കൊട്ടാരക്കര: കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ എം.മുകേഷ് എംഎൽഎ ലളിതമായ രീതിയിൽ ‘പണി കൊടുക്കാൻ’ അറിയാവുന്ന ആളാണെന്നു ഗതാഗതമന്ത്രി കെ.ബി.ഗണേഷ‌് കുമാർ. ഞാൻ ഏറ്റവും കൂടുതൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത് മുകേഷിനൊപ്പമാണ്. എല്ലാ കാലത്തും സ്നേഹവും തമാശയും പങ്കിടുന്ന ആളുകളാണ് ഞങ്ങൾ. തമാശകളും ട്രോളുകളും ആസ്വദിക്കുന്ന ആളാണ് അദ്ദേഹം. കൊട്ടാരക്കരയിൽ നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു ഗണേഷ്.
‘‘വളരെ സരസമായ ഭാഷയിൽ, ലളിതമായ രീതിയിൽ പണി കൊടുക്കാൻ അറിയാവുന്ന ആളാണ് മുകേഷ്. തമാശ പറയുമ്പോൾ പോലും ചില കാര്യങ്ങൾ കൊള്ളേണ്ട സ്ഥലത്ത് കൊള്ളും. നല്ല നടൻ എന്നതിലുപരി രണ്ട് ടേമുകളിൽ എംഎൽഎ ആയി പൊതുപ്രവർത്തന രംഗത്തും മികവു തെളിയിച്ചു. മുകേഷ് കളിയാക്കാത്ത ആരും സിനിമയിലില്ല. അതിനാൽ മുകേഷിനെ കളിയാക്കിയാലും ഒരു പ്രശ്നവുമില്ല. തമാശകളും ട്രോളുകളും ആസ്വദിക്കുന്ന ആളാണ് അദ്ദേഹം’’– ഗണേഷ് പറഞ്ഞു.
ബിജെപിയിൽ ചേർന്നതിനു പിന്നാലെ പത്മജ വേണുഗോപാലിനു നേരെ അധിക്ഷേപ പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ഗണേഷ് രൂക്ഷമായി വമർശിച്ചു. കോണ്‍ഗ്രസ് നേതാക്കൾ നന്ദിയില്ലാത്തവരാണ്. രമേശ് ചെന്നിത്തലയൊഴികെ മറ്റാരും അധിക്ഷേപ പരാമർശത്തിനെതിരെ സംസാരിച്ചില്ല. തന്റെ മനസ്സിൽ എന്നും ബഹുമാന്യനായ നേതാവാണ് കെ.കരുണാകരനെന്നും ഗണേഷ് കുമാർ പറഞ്ഞു.
‘‘ഏതോ ഒരുത്തൻ കരുണാകരന്റെ മകളുടെ പിതൃത്വത്തിൽ സംശയമുണ്ടെന്നു പറയുന്നു. എന്നിട്ട് പൊളിറ്റിക്കൽ പിതാവും ബയോളജിക്കൽ പിതാവുമെന്ന് വിശദീകരിക്കുന്നു. രണ്ട് തന്തയുണ്ടോ ഒരാൾക്ക്, ഇല്ലല്ലോ.. ഇവനൊക്കെ പൊളിറ്റിക്കൽ തന്തയും ബയോളജിക്കൽ തന്തയുമുണ്ടോ? കരുണാകരൻ സാറിന്റെ മകളുടെ പിതൃത്വത്തെക്കുറിച്ച് ചോദിക്കുമ്പോൾ, അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ചവർ പോലും മിണ്ടിയില്ലല്ലോ.
കെ.കരുണാകരനൊപ്പം നിന്ന് കാര്യം സാധിച്ചെടുത്തവർ മിണ്ടാതിരിക്കുകയാണ്. ആരാണ് കോണ്‍ഗ്രസുകാരെന്ന് കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കണം. നന്ദികെട്ടവരാണ് കോൺഗ്രസുകാർ. വോട്ടു ചെയ്ത ജനങ്ങളോടും അവർ അതാണ് കാണിക്കുന്നത്. അന്തസ്സുള്ള കോൺഗ്രസ് പ്രവർത്തകർ ഈ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ടു ചെയ്യരുത്. കോൺഗ്രസിൽനിന്ന് ദിവസവും ആളുകൾ പോയ്ക്കൊണ്ടിരിക്കുകയാണ്. ആരു പോയാലും നമുക്ക് ഒരു പ്രശ്നവുമില്ല’’ –ഗണേഷ് പറഞ്ഞു.