കൊട്ടിയൂര്‍: കേരളത്തിന് അഭിമാനമായി മലയാളി കന്യാസ്ത്രീയുടെ പേര് റോമിലെ ഒരു റോഡിനു നല്‍കി. കൊവിഡ് രോഗം ബാധിച്ചിട്ടും ആരോഗ്യം വീണ്ടെടുത്തു മറ്റു രോഗികള്‍ക്കായി നിസ്വാര്‍ത്ഥ സേവനം കാഴ്ചവെച്ച സിസ്റ്റര്‍ തെരേസ വെട്ടത്തിനാണ് ഇറ്റലിയില്‍ ആദരം നല്‍കിയത്.
കണ്ണൂര്‍ കൊട്ടിയൂര്‍ നെല്ലിയോടി സ്വദേശിനി സിസ്റ്റര്‍ തെരേസ വെട്ടം. 30 വര്‍ഷമായി ഇറ്റലിയില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്. മാദ്രേ ജോസഫൈന്‍ വന്നിനി ആശുപത്രിയിലാണ് സിസ്റ്റര്‍ തന്റെ സേവനം നടത്തുന്നത്. കൊട്ടിയൂരിലെ പരേതനായ വെട്ടത്ത് മത്തായിയുടെയും മേരിയുടെയും മൂന്നാമത്തെ മകളാണു സിസ്റ്റര്‍ തെരേസ.
ഇറ്റലിയിലെ സാക്രോഭാനോ മുനിസിപ്പാലിറ്റിയിലെ ഒരു റോഡാണ് സിസ്റ്റര്‍ തെരേസ വെട്ടത്തിന്റെ പേരില്‍ ഇനി അറിയപ്പെടുക. കൊവിഡ് കാലത്ത് ഏറ്റവുമധികം മരണം സംഭവിച്ച രാജ്യങ്ങളില്‍ ഒന്നാണ് ഇറ്റലി.