വാഷിംഗ്ടണ്‍: പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ണ്ണായകമായ ഒരു വഴിത്തിരിവില്‍ എത്തിനില്‍ക്കെ, ഇറാനെതിരെ അമേരിക്കയുടെ കടുത്ത നിലപാടുകളും സമാധാനത്തിനായുള്ള പുതിയ നീക്കങ്ങളും ഒരേസമയം സജീവമാകുന്നു. ഇറാനെതിരെയുള്ള നാവിക ഉപരോധം കര്‍ശനമായി തുടരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രഖ്യാപിച്ചതിന് പിന്നാലെ, ഇസ്രായേലും ലെബനനും തമ്മില്‍ പത്ത് ദിവസത്തെ വെടിനിര്‍ത്തലിന് ധാരണയായത് മേഖലയ്ക്ക് നേരിയ ആശ്വാസമാണ്. മാസങ്ങളായി തുടരുന്ന സംഘര്‍ഷത്തിന് താല്‍ക്കാലിക ശമനം നല്‍കി ഇസ്രായേലും ലെബനനും പത്ത് ദിവസത്തെ വെടിനിര്‍ത്തലിന് സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 16 വ്യാഴാഴ്ച രാത്രി ഒമ്പത് മണി മുതല്‍ ഈ കരാര്‍ പ്രാബല്യത്തില്‍ വരും. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണിനെയും ട്രംപ് വൈറ്റ് ഹൗസിലേക്ക് ചര്‍ച്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്.
1983-ന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ഏറ്റവും നിര്‍ണ്ണായകമായ കൂടിക്കാഴ്ചയാണിത്. ‘ഇരുപക്ഷവും സമാധാനം ആഗ്രഹിക്കുന്നു, അത് വേഗത്തില്‍ സംഭവിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥിരമായ സമാധാനത്തിനായി ചര്‍ച്ചകള്‍ തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
ഏപ്രില്‍ 16 വ്യാഴാഴ്ച രാത്രി ഒമ്പതിന് വെടിനിര്‍ത്തല്‍ ആരംഭിക്കും. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ആദ്യപടിയാണിതെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇതിനിടെ ടെഹ്റാന്‍ സമാധാന കരാറിന് തയ്യാറായില്ലെങ്കില്‍ യുഎസ് സൈന്യം കടുത്ത സൈനിക നടപടികളിലേക്ക് നീങ്ങുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നല്‍കി. ‘ഇതൊരു തുല്യമായ പോരാട്ടമല്ലെന്ന് ഓര്‍ക്കുക’ എന്നായിരുന്നു ഇറാന്‍ നേതൃത്വത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. യുഎസ് സൈന്യമാണ് ഹോര്‍മുസ് നിയന്ത്രിക്കുന്നത്. കരാറിന് ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ വീണ്ടും ആക്രമണം തുടങ്ങാന്‍ തയാറാണെന്നും ഇറാന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയാണെന്നും പീറ്റ് ഹെഗ്‌സെത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, ഇറാനെതിരെയുള്ള കപ്പല്‍ ഉപരോധം അമേരിക്ക വ്യാപിപ്പിച്ചു. നിയമവിരുദ്ധമെന്ന് കരുതുന്ന ചരക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഉപരോധം വിപുലീകരിച്ചിരിക്കുന്നത്. ഇറാനിയന്‍ തീരത്തേക്ക് എത്താന്‍ ശ്രമിക്കുന്നതായി സംശയിക്കുന്ന ഏതൊരു കപ്പലിനെയും തടഞ്ഞുനിര്‍ത്താനും പരിശോധിക്കാനുമുള്ള അവകാശം അമേരിക്കയ്ക്കുണ്ടാകുമെന്ന് യുഎസ് നേവിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ആയുധങ്ങള്‍, ആയുധ സംവിധാനങ്ങള്‍, വെടിക്കോപ്പുകള്‍, ആണവ വസ്തുക്കള്‍, അസംസ്‌കൃത എണ്ണയും ശുദ്ധീകരിച്ച എണ്ണ ഉല്‍പ്പന്നങ്ങളും, ഇരുമ്പ്, ഉരുക്ക്, അലുമിനിയം എന്നിവയാണ് യുഎസിന്റെ നിര്‍ദേശത്തില്‍ നിരോധിത ചരക്കുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇറാന്‍ എണ്ണ കൊണ്ടുപോകുന്ന കപ്പലുകള്‍ ഉള്‍പ്പെടെ ഇറാനെ സഹായിക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും യുഎസ് പിന്തുടരുമെന്ന് യുഎസ് ജനറല്‍ ഡാന്‍ കെയ്ന്‍ പറഞ്ഞു. ഇറാന്റെ സമുദ്രാതിര്‍ത്തിക്കുള്ളിലും രാജ്യാന്തര സമുദ്രമേഖലയിലും പരിസരങ്ങളിലും ഈ നിയമങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍ തുറമുഖങ്ങളിലേക്ക് പോകുന്നതും അവിടെനിന്ന് വരുന്നതുമായ എല്ലാ കപ്പലുകള്‍ക്കും ഉപരോധം ബാധകമാണ്. ഉപരോധം പാലിക്കാത്ത കപ്പലുകള്‍ക്കെതിരെ സൈനിക ശക്തി ഉപയോഗിക്കുമെന്ന് ഡാന്‍ കെയ്ന്‍ പറഞ്ഞു. ഇതുവരെ പതിമൂന്ന് കപ്പലുകള്‍ യാത്ര ഉപേക്ഷിച്ച് മടങ്ങിയിട്ടുണ്ട്. നിലവില്‍ യുഎസ് സൈന്യം കപ്പലുകളില്‍ അതിക്രമിച്ചു കയറിയിട്ടില്ല. ഉപരോധം ഇറാന്റെ തുറമുഖങ്ങള്‍ക്കാണ്, ഹോര്‍മുസ് കടലിടുക്കിനല്ല. പതിനായിരത്തിലധികം മറീനുകള്‍, നാവികര്‍, വ്യോമസേനാംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് യുഎസ് ഉപരോധം നടപ്പിലാക്കുന്നതെന്നും ഡാന്‍ കെയ്ന്‍ പറഞ്ഞു.
സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെ ട്രംപിന് മുന്നില്‍ ഇറാന്‍ 2 പ്രധാന ഉപാധികള്‍ വെച്ചെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നു. പാകിസ്ഥാന്‍ മധ്യസ്ഥത വഹിക്കുന്ന ചര്‍ച്ചകളുടെ രണ്ടാം ഘട്ടം തുടങ്ങും മുന്നേ ഹോര്‍മുസ് കടലിടുക്ക് തുറക്കണമമെന്നതാണ് ഇറാന്റെ ഒന്നാമത്തെ ഉപാധി. നിലവില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം പിന്‍വലിച്ച് പൂര്‍ണമായ നിലയില്‍ ഹോര്‍മുസ് തുറന്നാല്‍ മാത്രമേ ചര്‍ച്ചയിലേക്ക് ഉള്ളു എന്ന നിലപാട് പാകിസ്ഥാനെ അറിയിച്ചതായാണ് വിവരം.
ചര്‍ച്ചയ്‌ക്കെത്തുന്ന അമേരിക്കന്‍ സംഘത്തിന് തീരുമാനങ്ങളെടുക്കാന്‍ അധികാരം നല്‍കണമെന്നതാണ് ട്രംപിന് മുന്നില്‍ ഇറാന്‍ വച്ച രണ്ടാമത്തെ ഉപാധിയെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ ഇസ്ലാമാബാദില്‍ നടന്ന ഒന്നാം ഘട്ട ചര്‍ച്ച പരാജയപ്പെടാനുള്ള കാരണം, അമേരിക്കന്‍ പ്രതിനിധി സംഘത്തിന് തീരുമാനമെടുക്കാന്‍ അധികാരമില്ലാത്തതായിരുന്നുവെന്ന് ഇറാന്‍ വിമര്‍ശിച്ചിരുന്നു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സായിരുന്നു അന്ന് അമേരിക്കന്‍ സംഘത്തെ നയിച്ചത്.
