കൊച്ചി:മഞ്ജുവിനെ കുറിച്ച് മലയാളികളോട് സംസാരിക്കാൻ മുഖവുര ആവശ്യമില്ല. സോഷ്യൽ മീഡിയ പറയും പോലെ ലേഡി സൂപ്പർ സ്റ്റാർ. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചെത്തിയ പെൺകരുത്ത്. രണ്ടാം വരവിൽ നിശ്ചയദാർഢ്യം അതായിരുന്നു മഞ്ജുവിന്റെ ഒപ്പം കൂട്ടായി ഉണ്ടായിരുന്നത്.
സോഷ്യൽ മീഡിയ വെറുതെ വാഴ്ത്തിപ്പാടുന്നതല്ലെന്ന് അവരുടെ ജീവിതം തെളിയിച്ചതുമാണ്. മഞ്ജുവിന്റെ ഏറ്റവും പുതിയ റിലീസ് ആയിഷ എന്ന സിനിമയാണ്. നവാഗതനായ ആമിര്‍ പള്ളിക്കലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ കണ്ണില് കണ്ണില് എന്ന ഗാനം മഞ്ജു വാര്യരിന്റെ നൃത്തരംഗങ്ങള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രഭുദേവയായിരുന്നു കൊറിയോഗ്രാഫര്‍. ശേഷം വന്ന ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.
സിനിമ നിറഞ്ഞ സദസിൽ ഓടുമ്പോൾ കണ്ടിരിക്കേണ്ട ചിത്രമെന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നത്. പ്രേത ഭവനമെന്ന് വിശേഷിപ്പിക്കുന്ന അല്‍ ഖസ് അല്‍ ഗാഖിദ് എന്ന നാലുനില കൊട്ടാരമായിരുന്നു ആയിഷയുടെ പ്രധാന ലോക്കേഷന്‍.
നീണ്ട ഇടവേളയ്ക്ക് ശേഷം റാസല്‍ ഖൈമയില്‍ ചിത്രീകരിച്ച മലയാള സിനിമയാണിത്. മലയാളത്തിലും അറബിയിലും നിര്‍മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി മഞ്ജു വാര്യര്‍ അറബി ഭാഷ പഠിച്ചിരുന്നു. ചിത്രത്തിന്റെ രചന ആഷിഫ് കക്കോടിയാണ് നിര്‍വഹിച്ചിരിക്കുന്നത്.
ആയിഷയ്ക്ക് മുമ്പ് മഞ്ജു വാര്യർ-അജിത്ത് സിനിമ തുനിവും തിയേറ്ററുകളിലെത്തിയിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെ അജിത്തിനൊപ്പം ഹിമാലയം റൈഡ് ബൈക്കിൽ മഞ്ജു നടത്തിയതും വൈറലായിരുന്നു.
അജിത്തിനൊപ്പം ബൈക്ക് റൈഡ് നടത്തിയപ്പോഴാണ് ഇത്തരം റൈഡുകളുടെ ഹരം മനസിലായതെന്നും മഞ്ജു പറഞ്ഞിരുന്നു. ശേഷം അടുത്തിടെ ഡ്രൈവിങ് ലൈസൻസും മഞ്ജു വാര്യർ എടുത്തിരുന്നു. ആ അനുഭവം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ താരം പങ്കുവെച്ചിരുന്നു. ആ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
‘ബൈക്ക് റൈഡിങ്ങ് എന്റെ മനസിലൊരു ആഗ്രഹമായി കിടപ്പുണ്ടായിരുന്നു. അജിത്ത് സാറിനൊപ്പം പോയപ്പോഴാണ് ആ മോഹം വീണ്ടും ഉണർന്നത്. അതിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പായിരുന്നു ആ റൈഡ്.’
‘ബൈക്ക് യാത്രയെ സീരിയസായി എടുക്കാനുള്ളൊരു പ്രചോദനം കിട്ടിയത് അങ്ങനെയാണ്. അതിന് എന്തായാലും ലൈസൻസ് വേണമല്ലോ. ഞാൻ ബൈക്ക് ലൈസൻസ് എടുക്കുന്നത് ഇപ്പോഴാണ്. കാറോടിച്ച് എല്ലായിടത്തും പോവാറുണ്ട്. ഡ്രൈവിങ് ടെസ്റ്റിന്റെ സമയത്ത് നല്ല ടെൻഷനുണ്ടായിരുന്നു.’
‘പേടിച്ച് പേടിച്ചാണ് എട്ടൊക്കെ എടുത്തത്. രണ്ട് ദിവസമായി ഉറക്കമൊന്നുമില്ലായിരുന്നു. എന്നെ അറിയുന്നതിന്റെ പേരിൽ തെറ്റിയാലും കുഴപ്പമില്ല കൊടുത്തേക്കാം എന്ന പരിഗണനയിൽ ലൈസൻസ് കിട്ടരുതെന്നുണ്ടായിരുന്നു. അധ്വാനിച്ച് പ്രോപ്പറായി ക്വാളിഫൈ ചെയ്ത് മതി ലൈസൻസ്. അത് അതുപോലെ തന്നെ നടന്നു.’
‘തെറ്റുകളൊന്നുമില്ലാതെ ടെസ്റ്റ് പാസായി. ബൈക്ക് ഇഷ്ടമായിരുന്നെങ്കിലും ഞാനായിട്ട് അതിനൊരു എഫേർട്ട് ഇട്ടിട്ടില്ലായിരുന്നു. ബൈക്ക് യാത്ര ഞാൻ എത്രമാത്രം ആസ്വദിക്കുന്നുണ്ടെന്ന് മനസിലാക്കിയത് ഇപ്പോഴാണ്. ഇനിയും ആസ്വദിക്കാൻ സാധ്യതയുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞപ്പോഴാണ് ഞാൻ ലൈസൻസ് എടുക്കാനും ബൈക്ക് വാങ്ങാനും തീരുമാനിച്ചത്.’
‘ഇതൊക്കെ ആഗ്രഹങ്ങളാണ്. ഓടിച്ച് നോക്കിയിട്ട് തീരുമാനിക്കും ഇനി വേണമോയെന്ന്. ഷാരൂഖ് ഖാനൊപ്പമുള്ള സിനിമ എന്ന വാർത്ത ഞാനും വായിച്ചിരുന്നു. അതൊക്കെ ആരോ സങ്കൽപ്പത്തിൽ എഴുതി വിട്ടതാണ്. അങ്ങനെയൊരു ആലോചനയൊന്നുമില്ല.’
‘എനിക്ക് ആ സിനിമ തിയേറ്ററിൽ പോയി കാണാൻ തോന്നുമോ ഇല്ലയോ എന്നതാണ് എന്റെ ചിന്ത. സിനിമ സ്വീകരിക്കുമ്പോൾ ഞാൻ പ്രയോഗിക്കുന്ന സിംപിൾ ലോജിക്ക് ഇതാണ്. ഒരു ഒഴുക്കിന് അനുസരിച്ചങ്ങ് പോവും.’
‘പ്രത്യേകിച്ചൊരു പ്ലാനുമില്ലാതെ അപ്പോഴത്തെ ഒഴുക്കിന് അനുസരിച്ച് പോവുന്നയാളാണ് ഞാൻ’ മഞ്ജു വാര്യർ പറഞ്ഞു. അജിത്തിനൊപ്പം ആദ്യമായാണ് മഞ്ജു വാര്യർ അഭിനയിച്ചത്. തുനിവിൽ കൺമണി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യർ അവതരിപ്പിച്ചത്.