റാഫ: തെക്കൻ ഗാസയിലെ സുരക്ഷിത മേഖലയിൽ അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേൽ വ്യോമാക്രമണം. ഖാൻ യൂനിസിന് പടിഞ്ഞാറ് അൽ-മവാസി അഭയാർത്ഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തിൽ 71 പേർ കൊല്ലപ്പെടുകയും 289 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ സൈന്യം “സുരക്ഷിത മേഖലയായി നിശ്ചയിച്ചിരിക്കുന്ന മേഖലയിലാണ് ആക്രമണം നടന്നത്. പലസ്തീൻകാരുടെ താത്കാലിക കൂരകളും വാട്ടർ ഡിസ്റ്റിലേഷൻ യൂണിറ്റും ലക്ഷ്യംവെച്ചാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതെന്നും ഗാസ സിവിൽ ഡിഫൻസ് വക്താവ് പ്രതികരിച്ചു.
അഞ്ച് ബോംബുകളും അഞ്ച് മിസൈലുകളും ഇസ്രായേൽ സൈന്യം പ്രദേശത്ത് വർഷിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ നാസർ, കുവൈത്ത് ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ഒരു മുതിർന്ന ഹമാസ് ഉദ്യോഗസ്ഥനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഇസ്രായേൽ സൈന്യം ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നത് ഇതാദ്യമല്ലെന്നും പിന്നീട് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഹമാസ് പ്രസ്താവനയിൽ വ്യക്തമാക്കി.