റാഫ: ഇറാനുമായുള്ള സംഘർഷം പശ്ചിമേഷ്യയിൽ പ്രതിസന്ധി രൂക്ഷമാക്കുന്നതിനിടെ, ഗാസയിലും ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് അയവില്ല. തെക്കൻ ഗാസയിലെ റാഫയിൽ വെള്ളിയാഴ്ച രാത്രി വീടിനുമേൽ ബോംബിട്ട് കുടുംബത്തിലെ ഒമ്പതുപേരെ ഇസ്രയേൽ കൊലപ്പെടുത്തി. അതിൽ ആറുപേർ കുട്ടികളാണ്. മൃതദേഹങ്ങൾ അൽ നജ്ജാർ ആശുപത്രിയിലേക്കു മാറ്റി.
അന്താരാഷ്ട്രസമ്മർദങ്ങളെത്തുടർന്ന് റാഫയിൽ കരയാക്രമണം ഇസ്രയേൽ ഇതുവരെ ആരംഭിച്ചിട്ടില്ലെങ്കിലും വ്യോമാക്രമണം ദിനംപ്രതി ശക്തിപ്പെടുത്തുകയാണ്. വടക്കൻ-മധ്യ ഗാസയിൽനിന്ന് ഒഴിഞ്ഞെത്തിയ അഭയാർഥികളുൾപ്പെടെ 17 ലക്ഷം പേരാണ് ഇവിടെ തിങ്ങിപ്പാർക്കുന്നത്. തെക്കൻഗാസയിലെ ഖാൻ യൂനിസിൽനിന്ന് ഹമാസിനെ ഉന്മൂലനം ചെയ്തെന്നു പ്രഖ്യാപിച്ച ഇസ്രയേൽ സൈന്യം അവിടെനിന്ന് പിൻവാങ്ങിയിരുന്നു. ശേഷിക്കുന്ന ഹമാസുകാർ റാഫയിലാണ് തമ്പടിച്ചിരിക്കുന്നതെന്നാരോപിച്ചാണ് കരയാക്രമണത്തിനുകോപ്പുകൂട്ടുന്നത്.
24 മണിക്കൂറിനിടെ ഗാസയിൽ 37 പേർ കൊല്ലപ്പെട്ടു. ആകെ മരണം 34,049 ആയി. 76901 പേർക്ക് പരിക്കേറ്റു. വെസ്റ്റ്ബാങ്കിലെ നുർ ഷാംസ് അഭയാർഥി ക്യാമ്പിൽ വെള്ളിയാഴ്ച നടത്തിയ സൈനികനടപടിയിലൂടെ 15 വയസ്സുകാരനടക്കം നാലുപലസ്തീൻകാരെ ഇസ്രയേൽ പ്രതിരോധ സേന വധിച്ചു. അതിൽ മൂന്നുപേർ ഇസ്‍ലാമിക് ജിഹാദ് അംഗങ്ങളാണ്. ഗാസയിൽ യുദ്ധമാരംഭിച്ചശേഷം 460 പേരാണ് വെസ്റ്റ്‌ബാങ്കിൽ കൊല്ലപ്പെട്ടത്.