ന്യൂഡല്‍ഹി: ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുരന്തങ്ങള്‍ ഏറെ സഹിക്കേണ്ടി വരുന്നത് കുട്ടികളാണ്. സംഘര്‍ഷം തുടങ്ങി ഒരാഴ്ചയാകുമ്പോള്‍ 41 കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. സംഘര്‍ഷ ഭൂമിയില്‍ നിന്ന് ഒരു പത്തു വയസ്സുകാരിയുടെ വീഡിയോ വൈറലാകുകയാണ് ഇപ്പോള്‍.
ഞങ്ങളെല്ലാം കുട്ടികളാണ്, എന്തിനാണ് ഞങ്ങളെ അക്രമിക്കുന്നത് എന്ന് ചോദ്യമാണ് അവള്‍ ഉയര്‍ത്തുന്നത്. മിഡില്‍ ഈസ്റ്റ് ഐയുടെ ട്വിറ്റര്‍ പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. പത്തു വയസ്സുകാരി നദീനെ അബ്ദെലാണ് തന്റെ ചുറ്റും നില്‍ക്കുന്ന കുട്ടികളെ ചൂണ്ടി ലോകത്തോട് ഈ ചോദ്യം ഉന്നയിക്കുന്നത്.
‘എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ല. എനിക്ക് വെറും പത്തുവയസാണ് പ്രായം. ഞാനൊരു ഡോക്ടറോ മറ്റെന്തെങ്കിലുമോ ആയിരുന്നെങ്കില്‍ എനിക്ക് മറ്റുള്ളവരെ സഹായിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ ഞാന്‍ വെറും കുട്ടിയാണ്. എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. എന്റെ കുടുംബം പറയുന്നത് നമ്മള്‍ മുസ്ലീങ്ങളായതുകൊണ്ട് അവര്‍ നമ്മളെ വെറുക്കുന്നു എന്നാണ്. നോക്കൂ, എനിക്ക് ചുറ്റും കുട്ടികളാണ്. അവര്‍ മുകളിലേക്ക് എന്തിനാണ് മിസൈല്‍ ഇടുന്നത്’.
"I don't know what to do."
A 10-year-old Palestinian girl breaks down while talking to MEE after Israeli air strikes destroyed her neighbour's house, killing 8 children and 2 women#Gaza #Palestine #Israel pic.twitter.com/PWXsS032F5
— Middle East Eye (@MiddleEastEye) May 15, 2021
ഗാസയിലെ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ മാധ്യമങ്ങള്‍ രംഗത്ത് വന്നു. ഇന്ത്യന്‍ വുമണ്‍സ് പ്രസ്സ് കോര്‍പ്പറേഷന്‍, ദി പ്രസ്സ് അസോസിയേഷന്‍, പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ എന്നിവയാണ് ആക്രമണത്തെ ശക്തമായി അപലപിച്ചത്. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംഘടനകള്‍ അറിയിച്ചു.
ആക്രമിക്കപ്പെട്ട കെട്ടിടം മാധ്യമപ്രവര്‍ത്തകരുടെ താമസസ്ഥലം കൂടിയായിരുന്നുവെന്നും ഗാസയിലെ ആക്രമണങ്ങള്‍ പുറംലോകത്തറിയിക്കുന്നതില്‍ നിന്ന് വിലക്കാനാണ് ഇത്തരം ആക്രമണം ഉണ്ടായതെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു. നേരത്തെ ഗാസയിലെ അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളുടെ ആസ്ഥാനത്തേക്ക് ഇസ്രാഈല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്ര സംഘടനയും രംഗത്തെത്തിയിരുന്നു.