ലണ്ടന്‍: ഇറാനിലെ ഭരണകൂടത്തെ തെരുവുയുദ്ധത്തിലൂടെ അട്ടിമറിക്കാനുള്ള ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമുയര്‍ത്തിയ നീക്കത്തെ കടുത്ത ഭാഷയില്‍ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനില്‍ ജനകീയ വിപ്ലവം അഴിച്ചുവിടാനുള്ള ഇസ്രായേലിന്റെ ഗൂഢപദ്ധതിക്ക് അമേരിക്കന്‍ പിന്തുണയില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, സാധാരണക്കാര്‍ അനാവശ്യമായി കൊല്ലപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മുന്നറിയിപ്പ് നല്‍കി. ഇതോടെ ദീര്‍ഘകാല സുഹൃത്തുക്കളായ ഇരുനേതാക്കളും തമ്മിലുള്ള ബന്ധത്തില്‍ അസാധാരണമായ വിള്ളല്‍ വീണിരിക്കുകയാണ്. ഇറാനില്‍ ഒരു ആഭ്യന്തര വിപ്ലവം ഉണ്ടാക്കി ഭരണകൂടത്തെ താഴെയിറക്കാന്‍ ഇസ്രായേല്‍ ശ്രമിക്കുമ്പോള്‍, അത് വലിയൊരു കൂട്ടക്കൊലയില്‍ കലാശിക്കുമെന്ന് ട്രംപ് ഭയപ്പെടുന്നു. സമാധാന കരാര്‍ പരാജയപ്പെട്ടാല്‍ മാത്രം നേരിട്ടുള്ള സൈനിക അധിനിവേശം എന്ന നിലപാടിലാണ് ട്രംപ്.
ചൊവ്വാഴ്ച ഇറാന്‍ സുരക്ഷാ തലവന്‍ അലി ലാറിജാനി ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നെതന്യാഹുവും ട്രംപും തമ്മില്‍ ഫോണില്‍ സംസാരിച്ചത്. ഇറാന്‍ ഭരണകൂടം ഇപ്പോള്‍ തകര്‍ന്നിരിക്കുകയാണെന്നും ജനങ്ങളെ തെരുവിലിറക്കി വിപ്ലവം നടത്താന്‍ പറ്റിയ സമയമാണിതെന്നുമായിരുന്നു നെതന്യാഹുവിന്റെ വാദം. എന്നാല്‍, ‘ജനങ്ങളെ വെറുതെ വെടിയുണ്ടകള്‍ക്ക് മുന്നിലേക്ക് തള്ളിവിടാന്‍ തങ്ങള്‍ക്കെന്താണ് ഭ്രാന്തുണ്ടോ?’ എന്നായിരുന്നു ട്രംപിന്റെ മറുചോദ്യം. മുന്‍പ് നടന്ന പ്രതിഷേധങ്ങളില്‍ ആയിരക്കണക്കിന് ഇറാനികള്‍ കൊല്ലപ്പെട്ട സംഭവം ഓര്‍ത്തായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.
ട്രംപിന്റെ എതിര്‍പ്പ് മറികടന്ന് ഇറാന്‍ ജനതയോട് തെരുവിലിറങ്ങാന്‍ നെതന്യാഹു ടെലിവിഷനിലൂടെ ആഹ്വാനം ചെയ്തത് വൈറ്റ് ഹൗസിനെ ചൊടിപ്പിച്ചിട്ടുണ്ട്. ട്രംപ് ഒരു സമാധാന കരാറിനായി ശ്രമിക്കുമ്പോള്‍, ഇറാന്റെ ആയുധ നിര്‍മ്മാണ കേന്ദ്രങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ തകര്‍ക്കാന്‍ നെതന്യാഹു സൈന്യത്തിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. ടെല്‍ അവീവിലെ ഭൂഗര്‍ഭ ബങ്കറില്‍ നടന്ന യോഗത്തില്‍ അമേരിക്കയുടെ സമാധാന നീക്കങ്ങള്‍ ഇസ്രായേലിന് തിരിച്ചടിയാകുമെന്ന ആശങ്കയും ഉയര്‍ന്നു.
ഇറാന്റെ മിസൈല്‍ ശേഖരം നശിപ്പിക്കുക, ആണവായുധ ശേഷി ഇല്ലാതാക്കുക, നിലവിലെ ഭരണകൂടത്തെ താഴെയിറക്കുക എന്നീ മൂന്ന് ലക്ഷ്യങ്ങള്‍ നേടിയാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കാവൂ എന്നാണ് ഇസ്രായേലിന്റെ നിലപാട്. എന്നാല്‍ ഭരണമാറ്റം എന്ന ലക്ഷ്യം അമേരിക്കയുടെ ഔദ്യോഗിക പട്ടികയിലില്ല. ഇതിനിടെ ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഒരു പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിന് ട്രംപും തയ്യാറെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 2,000 പാരാട്രൂപ്പര്‍മാരോട് കൂടി പശ്ചിമേഷ്യയിലേക്ക് നീങ്ങാന്‍ പെന്റഗണ്‍ ഉത്തരവിട്ടു.
അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന കരാര്‍ ഇറാന്‍ തള്ളിക്കളഞ്ഞു. ഗള്‍ഫിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ മാറ്റണമെന്നും യുദ്ധനഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഇറാന്റെ ആവശ്യം. കൂടാതെ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം വേണമെന്ന ഇറാന്റെ വാശി സൗദി അറേബ്യയെയും പ്രകോപിപ്പിച്ചിട്ടുണ്ട്. ട്രംപ് ഒരു വശത്ത് ചര്‍ച്ചയ്ക്ക് കൈ നീട്ടുമ്പോള്‍ മറുവശത്ത് ശക്തമായ സൈനിക നീക്കത്തിനും കോപ്പുകൂട്ടുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇസ്രായേലിന്റെ ഏകപക്ഷീയമായ ആക്രമണങ്ങള്‍ ഉണ്ടായാല്‍ അത് അമേരിക്കയുമായുള്ള ബന്ധത്തെ കൂടുതല്‍ വഷളാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
അമേരിക്കന്‍ സമാധാന കരാറിനെതിരെ ഇറാന്‍ മുന്നോട്ടുവെച്ച നിബന്ധനകള്‍ വെറും തള്ളിക്കളയല്‍ മാത്രമല്ല, മറിച്ച് മേഖലയിലെ ശക്തിപ്രകടനത്തിനുള്ള നീക്കം കൂടിയാണ്. ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം വേണമെന്ന ഇറാന്റെ ആവശ്യം ആഗോള എണ്ണ വിപണിയെ നേരിട്ട് ബാധിക്കുന്ന ഒന്നാണ്. ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് നടക്കുന്നത് ഈ പാതയിലൂടെയാണ്. ഈ ആവശ്യത്തെ സൗദി അറേബ്യയും യുഎഇയും കടുത്ത ഭാഷയില്‍ എതിര്‍ത്തു കഴിഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ , ഇറാന്റെ ഊര്‍ജ്ജ കേന്ദ്രങ്ങള്‍ ആക്രമിച്ചു കീഴടക്കാന്‍ ട്രംപിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
ട്രംപിന്റെ സമാധാന കരാറില്‍ ഇസ്രായേലിന് വിശ്വാസമില്ലാത്തതാണ് നിലവിലെ പ്രധാന പ്രശ്‌നം. ഇറാന്റെ മിസൈല്‍ നിര്‍മ്മാണ ശാലകള്‍ പൂര്‍ണ്ണമായും തകര്‍ക്കാന്‍ നെതന്യാഹു സൈന്യത്തിന് 48 മണിക്കൂര്‍ സമയം നല്‍കിയിരിക്കുകയാണ്. ടെല്‍ അവീവിലെ അതീവ സുരക്ഷാ ബങ്കറില്‍ നടന്ന യോഗത്തില്‍, അമേരിക്കയുടെ കരാര്‍ ഇറാനെ സൈനികമായി തളര്‍ത്താന്‍ പര്യാപ്തമല്ലെന്ന് ഇസ്രായേല്‍ ജനറല്‍മാര്‍ വാദിച്ചു. ട്രംപ് ഏത് നിമിഷവും ഇറാനുമായി ഒരു ധാരണയില്‍ എത്തിയേക്കാം എന്ന ഭയം ഇസ്രായേലിനുണ്ട്. അമേരിക്ക ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനോട് ആവശ്യപ്പെടുന്നു. ഈജിപ്ത്, തുര്‍ക്കി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ വഴിയാണ് ഈ ആശയവിനിമയം നടക്കുന്നത്.
ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെ നേരിടാന്‍ 82-ാം എയര്‍ബോണ്‍ ഡിവിഷനിലെ 2,000 പാരാട്രൂപ്പര്‍മാരെ കൂടി പശ്ചിമേഷ്യയിലേക്ക് അയക്കാന്‍ ട്രംപ് ഉത്തരവിട്ടു. ‘ഒരു കൈ ചര്‍ച്ചയ്ക്കാണെങ്കില്‍ മറുകൈ ഇടിക്കാനുള്ള മുഷ്ടിയാണ്’ എന്നാണ് ട്രംപിന്റെ സഹായികള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
Israeli PM Benjamin Netanyahu claims the Iranian regime is weak and urges a revolution, while US President Donald Trump issues a stern warning against such “coup” attempts, questioning the logic of pushing people into gunfire. This disagreement marks a significant rift in the US-Israel relationship regarding Iran. As Israel appears determined to proceed despite US warnings, concerns grow over a potential full-scale conflict that could devastate the region


