‘ സണ്ണി ലിയോണിന്റെ ജന്മദിനമാണ്, എനിക്ക് പരീക്ഷയെഴുതാനാവില്ല’: വൈറലായി ബിരുദ വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസിലെ കുറിപ്പ്
ബെംഗളൂരു: ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ജന്മദിനത്തില്‍ പരീക്ഷയെഴുതാനാകില്ലെന്ന് വിദ്യാര്‍ത്ഥി. കര്‍ണാടകയിലെ ഒരു ബിരുദ വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസിലാണ് ഇത്തരത്തില്‍ എഴുതിയത്. മെയ് 13-നായിരുന്നു ബെംഗളൂരു സര്‍വകലാശാലയുടെ കീഴില്‍ ഒന്നാംവര്‍ഷ ബിരുദ കോഴ്‌സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരീക്ഷ നടന്നത്. അന്നേ ദിവസം തന്നെയായിരുന്നു സണ്ണി ലിയോണിന്റെ ജന്മദിനവും. പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയത് കഴിഞ്ഞ ദിവസമാണ്.
‘ഇന്ന് സണ്ണി ലിയോണിന്റെ ജന്മദിനമാണ്. സണ്ണി ലിയോണ്‍ എന്റെ കാമുകിയാണ്. അതിനാല്‍ ഞാന്‍ ഇന്ന് പരീക്ഷയെഴുതുന്നില്ല’ എന്നാണ് ഉത്തരക്കടലാസില്‍ വിദ്യാര്‍ത്ഥി എഴുതിയത്. സണ്ണി ലിയോണിന് ആശംസ നേരണമെന്നും പേപ്പറില്‍ കുറിച്ചിട്ടുണ്ട്. ഉത്തരക്കടലാസിന്റെ മറു ഭാഗത്ത് ഒന്നുമെഴുതിയിട്ടില്ല. ‘സണ്ണി ലിയോണിന്റെ ജന്മദിനമായതിനാല്‍, ഞാന്‍ പരീക്ഷയ്ക്ക് ശരിയായി തയ്യാറായില്ല’ എന്നും മൂല്യനിര്‍ണ്ണയം ചെയ്യുന്ന അധ്യാപകനോട് പറഞ്ഞിട്ടുണ്ട്.
സണ്ണി ലിയോൺ നായികയായി എത്തുന്ന പുതിയ ചിത്രം ഷീറോ അണിയറയിൽ ഒരുങ്ങുകയാണ്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്നത്. കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധനേടിയിരുന്നു. ‘അതിജീവനമാണ് എന്റെ പ്രതികാരം’ എന്ന അടിക്കുറിപ്പോടെയാണ് സണ്ണി ലിയോൺ പോസ്റ്റർ പങ്കുവെച്ചിരുന്നത്.
അഡൽറ്റ് സിനിമകളിൽ നിന്നും ബോളിവുഡിലെത്തി വിജയം കൈവരിച്ച നടിയാണ് സണ്ണി ലിയോൺ. നടി, സംരഭക, ഫാഷൻ ഐക്കൺ എന്നീ നിലകളിൽ വളർന്ന സണ്ണി ലിയോണിന്റെ നേട്ടങ്ങൾ ഏവരെയും അമ്പരപ്പിക്കുന്നതാണ്. പോൺ ചിത്രങ്ങളിൽ അഭിനയിച്ച സണ്ണി ലിയോൺ ആ ലേബലിൽ നിന്നും അതിവേഗം പുറത്തു കടക്കുകയും മത്സരങ്ങളേറെയുള്ള ബോളിവുഡ് ഇൻഡ്സ്ട്രിയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തു. ബിഗ് ബോസിന്റെ അഞ്ചാം സീസണിൽ മത്സരാർത്ഥിയായി വന്നതോടെയാണ് സണ്ണി ലിയോൺ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.
