പട്ന:ഉപരാഷ്ട്രപതി സ്ഥാനത്തേക്കു തന്നെ പരിഗണിക്കാത്തതാണ് സഖ്യം വിടാൻ കാരണമെന്ന ബിജെപിയുടെ അവകാശവാദം ‘തമാശ’യെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിതീഷിന്റെ അനുയായികൾ അദ്ദേഹത്തെ ഉപരാഷ്ട്രപതി പദവിയിലേക്കു പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നുവെന്ന് ബിജെപി എംപിയും മുൻ ഉപമുഖ്യമന്ത്രിയുമായ സുശീൽ കുമാർ മോദി വെളിപ്പെടുത്തിയിരുന്നു.
അതേസമയം, രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളിൽ എൻഡിഎ സ്ഥാനാർഥികളെയാണ് തങ്ങൾ പിന്തുണച്ചതെന്നും തനിക്കു ഉപരാഷ്ട്രപതിയാകാൻ ആഗ്രഹമുണ്ടെന്ന ബിജെപിയുടെ വാദം തമാശയായി തോന്നുന്നുവെന്നും നിതീഷ് കുമാർ വ്യക്തമാക്കി. മോദിയുടെ വാദത്തെ ജെഡിയു ദേശീയ അധ്യക്ഷൻ രാജീവ് രഞ്ജൻ ലലൻ സിങ്ങും തള്ളിക്കളഞ്ഞിരുന്നു.
നിതീഷ് കുമാർ ഡൽഹിക്കു പോകുകയാണെങ്കിൽ തനിക്ക് മുഖ്യമന്ത്രിയാകാം എന്നു ചൂണ്ടിക്കാട്ടി ചില ജെഡിയു നേതാക്കൾ തന്നെ വന്നു കണ്ടിരുന്നുവെന്ന് ബുധനാഴ്ചയാണ് സുശീൽ കുമാർ മോദി പറഞ്ഞത്.
അതേസമയം, മഹാസഖ്യം ആണ് യഥാർഥത്തിലുള്ള സർക്കാർ – ജനങ്ങളുടെ സർക്കാരെന്ന പ്രസ്താവനയുമായി ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് രംഗത്തെത്തി. ജനങ്ങൾക്ക് ഇതാണ് വേണ്ടതെന്നും തേജസ്വി യാദവ് വ്യക്തമാക്കി. പ്രതിപക്ഷത്തോടുള്ള ബിജെപിയുടെ പക അറിയാവുന്ന ആളായിട്ടും ധൈര്യമായി തീരുമാനം എടുത്ത നിതീഷ് കുമാറിനെ തേജസ്വി പുകഴ്ത്തുകയും ചെയ്തു. യുവാക്കൾക്കു തൊഴിൽ നൽകുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും തേജസ്വി കൂട്ടിച്ചേർത്തു.