തിരുവനന്തപുരം : സെക്രട്ടറിയേറ്റിനു മുന്നിലെ യു ഡി എഫിന്റെ ഉപരോധത്തിനിടെ മാധ്യമ പ്രവർത്തകരോട് കയർത്ത് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ. യു ഡി എഫിന്റെ ഉപരോധത്തെത്തുടർന്ന് സെക്രട്ടറിയേറ്റ് ഗേറ്റിൽ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഉപരോധത്തെത്തുടർന്ന് കന്റോൺമെന്റ് ഗേറ്റ് വഴി അകത്തേക്ക് കയറാനെത്തിയ എം സി ദത്തനെ പോലീസ് ബാരിക്കേഡിന് അരികെ തടഞ്ഞു. പിന്നീട് അകത്ത് കയറിയപ്പോൾ മാധ്യമ പ്രവർത്തകർ പ്രതികരണം തേടിയെത്തിയപ്പോഴാണ് എം സി ദത്തൻ ഇങ്ങനെ പറഞ്ഞത്.
ബാരിക്കേഡ് കടന്ന് അകത്തു കയറിയ എം സി ദത്തൻ ഒരു പോലീസുകാരനോട് സംസാരിച്ച് നടന്നു പോകുകയായിരുന്നു. ഇതിനിടെ മാധ്യമ പ്രവർത്തകർ ഉപരോധത്തെപ്പറ്റി ചോദിക്കാനായിരുന്നു ചെന്നത്. ‘ഒരു പണിയുമില്ലേടാ നിങ്ങൾക്കൊക്കെ? അങ്ങനെയാണേൽ നീയൊക്കെ തെണ്ടാൻ പോ ‘ എന്നാണ് എം. സി ദത്തൻ മാധ്യമ പ്രവർത്തകരോട് കൃത്യമായി പറഞ്ഞത്. ഞങ്ങളുടെ പണി ഇതൊക്കെത്തന്നെയല്ലേ സാറേ എന്ന് മാധ്യമ പ്രവർത്തകരും തിരിച്ചു ചോദിച്ചു.
സംസ്ഥാനത്തെ റേഷൻ വിതരണ രംഗത്തെ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും അഴിമതി ഭരണത്തിനു നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നുമുള്ള ആവശ്യത്തോടെയാണ് ഇന്ന് യു ഡി എഫ് ഉപരോധം നടത്തുന്നത്. രാവിലെ 6.30 മുതൽ സെക്രട്ടറിയേറ്റ് ഗേറ്റിനു മുന്നിലായി ഉപരോധം നടക്കുകയാണ്. സെക്രട്ടറിയേറ്റിലേക്കുള്ള എല്ലാ വഴികളിലും പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
‘സർക്കാരല്ലിത് കൊള്ളക്കാർ’ എന്ന മുദ്രാവാക്യമുയർത്തിയാണ് യു ഡി എഫ് പ്രതിഷേധിക്കുന്നത്. നിലവിൽ കന്റോൺമെന്റ് ഗേറ്റ് ഒഴികെയുള്ള സെക്രട്ടേറിയേറ്റിലേക്കുള്ള എല്ലാ ഗേറ്റിലും ഉപരോധം നടക്കുന്നുണ്ട്. സെക്രട്ടേറിയേറ്റിനകത്തേക്ക് കയറാൻ കന്റോൺമെന്റ് ഗേറ്റ് വഴി മാത്രമാണ് അനുവാദമുള്ളത്. ഉപരോധത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലും ഇന്ന് ഗതാഗത നിയന്ത്രണമുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആണ് സെക്രട്ടേറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമാണ്. ‘എം.സി. ദത്തനെതിരെ യാചക തൊഴിലാളികൾ കേസ് കൊടുക്കുന്നുണ്ടെങ്കിൽ സൗജന്യ നിയമ സഹായം ചെയ്യുന്നതായിരിക്കും …!, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് എന്ന അധികാരം ഉപയോഗിച്ച് യാചകരെ അപമാനിക്കുന്നത് എന്നായാലു ശരിയല്ല’ എന്ന് അഡ്വക്കേറ്റ് വൈശാഖൻ എൻ വി ഫേസ്ബുക്കിൽ കുറിച്ചു.