കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരയിൽ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ ഐഎസ് രംഗത്ത്. പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചതിനുള്ള പ്രതികാരമാണ് ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണമെന്ന് ഐഎസ് വ്യക്തമാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഐഎസിന്റെ പ്രൊപഗാണ്ട വെബ്സൈറ്റ് അമാഖിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്ത ഏജൻസിയായ എഎഫ്പിയാണ് (AFP) വാർത്ത റിപ്പോർട്ട് ചെയ്തത്. ബിജെപി നേതാവായിരുന്ന നൂപുർ ശർമ പ്രവാചകനെ കുറിച്ച് നടത്തിയ പരാമർശങ്ങൾ പല രാജ്യങ്ങളിലും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പിന്നാലെയാണ് കാബൂളിൽ സിഖ് ഗുരുദ്വാരക്ക് നേരെ ഐഎസ് ആക്രമണമുണ്ടായത്.
ശനിയാഴ്ച കാബൂളിൽ നടത്തിയ ആക്രമണം ഹിന്ദുക്കളെയും സിഖുകാരെയും ലക്ഷ്യമിട്ടായിരുന്നെന്ന് ഐഎസ് ഖൊറാസാൻ പ്രൊവിൻസ് അതിന്റെ അമാഖ് പ്രചാരണ വെബ്സൈറ്റിൽ പറഞ്ഞു. അല്ലാഹുവിന്റെ ദൂതനെ അവഹേളിച്ചവർക്ക് പിന്തുണ നൽകിയവർക്ക് നേരെയാണ് ആക്രമണം നടത്തിയതെന്നും ഐഎസ് പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറഞ്ഞു.
തങ്ങളുടെ പോരാളികളിലൊരാൾ കാബൂളിലെ ഹിന്ദു, സിഖ് ബഹുദൈവ വിശ്വാസികളുടെ ക്ഷേത്രത്തിൽ കയറി കാവൽക്കാരനെ കൊലപ്പെടുത്തിയ ശേഷം, അകത്തുള്ളവർക്ക് നേരെ മെഷീൻ ഗണ്ണും ഗ്രനേഡും ഉപയോഗിച്ച് വെടിയുതിർത്തെന്നും ഐഎസ് വ്യക്തമാക്കി. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആക്രമണത്തിൽ ഗുരുദ്വാരക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ സിഖുകാരുടെ എണ്ണം 1970-കളിൽ ഏകദേശം അഞ്ച് ലക്ഷമായിരുന്നെങ്കിൽ ഇപ്പോൾ ഏകദേശം 200 ആയി കുറഞ്ഞു. ആക്രമണത്തെ തുടർന്ന് സിഖ് സമൂഹം ഭീതിയിലാണ്. 2020 മാർച്ചിൽ കാബൂളിലെ മറ്റൊരു ഗുരുദ്വാരയിൽ തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു. അന്നും ഉത്തരവാദിത്തം ഏറ്റെടുത്തത് ഐഎസ് രംഗത്തെത്തി.