ന്യൂഡല്‍ഹി: ഇസ്രയേല്‍ – ഹമാസ് യുദ്ധം അതിരൂക്ഷമായി തുടരുന്നതിനിടെയും ഇസ്രയേല്‍ ഏറ്റവും സുരക്ഷിതമായ രാജ്യമാണെന്നാണ് കരുതുന്നതെന്ന് അവിടെനിന്ന് പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിയ ഇന്ത്യക്കാര്‍. ഓപ്പറേഷന്‍ അജയ് എന്ന ദൗത്യത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ആദ്യ വിമാനത്തില്‍ വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെത്തിയവരാണ് ഇക്കാര്യം പറഞ്ഞത്.
2019-ല്‍ ഇസ്രയേലിലെത്തിയ തനിക്ക് ആദ്യമായാണ് ഇത്തരത്തില്‍ അനുഭവം ഉണ്ടാവുന്നതെന്ന് തിരിച്ചെത്തിയവരില്‍ ഒരാള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. എത്രയും പെട്ടെന്ന് സമാധാനം പുനസ്ഥാപിക്കപ്പെടുമെന്നും ഉടനെ തിരിച്ചുപോയി ജോലിയില്‍ പ്രവേശിക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. പേടിപ്പെടുത്തുന്ന അനുഭവമായിരുന്നെങ്കിലും ഇസ്രയേലാണ് ഏറ്റവും സുരക്ഷിതമായ രാജ്യമെന്നാണ് താന്‍ കരുതുന്നത്. മികച്ച ഷെല്‍റ്ററുകളും മറ്റും അവിടെയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വളരെയധികം ഭയപ്പെടുത്തുന്ന സാഹചര്യമായിരുന്നു. എന്നാല്‍ അത്യാധുനിക സംവിധാനങ്ങളും എല്ലാ വീട്ടിലും ബങ്കറുകള്‍ ഉള്ളതിനാല്‍ വലിയ ഭയപ്പാടുണ്ടായിരുന്നില്ല. ഇത്തവണ കുറച്ചുകൂടുതല്‍ ഗുരുതരമായ സാഹചര്യമായിരുന്നുവെന്ന് മറ്റൊരു യാത്രക്കാരന്‍ പറഞ്ഞു. ആദ്യദിനം ഞങ്ങള്‍ ഉറങ്ങുമ്പോള്‍ ആറരയോടെ സൈറണ്‍ കേട്ടു. രണ്ടുവര്‍ഷമായി രാജ്യത്തുണ്ടെങ്കിലും ആദ്യമായാണ് ഇത്തരമൊരു സാഹചര്യം.
അഞ്ചുമാസം പ്രായമായ കുഞ്ഞിനേയും കൊണ്ട് ആ സാഹചര്യത്തെ നേരിടുന്നത് പ്രയാസകരമായിരുന്നു. വീണ്ടും സൈറണ്‍ കേട്ടതോടെ ഷെല്‍റ്ററിലേക്ക് മാറി. രണ്ടുമണിക്കൂറോളം ഇവിടെ കഴിഞ്ഞുവെന്നും തിരിച്ചെത്തിയവരില്‍ ഇസ്രയേലില്‍ ഗവേഷണം നടത്തുന്ന സ്ത്രീകളില്‍ ഒരാള്‍ പറഞ്ഞു.
സുരക്ഷിതമായി തിരിച്ചെത്തിച്ചതിന് കേന്ദ്രസര്‍ക്കാരിന് നന്ദി പറഞ്ഞുകൊണ്ടാണ് മിക്കവരും മാധ്യമങ്ങളോട് സംസാരിച്ചത്. ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രയേലില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിച്ചത്. ഇതിനായി കേന്ദ്രം ഓപ്പറേഷന്‍ അജയ് എന്ന പേരില്‍ പ്രത്യേക ദൗത്യം പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞവര്‍, വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റേയും മന്ത്രാലയത്തിന്റേയും പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചു. ടെല്‍ അവീവിലെ എംബസി സമയോചിതമായി പ്രവര്‍ത്തിച്ചുവെന്നും അവര്‍ പറഞ്ഞു.