NationalNews

കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകൾ, പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ തകർത്തതായി വിവരം

മാനന്തവാടി: തലപ്പുഴക്കടുത്ത് കമ്പമലയിൽ വീണ്ടും മാവോയിസ്റ്റുകളെത്തി. ഇവിടുത്തെ വനവികസനസമിതിയുടെ ഓഫീസ് കഴിഞ്ഞ 28ന് അഞ്ചംഗ സായുധ മാവോയിസ്റ്റ് സംഘമെത്തി അടിച്ചുതകർത്തിരുന്നു. ഇതിന് സമീപമുള്ള എസ്റ്റേറ്റ് പാടിയിലാണ് ബുധനാഴ്ച ആറുമണിയോടെ അഞ്ചംഗ സംഘമെത്തിയത്.

വനവികസന സമിതിയുടെ എസ്റ്റേറ്റിൽ പണിയെടുക്കുന്ന തൊഴിലാളികൾ താമസിക്കുന്നയിടമാണ് പാടി. പാടിക്ക് സമീപം പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ സംഘം അടിച്ചുകർത്തതായും ഇത് ചോദ്യംചെയ്ത നാട്ടുകാരിൽ ചിലരോട് വാക്കേറ്റത്തിലേർപ്പെട്ടതായും വിവരമുണ്ട്. പ്രദേശത്ത് തണ്ടർബോൾട്ടും പോലീസുമെത്തി തെരച്ചിൽ നടത്തുന്നുണ്ട്. 28ന് വന്ന അതേ സംഘമാണ് നേതാവ് സിപി മൊയ്തീന്റെ നേതൃത്വത്തിൽ ബുധനാഴ്ചയും എത്തിയതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. എന്നാൽ സംഘത്തിൽ രണ്ട് മധ്യവയസ്‌കരും മൂന്ന് യുവാക്കളുമാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.

പാടിക്ക് സമീപം ഇരുപത് മിനിറ്റോളം ചിലവഴിച്ച സംഘം മൂന്ന് പേജ് വരുന്ന ലഘുലേഖ സംഭവസ്ഥലത്ത് ഉപേക്ഷിച്ചാണ് സമീപത്തുള്ള തോട്ടം വഴി കാട്ടിലേക്ക് രക്ഷപ്പെട്ടതെന്ന് പറയുന്നു. തൊഴിലാളികളുടെ ദുരിതത്തിന് കാരണം എസ്‌റ്റേറ്റ് മാനേജ്‌മെന്റ് ആണെന്നും ഇവരെ ജനകീയ വിചാരണ നടത്തി ശിക്ഷിക്കുമെന്നും ലഘുലേഖയിലൂടെ മുന്നറിയിപ്പ് നൽകിയതായി നാട്ടുകാർ നൽകുന്ന വിവരം.

പാടികളല്ല, വീടുകളാണ് തൊഴിലാളികൾക്ക് മാനേജ്‌മെന്റ് പണിത് നൽകേണ്ടതെന്നും ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ പാടികളിൽ ജീവിച്ച് ക്യാൻസർ വന്നാൽ അധികാരികളെ വെറുതെവിടില്ലെന്നും ലഘുലേഖകളിൽ പറയുന്നു. അതേസമയം അഞ്ചംഗ സായുധ മാവോയിസ്റ്റുകൾ പാടികൾക്ക് സമീപം എത്തിയെന്ന വിവരം എസ്‌റ്റേറ്റ് അധികൃതർ കൈമാറിയെങ്കിലും പോലീസ് സംഘമെത്താൻ താമസിച്ചുവെന്ന ആരോപണവുമുണ്ട്. പ്രദേശത്ത് തണ്ടർബോൾട്ടും പോലീസും വ്യാപകമായ തെരച്ചിൽ നടത്തുന്നതിനിടെ ഇത് രണ്ടാം തവണയാണ് മാവോയിസ്റ്റുകൾ സാന്നിധ്യമറിയിക്കുന്നത്.

കമ്പമലയിൽനിന്ന് രണ്ടര കിലോമീറ്റർ മാത്രം ദൂരമുള്ള തലപ്പുഴ പൊയിലിലെ രണ്ട് വീടുകളിലാണ് സായുധരായ മാവോയിസ്റ്റുകളെത്തിയത്. വെളിയത്ത് ജോണി, തൊഴാലപുത്തൻപുരയിൽ സാബു എന്നിവരുടെ വീടുകളിലെത്തിയ മാവോയിസ്റ്റുകൾ ഇവിടെ മൂന്നുമണിക്കൂർ ചെലവഴിച്ച് മൊബൈൽഫോൺ, ലാപ്ടോപ് എന്നിവ ചാർജ് ചെയ്ത് ഭക്ഷണവും കഴിച്ചതിന് ശേഷമാണ് മടങ്ങിയത്. ബുധനാഴ്ച കമ്പമലയിൽ നാട്ടുകാരോട് തൊഴിലാളികൾക്ക് വേണ്ടിയാണ് തങ്ങൾ നിലകൊള്ളുന്നതെന്നാണ് സംഘം പറഞ്ഞത്. ഇതേ കാര്യം കഴിഞ്ഞ ദിവസം പൊയിലിൽ ജോണിയോടും സാബുവിനോടും പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button