ഇറാന്‍ – അമേരിക്ക സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് നീക്കങ്ങളും സമ്മര്‍ദവും സജീവമാണ്. ഇറാന്‍ സന്ദര്‍ശിച്ച പാക് സൈനിക മേധാവി അസീം മുനീര്‍ വൈകാതെ വാഷിങ്ടണിലെത്തിയേക്കും. തുടര്‍ ആക്രമണങ്ങളുണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാല്‍ ഹോര്‍മൂസില്‍ ഒമാന്‍ തീരത്തോട് ചേര്‍ന്ന് കപ്പലുകള്‍ വിടാമെന്ന നിര്‍ദേശം ഇറാന്‍ മുന്നോട്ടു വെച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പശ്ചിമേഷ്യയില്‍ സമാധാനത്തിനും സുരക്ഷയ്ക്കും പ്രതിജ്ഞാബദ്ധമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ചര്‍ച്ചയ്ക്ക് മുന്‍പ് ഇറാനും അമേരിക്കയ്ക്കും ഇടയില്‍ ഇനിയും കീറാമുട്ടിയായി തുടരുന്ന വിഷയങ്ങളില്‍ സമവായ സാധ്യതകളെങ്കിലും കണ്ടെത്തലാണ് ഇപ്പോള്‍ നടക്കുന്നത്.
പാക് സൈനിക മേധാവി അസീം മുനീറിന്റെ സന്ദര്‍ശനവും ലക്ഷ്യമിടുന്നത് മറ്റൊന്നല്ല. ഇറാന്റെ നിലപാടറിഞ്ഞ് യാത്ര നേരേ വാഷിങ്ടണിലേക്കാണ്. അതിന് ശേഷമായിരിക്കും ഇരു രാജ്യങ്ങളും വീണ്ടും ചര്‍ച്ചകളിലേക്കെത്തുക. ഇനിയും ഇറാന് മേല്‍ ആക്രമണങ്ങളുണ്ടാകില്ലെന്ന സുരക്ഷാ ഗ്യാരണ്ടി ലഭിച്ചാല്‍ ഹോര്‍മൂസില്‍ വിട്ടുവീഴ്ച്ചയ്ക്കാണ് ഇറാന്‍ ആലോചനയെന്നും സൂചനയുണ്ട്.
ഒമാന്‍ തീരത്തോട് ചേര്‍ന്നുള്ള ഹോര്‍മുസ് വഴി കപ്പലുകള്‍ വിടാമെന്നതാണ് ഏകദേശ ധാരണയെന്നതാണ് റിപ്പോര്‍ട്ടുകള്‍. ഹോര്‍മൂസില്‍ സുഗമമായ നാവിക ഗതാഗതം സാധ്യമാകണമെന്ന നിലപാട് ചൈനയും അറിയിച്ചിട്ടുണ്ട്. ഇറാനെതിരായ ഉപരോധത്തിലൂടെ ആഗോളവിപണിയില്‍ സൃഷ്ടിച്ച സമ്മര്‍ദത്തിന് പുറമെ, ഇറാന്‍, റഷ്യന്‍ എണ്ണ വാങ്ങുന്നതിലുള്ള അനുമതി നീട്ടില്ലെന്നറിയിച്ച് ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക കൂടുതല്‍ കടുപ്പിക്കുകയാണ്.
In a significant breakthrough, US President Donald Trump announced a 10-day ceasefire between Israel and Lebanon, effective from the night of April 16, 2026. While peace efforts progress, the US has intensified its naval blockade against Iran, including weapons and oil products in the prohibited list. US Defense Secretary Pete Hegseth warned Iran of severe military action if it refuses to comply with peace terms. Meanwhile, Iran has set conditions for further talks, demanding the lifting of the Hormuz Strait blockade and more decision-making power for the US delegation