ജിസം 2 ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ജാക്ക്പോട്ട്, രാഗിണി എംഎംഎസ് 2, എക് പഹേലി ലീല, തേര ഇൻതസാർ എന്നിവയാണ് ബോളിവുഡിൽ നടി അഭിനയിച്ച സിനിമകൾ. കേരളത്തിൽ ഏറെ ആരാധകരുള്ള സണ്ണി ലിയോൺ മലയാളത്തിൽ മധുരരാജ എന്ന സിനിമയിൽ ഡാൻസ് നമ്പറിലും അഭിനയിച്ചിട്ടുണ്ട്.
മുൻ പോൺ താരമായതിനാൽ തന്നെ സിനിമാ ഇൻഡസ്ട്രിയിൽ സണ്ണിയുടെ വിജയം അത്ര എളുപ്പമായിരുന്നില്ല. തുടക്ക കാലത്ത് ചില പ്രതിസന്ധികൾ നടി അഭിമുഖീകരിച്ചിരുന്നു. ബോളിവുഡിലെ മുൻനിര നടൻമാർ തന്നോടൊപ്പം അഭിനയിക്കാൻ മടികാണിച്ചെന്ന് നടി ഒരുവേള തുറന്നു പറഞ്ഞിരുന്നു. ഭാര്യമാരെ ഭയന്നാണ് ഇവർ തന്റെ കൂടെ അഭിനയിക്കാത്തതെന്നും ഇത് തനിക്ക് നല്ല സിനിമകൾ ലഭിക്കുന്നതിന് തടസ്സമായെന്നും നടി തുറന്നു പറഞ്ഞു.
ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു സണ്ണി ലിയോൺ ഇക്കാര്യം സൂചിപ്പിച്ചത്. ‘ ഒപ്പം ജോലി ചെയ്യുന്ന മിക്ക നടൻമാരും വിവാഹിതരാണ്. അവരുടെ ഭാര്യമാരെ കണ്ടുമുട്ടുമ്പോൾ നടൻമാരേക്കാൾ കൂടുതൽ ഞാനവരുമായി അടുക്കുന്നു. എങ്കിൽ പോലും ഒരു അരക്ഷിതാവസ്ഥ ഉണ്ടെന്ന് ഞാൻ കരുതുന്നു. എനിക്ക് നിങ്ങളുടെ ഭർത്താവിനെയോ കാമുകനെയോ ആവശ്യമില്ല. ലോകത്തിലെ ഏറ്റവും നല്ല ഭർത്താവാണ് എനിക്കുള്ളതെന്ന് അവരോട് എനിക്ക് പറയാൻ തോന്നും,’ സണ്ണി ലിയോൺ പറഞ്ഞതിങ്ങനെ.
പിന്നീട് മറ്റൊരു അഭിമുഖത്തിലും നടി ഇതേപറ്റി സംസാരിച്ചു. ‘ഭാര്യമാർ കാരണവും മറ്റും നിരവധി നടൻമാർ തന്റെയൊപ്പം ജോലി ചെയ്യാൻ ഭയക്കുന്നുണ്ടെന്ന് പലരും എന്നോട് പറഞ്ഞു. എനിക്കിവരുടെ ഭാര്യമാരോട് പറയാനുള്ളത് എനിക്ക് നിങ്ങളുടെ ഭർത്താക്കൻമാരെ ആവശ്യമില്ലെന്നാണ്’
‘എനിക്ക് ഒരു ഭർത്താവുണ്ട്. ഞാനദ്ദേഹത്തെ സ്നേഹിക്കുന്നു. അവൻ ഹോട്ട് ആണ്. അവൻ വൈകാരികമായും മറ്റെല്ലാ തലത്തിലും എന്നെ തൃപ്തയാക്കുന്നു. എനിക്ക് നിങ്ങളുടെ ഭർത്താവിനെ വേണ്ട. എനിക്ക് എന്റെ ജോലി ചെയ്യണം. എന്റെ ഭർത്താവിനൊപ്പം തിരികെ വീട്ടിലേക്ക് പോവണം. നിങ്ങളുടെ ഭർത്താവിനൊപ്പമല്ല,’ സണ്ണി ലിയോൺ പറഞ്ഞു.