31.1 C
Kottayam
Wednesday, May 15, 2024

‘ഞാനിവിടെ താടി കറുപ്പിക്കാൻ തുടങ്ങി, ഇങ്ങനെയാണേൽ മൂപ്പരുടെ വാപ്പ ആയി അഭിനയിക്കേണ്ടി വരും’: ദുൽഖർ സൽമാൻ

Must read

കൊച്ചി:മലയാള സിനിമയുടെ അഭിമാന താരമായി മാറുകയാണ് ദുൽഖർ സൽമാൻ. മലയളത്തിലും തെന്നിന്ത്യൻ സിനിലോകത്തും ഒരുപോല ആരാധകരുളള താരമായി മാറിയിരിക്കുകയാണ് ദുൽഖർ ഇന്ന്. മലയാള സിനിമയിലെ മക്കൾ മഹാത്മ്യത്തിലെ കണ്ണിയായിട്ടാണ് ദുൽഖർ സിനിമയിലേക്ക് എത്തിയതെങ്കിലും താരം അധികം വൈകാതെ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു. ഇപ്പോൾ തമിഴിലും ഹിന്ദിയിലും തെലുങ്കിലും എന്തിന് ഏറെ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ദുൽഖർ.

അടുത്തിടെ പുറത്തിറങ്ങിയ തെലുങ്കിൽ നിന്നുള്ള ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം സീത രാമം ഗംഭീര വിജയമായിരുന്നു. ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിനിടെ ദുൽഖറിന്റെ അടുത്ത ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ് എന്ന ഹിന്ദി ചിത്രമാണ് പ്രദർശനത്തിന് എത്തുന്നത്. പ്രിവ്യു ഷോയ്ക്ക് ശേഷം ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ പ്രൊമോഷനുകളിൽ സജീവമാണ് ദുൽഖർ. നിരവധി അഭിമുഖങ്ങളാണ് പ്രമോഷന്റെ ഭാഗമായി താരം നൽകുന്നത്. ബി ടൗൺ മാധ്യമങ്ങൾക്കാണ് അഭിമുഖങ്ങൾ നൽകുന്നതെങ്കിലും എല്ലാ അഭിമുഖങ്ങളിലും മമ്മൂട്ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കാണാം. മമ്മൂട്ടിക്ക് ഒപ്പം ഒരുമിച്ച് എന്നാണ് ഒരു സിനിമ ഉണ്ടാവുക എന്നാണ് ദുൽഖറിനോട് ആവർത്തിക്കുന്ന ചോദ്യം. ബിഗ് ബിയുടെ അടുത്ത ഭാഗമായ ബിലാലിൽ ദുൽഖറുണ്ടാകുമെന്ന പ്രതീക്ഷയിൽ ആരാധകർ ഇരിക്കുമ്പോഴാണ് ഈ ചോദ്യങ്ങളും ആവർത്തിക്കുന്നത്.

കഴിഞ്ഞ ദിവസം ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ ഇതേ ചോദ്യം ആവർത്തിച്ചപ്പോൾ രസകരമായ രീതിയിലാണ് ദുൽഖർ പ്രതികരിച്ചത്. ഇങ്ങനെ പോയാൽ താൻ വാപ്പയുടെ വാപ്പയായി അഭിനയിക്കേണ്ടി വരുമെന്നാണ് ദുൽഖർ പറഞ്ഞത്. മമ്മൂട്ടിയോടൊപ്പമുള്ള ഒരു ചിത്രമെന്നത് അങ്ങനെ നടക്കാത്ത സ്വപ്നമൊന്നുമല്ലെന്നും ദുൽഖർ പറഞ്ഞു. എന്നാൽ അക്കാര്യത്തിലെ അവസാന തീരുമാനം മമ്മൂട്ടിയുടേത് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘വാപ്പയും ഞാനും ഒരുമിച്ചൊരു സിനിമ അത്ര വിദൂരമായ സ്വപ്നമൊന്നുമല്ല. അത് നടക്കും. ഞാനിവിടെ താടി കറുപ്പിക്കാൻ മസ്കാരയൊക്കെ ഇടാൻ തുടങ്ങി. താടിയിൽ ഇടക്കിടക്ക് പിടിക്കുന്നതുകൊണ്ട് മസ്കാര പറ്റി എന്റെ വിരലിങ്ങനെ കറുത്തൊക്കെ ഇരിക്കും. ഞാൻ അങ്ങനെ ഒരു വയസനായി കൊണ്ടിരിക്കുകയാണ്. പക്ഷെ എന്റെ വാപ്പയുടെ കാര്യം അങ്ങനെയല്ല. ആൾ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. ഈ പോക്ക് പോകുകയാണെങ്കിൽ കുറച്ച് നാൾ കഴിഞ്ഞാൽ ഞാൻ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വന്നെന്ന് ഇരിക്കും, അതും വേറെ മേക്കപ്പ് ഒന്നും കൂടാതെ തന്നെ,’

‘വാപ്പയുടെ ഒരു ഫാൻ എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ നല്ല ആഗ്രഹമുണ്ട്. പക്ഷെ, അത് നടക്കണമെങ്കിൽ അദ്ദേഹം കൂടി വിചാരിക്കണം. ഫൈനൽ തീരുമാനം വാപ്പയുടേത് തന്നെയായിരിക്കും. പിന്നെ, ഞങ്ങൾ പല കാര്യങ്ങളിലും വ്യത്യസ്‌തരായി നിന്നതുകൊണ്ടാണ് ഞാൻ ഇന്ന് എന്താണോ അതായി തീർന്നത്. വാപ്പയും ആ അകലം കാത്തുസൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹം അത്തരത്തിൽ കുറെ രീതികൾ സൂക്ഷിക്കുന്നയാളാണ്,’ ദുൽഖർ സൽമാൻ പറഞ്ഞു.

ആർ ബൽകി സംവിധാനം ചെയ്യുന്ന ആദ്യ ത്രില്ലർ ചിത്രമാണ് ഛുപ്: റിവഞ്ച് ഓഫ് ദി ആര്‍ട്ടിസ്റ്റ്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആര്‍ ബല്‍കി. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുൽഖറിനൊപ്പം സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week