ന്യൂഡൽഹി:ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ മുപ്പതിലധികം പ്രധാനപ്പെട്ട തിരഞ്ഞെടുപ്പുകളിൽ ഇസ്രയേൽ ഗ്രൂപ്പ് ഇടപെട്ടതായി രാജ്യാന്തര മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ പുറത്തുവിട്ട റിപ്പോർട്ടിനു പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. അധികാരത്തിൽ തുടരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ ഗ്രൂപ്പിന്റെ സഹായം തേടിയെന്നും പ്രധാനമന്ത്രി ജനാധിപത്യത്തോട് കളിക്കുകയാണെന്നും കോൺഗ്രസ് പറഞ്ഞു.
വിദേശനേതാക്കളെയും ഏജൻസികളെയും കൂട്ടുപിടിച്ച് രാജ്യത്തിനെതിരായാണ് പ്രധാനമന്ത്രി ഗൂഢാലോചന നടത്തിയത്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ ഇത് നേരിട്ടു ബാധിക്കുന്നുണ്ടെന്നും അന്വേഷണം വേണമെന്നും കോൺഗ്രസ് വക്താക്കളായ പവൻ ഖേര, സുപ്രിയ ശ്രീനേത് എന്നിവർ ആവശ്യപ്പെട്ടു.
ഇതാദ്യമായല്ല, മോദി സർക്കാരിനെതിരെ ഡേറ്റ ചോർച്ച ആരോപണം ഉയരുന്നത്. ഡേറ്റ മോഷണവും തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കലുമാണ് ഈ സർക്കാർ നേരിടുന്ന പ്രധാന ആരോപണങ്ങൾ. പ്രധാനമന്ത്രിയുടെ സമൂഹമാധ്യമത്തിലെ ഫോളവേഴ്സിൽ 60 ശതമാനത്തിലേറെയും വ്യാജമാണ്. ബിജെപിക്ക് വേണ്ടി ട്വിറ്ററിൽ വ്യാജപ്രചാരണം നടത്താൻ 18,000 വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.
‘ഫോര്‍ബിഡന്‍ സ്‌റ്റോറീസ്’ എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ദ് ഗാർഡിയൻ ഉൾപ്പെടെ മുപ്പതിലേറെ മാധ്യമങ്ങളുടെ കൂട്ടായ്മ ആറു മാസം സമയമെടുത്ത് രഹസ്യാന്വേഷണം നടത്തി തയാറാക്കിയ റിപ്പോർട്ടിലാണ്, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഇസ്രയേൽ ഇടപെടലുണ്ടായെന്ന കണ്ടെത്തലുള്ളത്. 2017ൽ ബെംഗളൂരുവിൽ കൊല്ലപ്പെട്ട ഗൗരി ലങ്കേഷ് എന്ന മാധ്യമപ്രവർത്തകയുടെ അതുവരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇന്ത്യയ്ക്കു പുറമെ യുഎസ്, ബ്രിട്ടൻ, യുഎഇ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ വാണിജ്യ, വ്യവസായ മേഖലകളിലും രാഷ്ട്രീയ മേഖലയിലും കൃത്യമായ ഇടപെടൽ തങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് ‘ടീം ഹോർഹെ’ എന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയായ ഇസ്രയേൽ മുൻ സ്പെഷൽ ഫോഴ്സ് ഉദ്യോഗസ്ഥനായ തൽ ഹനാന്റെ വെളിപ്പെടുത്തൽ.
സമൂഹമാധ്യമങ്ങളെ കൃത്യമായി ദുരുപയോഗപ്പെടുത്തി വ്യാജപ്രചാരണങ്ങളിലൂടെ ലക്ഷ്യം നേടുകയെന്നതാണ് ടീം ഹോർഹെയുടെ പ്രധാന ദൗത്യമെന്നാണ് വെളിപ്പെടുത്തൽ. പണം നൽകുന്ന ആർക്കു വേണ്ടിയും ഇത്തരത്തിലുള്ള ഇടപെടലുകൾ നടത്തും. ഇന്ത്യയിൽ ഒരു വൻകിട കമ്പനിക്കു വേണ്ടി തങ്ങൾ ഈ രീതിയിലുള്ള ഇടപെടൽ നടത്തിയെന്നും അദ്ദേഹം പറയുന്നു. എന്നാൽ കമ്പനി ഏതാണെന്നോ ഏതു തിരഞ്ഞെടുപ്പിലാണ് ഇടപെട്ടതെന്നോ വ്യക്തമാക്കിയിട്ടില്ല.