മുജാഹിദീന്‍ നേതാക്കളെ വധിച്ച് ഇസ്രയേല്‍; അസദ് അബു ഷരിയയെയും മഹ്‌മൂദ് കഹീലിനെയും വധിച്ചത് വ്യോമാക്രമണത്തില്‍; മുപ്പതിലധികം പേര്‍ മരിച്ചതായി പലസ്തീന്‍ മാധ്യമങ്ങള്‍

ജറുസലേം: ദക്ഷിണ ഇസ്രയേലില്‍ 2023 ഒക്ടോബര്‍ 7-ന് നടന്ന ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പലസ്തീന്‍ ഭീകര സംഘടനയുടെ നേതാവിനെ വധിച്ചതായി ഇസ്രയേല്‍ സൈന്യം. പലസ്തീന്‍ മുജാഹിദീന്‍ പ്രസ്ഥാനത്തെയും സായുധ വിഭാഗമായ മുജാഹിദീന്‍ ബ്രിഗേഡ്സിനെയും നയിച്ചിരുന്ന അസദ് അബു ഷരിയയെ വധിച്ചതായാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഗാസയില്‍ ഹമാസുമായി സഹകരിക്കുന്ന ചെറു ഗ്രൂപ്പായ മുജാഹിദീന്‍ ബ്രിഗേഡിന്റെ തലവനാണ് അസദ് അബു ഷരിയ. ഗ്രൂപ്പിലെ മുതിര്‍ന്ന പ്രവര്‍ത്തകനായ മഹ്‌മൂദ് കഹീലും നഗരത്തില്‍ നടന്ന മറ്റൊരാക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഗാസ മുനമ്പിലും അധിനിവേശ വെസ്റ്റ് ബാങ്കിലുമാണ് മുജാഹിദീന്‍ ബ്രിഗേഡുകള്‍ പ്രവര്‍ത്തിക്കുന്നത്. അസദ് അബു ഷരിയയുടെയും മഹ്‌മൂദ് കഹീലിന്റെയും മരണം മുജാഹിദീന്‍ ബ്രിഗേഡുകള്‍ സ്ഥിരീകരിച്ചു. അസദ് അബു ഷരിയയെ ലക്ഷ്യമിട്ടു നടന്ന ആക്രമണത്തില്‍ മുപ്പതിലധികം പേര്‍ മരിച്ചതായി പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹ്‌മൂദ് കഹീലിനെ കൊലപ്പെടുത്തിയ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും മറ്റു കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു.

ഇസ്രയേലിന്റെ ഷിന്‍ ബെറ്റ് സുരക്ഷാ ഏജന്‍സിയുമായി ചേര്‍ന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് ഷരിയയെ വധിച്ചത്. അസദ് അബു ഷരിയയുടെയും സഹോദരന്‍ അഹമ്മദ് അബു ഷരിയയുടെയും മരണം സംഘടനയും സ്ഥിരീകരിച്ചിട്ടുണ്ട്. ഗാസ സിറ്റിയിലെ സബ്ര മേഖലയിലുള്ള ഷരിയയുടെ കുടുംബവീട്ടില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയതായി സിവില്‍ ഡിഫന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറഞ്ഞത് 15 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹമാസ് നിയന്ത്രണത്തിലുള്ള അല്‍-അഖ്‌സ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒക്ടോബര്‍ 7-ന് അതിക്രമിച്ചു കയറിയ ഭീകരവാദ നേതാക്കളില്‍ ഒരാളായിരുന്നു ഷരിയയെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഹമാസിനും മറ്റ് പലസ്തീന്‍ ഭീകരവാദ ഗ്രൂപ്പുകള്‍ക്കുമൊപ്പം മുജാഹിദീന്‍ ബ്രിഗേഡ്സും ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണങ്ങളില്‍ പങ്കെടുത്തിരുന്നു. ഗാസ-ഇസ്രയേല്‍ യുദ്ധത്തിലേക്ക് നയിച്ച ഈ ക്രൂരമായ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ബന്ദികളാക്കപ്പെടുകയും ചെയ്തു.

ഷിരി എന്ന സ്ത്രീയെയും മക്കളായ ഏരിയല്‍, ക്ഫിര്‍ ബിബാസ് എന്നിവരെയും ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതില്‍ ഷാരിയക്ക് നേരിട്ട് പങ്കുണ്ടെന്ന് ഇസ്രയേല്‍ ആരോപിച്ചു. ഒന്‍പത് മാസം മാത്രം പ്രായമുണ്ടായിരുന്ന ക്ഫിര്‍ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോകപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ബന്ദിയും കൊല്ലപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞയാളുമായിരുന്നു. ഏരിയലിന് നാല് വയസ്സും ഷിരിക്ക് 32 വയസ്സുമായിരുന്നു പ്രായം. ഇവരുടെ ഭര്‍ത്താവ് യാര്‍ഡനെയും ബന്ദിയാക്കിയിരുന്നെങ്കിലും 484 ദിവസത്തെ തടവിന് ശേഷം ഫെബ്രുവരിയില്‍ ജീവനോടെ വിട്ടയച്ചു.

ഇസ്രയേലി-അമേരിക്കന്‍ ദമ്പതികളായ ഗാഡ് ഹഗ്ഗായിയെയും ജൂഡി ലിന്‍ വൈന്‍സ്റ്റീന്‍ ഹഗ്ഗായിയെയും തട്ടിക്കൊണ്ടുപോയതിലും കൂടാതെ തായ് പൗരനായ നട്ടപോങ് പിന്റയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിലും ഷാരിയക്ക് പങ്കുണ്ടെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു.

ഇസ്രയേല്‍ അധിനിവേശത്തെ ചെറുക്കുക, സായുധ പോരാട്ടത്തിലൂടെ പലസ്തീന്‍ സ്വാതന്ത്ര്യം നേടുക എന്നീ ലക്ഷ്യങ്ങളോടെയാണ് 1970 കളുടെ തുടക്കത്തില്‍ മുജാഹിദീന്‍ ബ്രിഗേഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഹമാസുമായി പതിവായി സഹകരിക്കുന്ന ഇവര്‍ ചെറിയ ആയുധങ്ങള്‍, റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകള്‍, പ്രാദേശികമായി നിര്‍മിച്ച ഹ്രസ്വ-ദൂര റോക്കറ്റുകള്‍ എന്നിവ ഉപയോഗിച്ചാണ് ആക്രമണങ്ങള്‍ നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News