കൊച്ചി: സസ്‌പെന്‍ഷനിലായ ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ്സെക്രട്ടറിക്ക് കൈമാറി. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീല്‍ പോകേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
ജേക്കബ് തോമസിനെ സര്‍വ്വീസില്‍ തിരച്ചെടുക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. കാരണം പറയാതെ സര്‍വ്വീസില്‍ നിന്ന് മാറ്റിനിര്‍ത്തിയത് ചോദ്യം ചെയ്ത് ജേക്കബ് തോമസ് നല്‍കിയ ഹര്‍ജിയിലായിരുന്നു നടപടി. അടിയന്തരമായി സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്നും യോഗ്യതക്ക് തുല്യമായ പദവി നല്‍കണമെന്നുമാണ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്.
ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ ഇത്രകാലം എങ്ങനെയാണ് സര്‍വ്വീസില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് എന്ന ചോദ്യമാണ് ജേക്കബ് തോമസിന്റെ അഭിഭാഷകന്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുടെ സര്‍വ്വീസുമായി ബന്ധപ്പെട്ട് പ്രത്യേക ചട്ടങ്ങളുണ്ടെന്നിരിക്കെ തുടര്‍ച്ചയായ സസ്പെന്‍ഷന്‍ നിയമവിരുദ്ധമായ നടപടിയാണെന്നായിരുന്നു ട്രൈബ്യൂണലിന്റെ കണ്ടെത്തല്‍.