ശസ്ത്രക്രിയ വിജയകരം,രഞ്ജി സെമി നഷ്ടമാവും; ഐ.പി.എല്ലിൽ രാജസ്ഥാനെ നയിക്കാനെത്തുമോ?

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കിടെ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്ററും മലയാളി താരവുമായ സഞ്ജു സാംസണ്‍ ഐ.പി.എല്ലില്‍ കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി ഇ.എസ്.പി.എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഐ.പി.എല്‍ ആരംഭിക്കുന്നതിന് മുന്നോടിയായി താരം പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയാല്‍ താരം ഐ.പി.എല്ലില്‍ രാജസ്ഥാന്റെ നായകനായെത്തും. ഒരു മാസമെങ്കിലും വിരലിനേറ്റ പരിക്കില്‍ നിന്ന് മോചിതനാകാന്‍ വേണ്ടി വരും. പരിക്കിനെ തുടർന്ന് താരത്തിന് ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ മത്സരം നഷ്ടമായിരുന്നു. എന്നാൽ സഞ്ജുവിന്റെ അഭാവത്തിലും കേരളം സെമിയിലേക്ക് മുന്നേറി. മത്സരം സമനിലയിൽ കലാശിച്ചതിനാൽ ഒന്നാം ഇന്നിങ്സ് ലീഡാണ് കേരളത്തിന് സെമി ടിക്കറ്റ് സമ്മാനിച്ചത്. ഒരു റൺ ലീഡാണ് കേരളത്തിന് ഒന്നാമിന്നിങ്സിൽ നേടാനായത്.

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി-20യിലാണ് സഞ്ജുവിന് പരിക്കേറ്റത്. പിന്നാലെ വിക്കറ്റ് കീപ്പറായി സഞ്ജുവിന് പകരം ധ്രുവ് ജുറലാണ് ഗ്രൗണ്ടിലെത്തിയത്. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ഓവറിലെ മൂന്നാം പന്തിലാണ് സഞ്ജുവിന് പരിക്കേറ്റത്. ടീം ഫിസിയോയുടെ സഹായം തേടിയ സഞ്ജു വിരലില്‍ ബാന്‍ഡേജ് ചുറ്റിയശേഷമാണ് പിന്നീട് കളിച്ചത്. അടുത്ത ഓവറില്‍ സഞ്ജു പുറത്താകുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News