കൈറോ: ഇസ്രായേൽ സൈന്യവും പലസ്‌തീൻ തീവ്രവാദികളായ ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഈജിപ്‌തിൽ രണ്ട് ഇസ്രായേൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതായി വിവരം. ഒരു ഈജിപ്‌ത് സ്വദേശിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു ഈജിപ്‌ഷ്യൻ പൊലീസുകാരൻ ഇവർക്കുനേരെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് വിവരം.
ഈജിപ്തിലെ അലക്‌സാഡ്രിയ നഗരം സന്ദർശിക്കാനെത്തിയ ഇസ്രായേലി വിനോദസഞ്ചാരികൾക്കുനേരെ പൊലീസുകാരൻ പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു. പൊലീസുകാരനെ ഉടൻ തന്നെ അറസ്റ്റ് ചെയ്തുവെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, ഇസ്രായേൽ- ഹമാസ് യുദ്ധം ശക്തമായിതന്നെ തുടരുകയാണ്. 350 ഇസ്രായേൽ പൗരൻമാർ കൊല്ലപ്പെട്ടതായാണ് വിവരം. ഇന്നലെ രാവിലെ ‘ഓപ്പറേഷൻ അൽ അഖ്‌സ ഫ്ളഡ്’ എന്ന പേരിൽ ഹമാസ് ആക്രമണം ആരംഭിച്ചതിന് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യം യുദ്ധമുഖത്താണെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇസ്രായേലിന്റെ പ്രത്യാക്രമണത്തിൽ 313 പലസ്തീൻകാരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇപ്പോഴും എട്ട് ഇടങ്ങളിൽ ഓപ്പറേഷൻ തുടരുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിക്കുന്നു. ‘ഓപ്പറേഷൻ അയൺ സ്വാർഡ്’ എന്ന പേരിലാണ് ഇസ്രായേൽ പ്രത്യാക്രമണം നടത്തുന്നത്.
നിരവധി ഇന്ത്യക്കാർ സംഘർഷ പ്രദേശങ്ങളിൽ കുടുങ്ങി കിടക്കുന്നതായി വിവരമുണ്ട്. ബത്‌ലഹേമിൽ രാജ്യസഭാ എം പിയും നാഷണൽ പീപ്പിൾസ് പാർട്ടിയുടെ മുതിർന്ന നേതാവുമായ ഡോ. വാൻവീറോയ് ഖർലൂഖിയും ഭാര്യയും മകളും കുടുങ്ങി കിടക്കുകയാണെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്‌മ അറിയിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന ഇരുപത്തിനാല് ഇന്ത്യക്കാരും കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഇവർ ജെറുസലേമിലേക്ക് തീർത്ഥാടനത്തിനായി പോയതാണെന്നും പെട്ടെന്നുണ്ടായ ആക്രമണത്തിൽ ബെത്‌ലഹേമിൽ കുടുങ്ങി പോയതാണെന്നുമാണ് ലഭിക്കുന്ന വിവരം.
എം പി ഉൾപ്പടെ കുടുങ്ങി കിടക്കുന്ന എല്ലാ ഇന്ത്യൻ പൗരൻമാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കോൺറാഡ് സാംഗ്‌മ വ്യക്തമാക്കി.എം പിയെയും കുടുംബത്തെയും മറ്റ് ഇന്ത്യക്കാരെയും ഇന്ന് ഈജ്പ്തിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.