കൊച്ചി:കോവിഡ്- 19 പ്രതിരോധ നടപടികളുടെ ഭാഗമായി ആലുവ ജില്ലാ ആശുപത്രിയിൽ കഴിയുന്ന ഇറ്റലിയിൽ നിന്നുമെത്തിയവരെ സ്വന്തം വീടുകളിൽ നിരീക്ഷണത്തിൽ തുടരാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം. മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന നിർദ്ദേശത്തോടെയാണ് വീടുകളിൽ തുടരാൻ അനുവദിച്ചത്.
എല്ലാവരിൽ നിന്നും സത്യവാങ്ങ്മൂലം എഴുതി ഒപ്പിട്ട് വാങ്ങുന്നുണ്ട്. വകുപ്പിൻ്റെ പ്രത്യേക ആംബുലൻസിൽ ഇവരെ വീടുകളിൽ എത്തിക്കും. സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ മേൽനോട്ടത്തിലായിരിക്കും ഇവർ കഴിയുക. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കും. 28 ദിവസത്തെ നിരീക്ഷണമാണുള്ളത്. അടുത്തുള്ള പോലീസ് സ്‌റ്റേഷനിലേക്കും ഇവരുടെ വിവരം കൈമാറും.
നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ പോലീസ് നിയമനടപടികൾ സ്വീകരിക്കും. ചൊവ്വാഴ്ച രാത്രിയിലാണ് 52 പേരടങ്ങുന്ന സംഘം ഇറ്റലിയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. 35 പേരെ ആലുവ ആശുപത്രിയിലും ബാക്കിയുള്ളവരെ കളമശ്ശേരി മെഡിക്കൽ കോളജിലുമാണ് പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജിലുള്ളവരുടെ നിരീക്ഷണം തുടരുകയാണ്. എറണാാകുളം കൂടാതെ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ.