ടെഹ്‌റാൻ: വെടിനിർത്തൽ കൊണ്ടുവരാൻ ഇറാന് നൽകിയ സമയം അവസാനിക്കാനിരിക്കെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിൽ ആക്രമണം. ദ്വീപിലെ വിവിധ ഇടങ്ങളിൽ ആക്രമണം നടന്നതായി ഇറാനിലെ അർധ ഔദ്യോഗിക മാധ്യമമായ മെഹർ ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച രാത്രിയ്ക്കകം ഹോർമുസ് തുറക്കുകയും വെടിനിർത്തൽ കരാറിലെത്തുകയും വേണമെന്നാണ് ഇറാനോട് യുഎസ് ആവശ്യപ്പെട്ടിരുന്നത്. യുഎസ് നിർദ്ദേശം ഇറാൻ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗിൽ ആക്രമണം നടന്നിരിക്കുന്നത്. ഖാർഗിൽ ആക്രമണം നടത്തിയത് ഇസ്രയേലാണെന്നാണ് റിപ്പോർട്ടുകൾ.
ദ്വീപിലെ എണ്ണ സംഭരണശാലകളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഇവിടുത്തെ ഓയിൽ ടെർമിനലിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ എണ്ണ കയറ്റുമതിയുടെ നട്ടെല്ലാണ് ഖാർഗ് ദ്വീപ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഈ ദ്വീപ് വഴിയാണ്.
ഇറാന്റെ ഊർജ സംവിധാനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ആക്രമണം നടത്തിയാൽ മേഖലയിലെ യുഎസിന്റെയും സഖ്യകക്ഷികളുടെയും ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്ന് ഐആർജിസി മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മുമ്പ് ഖാർഗ് ദ്വീപിന് നേരെ യുഎസ് ആക്രമണം നടത്തിയിരുന്നുവെങ്കിലും എണ്ണ സംഭരണശാലകളെ ലക്ഷ്യമിട്ടിരുന്നില്ല.
English Summary
Strategic Kharg Island, the backbone of Iran’s oil exports, came under heavy attack just as the U.S. deadline for a ceasefire and the reopening of the Strait of Hormuz was set to expire. According to Mehr News, Israeli strikes targeted massive oil storage facilities and terminals on the island, which handles nearly 90% of Iran’s crude oil exports. The attack follows Iran’s rejection of a U.S. ultimatum delivered by President Trump. With significant damage reported to the oil infrastructure, Iran’s economy faces a potential collapse, pushing the Middle East closer to an all-out regional war.


