കാലിഫോര്‍ണിയ:പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിനിടയിലും പങ്കാളിയുടെ അനുവാദമില്ലാതെ പുരുഷന്‍ കോണ്ടം ഊരിമാറ്റുന്നത് നിയമവിരുദ്ധമായി അംഗീകരിച്ച് കാലിഫോര്‍ണിയ. നിയമസഭാംഗമായ ക്രിസ്റ്റീന ഗാര്‍ഷ്യ അവതരിപ്പിച്ച ബില്ലില്‍ ഗവര്‍ണര്‍ ഗവിന്‍ ന്യൂസം ഒപ്പ് വച്ചു.
ഇക്കാര്യം ട്വിറ്ററിലൂടെ ഗവര്‍ണര്‍ ഗവിന്‍ ന്യൂസം പങ്കുവയ്ക്കുകയും ചെയ്തു. ‘കണ്‍സന്റ്’ അഥവാ പങ്കാളിയുടെ അനുമതി എന്നത് എത്രമാത്രം പ്രധാനമാണെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതിനാണ് ഈ ബില്ല് പാസാക്കിയതെന്ന് ഗവര്‍ണര്‍ ട്വീറ്റിലൂടെ വ്യക്തമാക്കി. അമേരിക്കയിൽ തന്നെ ആദ്യമായാണ് ഒരു സ്റ്റേറ്റില്‍ ഇത്തരമൊരു ബില്ല് പാസാക്കപ്പെടുന്നത്.
California became the first state to make stealthing, the act of removing a condom without consent during intercourse, illegal after Gov. Gavin Newsom signed a bill into law.
"We are underlining the importance of consent," the governor's office said.https://t.co/pJt9thhpf1
— The New York Times (@nytimes) October 8, 2021
സെക്സിനിടെ ഈ രീതിയില്‍ പെരുമാറുന്നത് ധാര്‍മ്മികമല്ല. ധാര്‍മ്മികതയുടെ മാത്രം വിഷയമായി തുടരേണ്ട ഒന്നായിരുന്നില്ല ഇത്. ഇപ്പോഴിത് നിയമവിരുദ്ധം കൂടിയായിരിക്കുന്നു.’ ബില്ല് പാസാക്കപ്പെട്ട ശേഷം ക്രിസ്റ്റീന ഗാര്‍ഷ്യ പ്രതികരിച്ചു.
ലൈംഗികബന്ധത്തിനിടെ പുരുഷന്റെ ഏകപക്ഷീയമായ തീരുമാനത്തില്‍ കോണ്ടം മാറ്റുന്നത് സ്ത്രീയുടെ ആരോഗ്യസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും താല്‍പര്യമില്ലാത്ത ഗര്‍ഭധാരണം, ലൈംഗികരോഗങ്ങളുടെ പകര്‍ച്ച തുടങ്ങി ഗൗരവമുള്ള പല പ്രശ്‌നങ്ങളും ഇതുമൂലം സംഭവിക്കാമെന്നും ക്രിസ്റ്റീന ഗാര്‍ഷ്യ പറഞ്ഞു.
ഇത്തരത്തിൽ നിരവധി പരാതികൾ ഉയര്‍ന്നുവരാറുണ്ടെങ്കിലും നിയമത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളുന്നതല്ല എന്നതിനാല്‍ തന്നെ ഇങ്ങനെയുള്ള കേസുകളില്‍ പരാതിക്കാരായ സ്ത്രീകള്‍ നിസഹായരായി പോകുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചിട്ടുള്ളതെന്നും ക്രിസ്റ്റീന വ്യക്തമാക്കി.
ബില്ലിന് അംഗീകാരം നല്‍കണമെന്ന ആവശ്യവുമായി 2017 മുതല്‍ തന്നെ ക്രിസ്റ്റീന രംഗത്തുണ്ട്. സ്ത്രീപക്ഷവാദികളും, മനുഷ്യാവകാശപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ ബില്ലിനെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു.