ടെല്‍ അവീവ്: ഇസ്രയേൽ – ഹമാസ് സംഘർഷം ഗാസ നഗരത്തിലേക്കു കേന്ദ്രീകരിച്ചതോടെ, ഹമാസിന്റെ ശക്തികേന്ദ്രങ്ങളായ തുരങ്കങ്ങൾ തകർക്കാൻ ഇസ്രയേൽ സൈന്യത്തിന്റെ തീവ്രശ്രമം. ‘ഗാസ മെട്രോ’ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന, ഗാസയിലെങ്ങും വ്യാപിച്ചുകിടക്കുന്ന ഈ ഭൂഗർഭ തുരങ്ക ശൃഖല തകർത്ത് അവിടങ്ങളിൽ മറഞ്ഞിരുന്ന് ആക്രമിക്കുന്ന ഹമാസ് സായുധ സംഘത്തെ പുറത്തെത്തിക്കാനാണ് ഇസ്രയേൽ സൈന്യത്തിന്റെ നീക്കം.
ഡ്രോണുകളും ഇസ്രയേൽ സൈന്യത്തിലെ എൻജിനീയറിങ് വിഭാഗത്തെയും ഉൾപ്പെടുത്തി വിപുലമായ പരിശോധനകളാണ് നടക്കുന്നത്. ഇതുവരെ ഗാസയുടെ വിവിധ ഭാഗങ്ങളിലായി 130ലധികം ഭൂഗർഭ തുരങ്കങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
ഗാസയിലാകെ വ്യാപിച്ചുകിടക്കുന്ന കിലോമീറ്ററുകൾ നീളമുള്ള തുരങ്ക ശൃംഖലയാണ് ഇസ്രയേൽ സൈന്യത്തെ ചെറുത്തുനിൽക്കാൻ ഹമാസിന്റെ പ്രധാന പിടിവള്ളി. ഹമാസിന്റെ സമൂല ഉൻമൂലനം ലക്ഷ്യമിട്ടുള്ള പോരാട്ടത്തിൽ ഇസ്രയേൽ സൈന്യത്തിന് ഏറ്റവും വലിയ പ്രതിബന്ധമാകുക ഹമാസ് അതിവിദഗ്ധമായി നിർമിച്ചിരിക്കുന്ന ഈ ഭൂഗർഭ തുരങ്കങ്ങളാണെന്ന് ആദ്യം മുതലേ വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് ഗാസയുടെ ഹൃദയഭാഗത്ത് നിലയുറപ്പിച്ചതിനു പിന്നാലെ തുരങ്കങ്ങൾ കണ്ടുപിടിച്ച് നശിപ്പിക്കാനുള്ള സൈന്യത്തിന്റെ തീവ്രശ്രമം.
‘‘സൈന്യത്തിലെ എൻജിനീയറിങ് വിഭാഗം ഗാസയിൽ ഹമാസിന്റെ പ്രധാന ആയുധങ്ങൾ കണ്ടെത്തി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, അവർ ഒളിവിൽ കഴിയുന്ന ഭൂഗർഭ തുരങ്കങ്ങൾ കണ്ടെത്തി നശിപ്പിക്കാനുള്ള നീക്കവും സജീവമാണ്. ഗാസ മുനമ്പിലെ സൈനിക നീക്കം വിപുലമാക്കിയതോടെ, ഹമാസിന്റെ എല്ലാ സംവിധാനങ്ങളും സൗകര്യങ്ങളും ഇസ്രയേൽ സൈന്യം തൂത്തെറിയുകയാണ്’’ – സൈന്യം പ്രസ്താവനയിൽ അവകാശപ്പെട്ടു.
ഗാസയിലെ ഭൂഗർഭ തുരങ്കങ്ങളുടെ നീളം ഏതാണ്ട് 300 മൈലുകളോളം വരുമെന്നാണ് ഹമാസിന്റെ അവകാശവാദം. പതിറ്റാണ്ടുകളുടെ അധ്വാനത്തിലൂടെയാണ് അവർ ഈ ഭൂഗർഭ തുരങ്ക ശൃംഖലയുടെ നിർമാണം പൂർത്തിയാക്കിയത്.
അതേസമയം, ഭൂഗർഭ തുരങ്കങ്ങളിൽനിന്ന് വൻതോതിൽ ഭക്ഷണവും കുടിവെള്ളവും ഓക്സിജൻ സംവിധാനങ്ങളും ഇലക്ട്രിക് ജനറേറ്ററുകളും കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. ഈ തുരങ്കങ്ങൾ കേന്ദ്രീകരിച്ച് ഹമാസിന്റെ ദീർഘകാല അതിജീവന പദ്ധതികളാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് ഇസ്രയേൽ സൈന്യം ചൂണ്ടിക്കാട്ടി. മാത്രമല്ല, ഭൂഗർഭ തുരങ്കങ്ങളിൽ ഏറിയ പങ്കും ജനവാസ മേഖലകളുടെ അടിയിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഘർഷ മേഖലയിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ച ശേഷം തുരങ്കങ്ങൾ കണ്ടെത്തി നശിപ്പിക്കുന്ന രീതിയാണ് നിലവിൽ സൈന്യം അവലംബിക്കുന്നത്.
ഗാസയിലെ ഭൂഗർഭ തുരങ്കങ്ങളുടെ ദൃശ്യങ്ങൾ ഇസ്രയേൽ സൈന്യം പുറത്തുവിട്ടു. തുരങ്ക ശൃംഖലകളുടെ ഭാഗമായി നിർമിച്ചിരിക്കുന്ന ചേംബറുകളിലാണ് ഹമാസ് സംഘം ഒളിവിൽ കഴിയുന്നത്. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കടന്ന് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനിടെ ബന്ദികളാക്കിയ ഇരുനൂറിലധികം പേരെ പാർപ്പിച്ചിരിക്കുന്നതും ഇവിടെത്തന്നെ. മാത്രമല്ല, ആയുധങ്ങളും ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെ വൻതോതിൽ സംഭരിച്ചിരിക്കുന്നതും ഈ തുരങ്കങ്ങളിലാണ്.
ഭൂനിരപ്പിൽനിന്ന് 80 മീറ്റർ താഴെ വരെ നീളുന്ന തുരങ്കങ്ങളുണ്ടെന്നാണ് വിവരം. തുരങ്കത്തിനുള്ളിൽ 1.8 മീറ്റർ വരെ ഉയരവുമുണ്ട്. ഈ തുരങ്കങ്ങൾ ഗാസയിലെ പ്രധാന ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയവയുമായും ബന്ധിപ്പിച്ചിട്ടുണ്ട്.
‘ഈ ഭൂഗർഭ തുരങ്കങ്ങൾ കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്നു. ഇവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുവെന്നു മാത്രമല്ല, ഗാസയിലെ പ്രധാനപ്പെട്ട ആശുപത്രികളുമായും സ്കൂളുകളുമായും ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ തുരങ്കങ്ങൾക്കുള്ളിൽ ആശയവിനിമയ സംവിധാനങ്ങളും ആയുധസംഭരണ ശാലകളും താമസ സൗകര്യവും ഉൾപ്പെടെ, ഇസ്രയേൽ സൈന്യത്തെയും ഇവിടുത്തെ ജനങ്ങളെയും ഉപദ്രവിക്കുന്നതിനുള്ള ഭീകരവാദ പ്രവർത്തനങ്ങളുടെ ആസ്ഥാനമെന്ന നിലയിൽ ഉപയോഗിക്കാവുന്ന എല്ലാ സംവിധാനങ്ങളുമുണ്ട്.’ – ഇസ്രയേൽ പ്രതിരോധമന്ത്രി യൊവാവ് ഗാലന്റ് കഴിഞ്ഞ ദിവസം പ്രതികരിച്ചു.
ഗാസയിലെ പ്രധാനപ്പെട്ട ആശുപത്രികളുടെ അടിയിൽ ഹമാസ് സായുധ സംഘം ഒളിച്ചിരിക്കുന്ന തുരങ്കങ്ങളുണ്ടെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ ആരോപണം. ആശുപത്രികൾ ആക്രമണത്തിൽനിന്ന് ഒഴിവാക്കുമെന്നതിനാലാണ് ഹമാസ് ഇത്തരമൊരു അടവു പരീക്ഷിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഗാസയിലെ ആശുപത്രികളുടെ മറവിലും ഹമാസ് അംഗങ്ങൾ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് ആരോപണത്തിന്റെ സാരം.
ആശുപത്രികളുടെ മറവിലാണ് ഹമാസിന്റെ ഇപ്പോഴത്തെ പ്രവർത്തനമെന്ന ഗുരുതരമായ ആരോപണവും ഇസ്രയേൽ ഉയർത്തിയിരുന്നു. പുറമേയ്ക്ക് ആശുപത്രിയാണെങ്കിലും ഇവയെല്ലാം ഹമാസിന്റെ പ്രവർത്തന കേന്ദ്രങ്ങളാണെന്നാണ് അവരുടെ വാദം. ഈ ആരോപണം സാധൂകരിക്കാൻ ഒരു വിഡിയോയും അവർ പുറത്തുവിട്ടു.
ഇസ്രയലിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ഹമാസിന്റെയും അവരെ അനുകൂലിക്കുന്നവരുടെയും നിലപാട്. യുദ്ധമുഖത്തെ രാജ്യാന്തര നിയമങ്ങൾ ലംഘിച്ച് ആശുപത്രികളും അഭയാർഥി ക്യാംപുകളും സ്കൂളുകളും ആക്രമിക്കുന്ന ഇസ്രയേൽ സൈന്യം, തങ്ങളുടെ പ്രവർത്തിയെ ന്യായീകരിക്കാൻ കണ്ടെത്തുന്ന വിശദീകരണങ്ങളാണ് ഇതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.