ഐസക്, കടകംപള്ളി, ശ്രീരാമകൃഷ്ണൻ; ‘സ്ത്രീപീഡനകുറ്റം ചുമത്തി കേസെടുക്കണം’, പ്രതിഷേധം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ്

തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ മുൻ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ എം എൽ എ, തോമസ് ഐസക്, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാക്കി മഹിള കോൺഗ്രസ് രംഗത്ത്. ഇവർക്കെതിരെ സ്ത്രീ പീഡനം കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യമുന്നയിച്ച് മഹിള കോൺഗ്രസ് പ്രവർത്തകർ ബുധനാഴ്ച മാർച്ച് നടത്തുമെന്നും പ്രഖ്യാപിച്ചു. ഡി ജി പി ഓഫീസിലേക്കാകും പ്രതിഷേധ മാർച്ചെന്ന് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം പി അറിയിച്ചു.

ബുധനാഴ്ച രാവിലെ പത്ത് മണിക്ക് കെ പി സി സി ആസ്ഥാനത്ത് നിന്നാരംഭിക്കുന്ന മാർച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനാകും ഉദ്ഘാടനം ചെയ്യുക. മൂന്ന് സി പി എം നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 22 ന് സംസ്ഥാന പോലീസ് മേധാവിക്കും സംസ്ഥാന വനിതാ കമ്മീഷനും പരാതി നൽകി ഇരുപത് ദിവസമായിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് ജെബി മേത്തർ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News