
ചെന്നൈ: സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നിത്യാനന്ദയുടെ മരണവാര്‍ത്ത നിഷേധിച്ച് പ്രസ്താവന പുറത്തിറക്കി അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍. നിത്യാനന്ദ പൂര്‍ണ ആരോഗ്യത്തോടെ സുരക്ഷിതനായി ഇരിക്കുന്നുവെന്നാണ് പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്. നിത്യാനന്ദ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കുന്നതിനായി മാര്‍ച്ച് 30-ന് അദ്ദേഹം പങ്കെടുത്ത ഒരു പരിപാടിയുടെ ലൈവ് സ്ട്രീമിങ് ലിങ്കും കൈലാസ പ്രതിനിധികള്‍ പുറത്തുവിട്ടിട്ടുണ്ട്.
നിത്യാനന്ദയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി നടത്തുന്ന വ്യാജപ്രചാരണങ്ങളെ കൈലാസ ശക്തമായ അപലപിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. നിത്യാനന്ദയുടെ സഹോദരിയുടെ മകനും ഏറ്റവുമടുത്ത അനുയായിയുമായ സുന്ദരേശ്വരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് മരണവാര്‍ത്ത വ്യപകമായി പ്രചരിച്ചത്. സനാതനധര്‍മം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗംചെയ്തെന്നാണ് സുന്ദരേശ്വരന്‍ അറിയിച്ചത്.
നിത്യാനന്ദയുടെ മറ്റ് അനുയായികളെയും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സുന്ദരേശ്വരന്‍ മരണവിവരം അറിയിച്ചിരുന്നു. 2010-ല്‍ സിനിമാനടിക്കൊപ്പമുള്ള വീഡിയോ പുറത്തുവന്നതുമുതല്‍ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന നിത്യാനന്ദ 2019-ല്‍ ഇന്ത്യ വിട്ടിരുന്നു. തങ്ങളുടെ മൂന്നുമക്കളെ തട്ടിക്കൊണ്ടുപോയതായി തമിഴ് ദമ്പതിമാര്‍ നല്‍കിയ പരാതിയില്‍ ഗുജറാത്ത് പോലീസ് അറസ്റ്റിന് നടപടി ആരംഭിച്ചതിനെത്തുടര്‍ന്നായിരുന്നു രാജ്യംവിട്ടത്.
എക്വഡോറിനുസമീപം ഒരു ദീപില്‍ അനുയായികള്‍ക്കൊപ്പം കഴിയുന്നെന്നായിരുന്നു വിവരം. പിന്നീട് പലതവണ ഓണ്‍ലൈന്‍ മുഖേന ആത്മീയപ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. കൈലാസ എന്നപേരില്‍ രാജ്യം സ്ഥാപിച്ചെന്നും അവകാശപ്പെട്ടു. നിത്യാനന്ദ മരിച്ചെന്ന് 2022-ല്‍ അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന താന്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നറിയിച്ച് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍, കഴിഞ്ഞകുറച്ചുകാലമായി വീഡിയോ പ്രഭാഷണങ്ങള്‍ പുറത്തുവരുന്നില്ലായിരുന്നു.