്രിയും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും വാഹനങ്ങളില്‍ ആശുപത്രിയില്‍ എത്തിച്ചത്. മന്ത്രി വി.എന്‍. വാസവന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ സംഭവത്തിന്റെ ചിത്രങ്ങളും കുറിപ്പും പങ്കുവെയ്ക്കുകയും ചെയ്തു.
പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച് മതിയായ ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയശേഷമാണ് തങ്ങള്‍ യാത്രതുടര്‍ന്നതെന്നാണ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. സംഭവത്തില്‍ നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചാല്‍ ഒരു നിയമനടപടിയും ആര്‍ക്കും നേരിടേണ്ടിവരില്ല. മറിച്ച് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നിട്ടും എന്തിനാണ് ഭീതിയെന്ന് മനസിലാകുന്നില്ല. നമ്മള്‍ക്ക് മനുഷ്യത്വം നഷ്ടമാകരുത്. റോഡുകളില്‍ ജീവന്‍ പൊലിയുന്നത് പലപ്പോഴും ചികിത്സ സമയത്ത് കിട്ടാതെ വരുമ്പോഴാണ്. ആ ദുരവസ്ഥയിലേക്ക് ആരെയും തള്ളിവിടരുത്’, മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മന്ത്രിയുടെ കുറിപ്പ്:-
”പുത്തന്‍കുരിശില്‍ നിന്ന് കോട്ടയത്തേക്ക് മടങ്ങും വഴി തിരുവാങ്കുളം മാമല ഭാഗത്ത് എത്തിയപ്പോഴാണ് ദാരുണമായ ആ ദൃശ്യം ശ്രദ്ധയില്‍പ്പെട്ടത്,അപകടത്തില്‍പ്പെട്ട രണ്ടുപേര്‍ റോഡില്‍ രക്തം വാര്‍ന്നു കിടക്കുന്നു. വണ്ടി നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കി, ഞാനും ഒപ്പം ഉണ്ടായിരുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജയ്ക്ക് സി തോമസും അവിടെ ഇറങ്ങി, അടുത്തേക്ക് ചെല്ലുമ്പോള്‍ രണ്ടുപേരും അബോധാവസ്ഥയില്‍ ആയിരുന്നു.
അവിടെ നിന്നിരുന്ന ആളുകള്‍ ഭയന്ന് മാറി നില്‍ക്കുകയായിരുന്നു, ആദ്യത്തെ ആളെ ഞങ്ങള്‍ വാഹനത്തില്‍ കയറ്റിയപ്പോഴാണ് , അവിടെ ഉണ്ടായിരുന്ന ആളുകള്‍ രണ്ടാമത്തെ ആളെ എടുത്ത് വാഹനത്തില്‍ കയറ്റാന്‍ ഞങ്ങള്‍ക്കൊപ്പം എത്തിയത്. ഇവരെ ഇടിച്ചിട്ട കാര്‍ അവിടെ തന്നെ ഉണ്ടായിരുന്നു അവര്‍ ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായില്ല, അവരെകൂടി വാഹനത്തില്‍ കയറ്റിയാണ് ആശുപത്രിയില്‍ എത്തിച്ചത്.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രണ്ടുപേര്‍ക്കും ബോധം നഷ്ടപ്പെട്ടിരുന്നെങ്കിലും ജീവന്‍ ഉണ്ടായിരുന്നു. അവര്‍ക്ക് വേണ്ട ചികിത്സ ലഭിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കിയതിനുശേഷമാണ് അവിടെ നിന്ന് യാത്ര തുടര്‍ന്നത്. തൃശൂര്‍ സ്വദേശികളാണ്് അപകടത്തില്‍പ്പെട്ട രണ്ടുപേരുമെന്ന് അറിയുന്നു. അപകടം സംഭവിച്ചത് എങ്ങനെ എന്നതിന്റെ വിവരങ്ങളടക്കം ശേഖരിച്ച് നടപടികള്‍ എടുക്കാന്‍ പൊലീസിനും നിര്‍ദ്ദേശം നല്‍കി.
അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചാല്‍ ഒരു നിയമനടപടിയും ആര്‍ക്കും നേരിടേണ്ടിവരില്ല , മറിച്ച് അപകടങ്ങളില്‍പ്പെടുന്നവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നവരെ ചേര്‍ത്ത് നിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നിട്ടും എന്തിനാണ് ഭീതി എന്ന് മനസിലാവുന്നില്ല. നമ്മള്‍ക്ക് മനുഷ്യത്വം നഷ്ടമാവരുത്, റോഡുകളില്‍ ജീവനുകള്‍ പൊലിയുന്നത് പലപ്പോഴും ചികിത്സ സമയത്ത് കിട്ടാതെ വരുമ്പോഴാണ് , ആ ദുരവസ്ഥയിലേക്ക് ആരെയും തള്ളിവിടരുത്.”