ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ലെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. ഇഷാൻ കിഷൻ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയ്ക്കുള്ള ടീമിന്റെ സിലക്ഷനിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിശ്രമത്തിലാണെന്നും ദ്രാവിഡ് മൊഹാലിയിൽ മാധ്യമങ്ങളോടു പറഞ്ഞു. തയാറാണെന്നു തോന്നുമ്പോൾ ഇഷാൻ ക്രിക്കറ്റിലേക്കു മടങ്ങിയെത്തുമെന്നും ദ്രാവിഡ് വ്യക്തമാക്കി.
‘‘ഇഷാൻ കിഷന്റെ കാര്യം തീർച്ചയായും അങ്ങനെയല്ല. സിലക്ഷന് അദ്ദേഹത്തെ ലഭ്യമായിരുന്നില്ല. ഇഷാൻ ഒരു ബ്രേക്ക് ആവശ്യപ്പെട്ടിരുന്നു. ദക്ഷിണാഫ്രിക്കയിൽവച്ച് ഞങ്ങൾ അത് അനുവദിക്കുകയും ചെയ്തു. ഞങ്ങൾ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു.’’– ദ്രാവിഡ് പ്രതികരിച്ചു. ഇഷാൻ ആഭ്യന്തര ക്രിക്കറ്റ് കളിച്ചു മടങ്ങിയെത്തുമെന്നാണു പ്രതീക്ഷയെന്നും ദ്രാവിഡ് പറഞ്ഞു.
ചെറിയ ഇടവേള ആവശ്യമാണെന്ന് അറിയിച്ചതിനെ തുടർന്ന് ബിസിസിഐ ഇഷാന് വിശ്രമം അനുവദിച്ചിരുന്നു. ഇന്ത്യ– ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിൽ ഇഷാൻ കിഷൻ കളിച്ചിരുന്നില്ല. കെ.എൽ. രാഹുലായിരുന്നു പരമ്പരയിലെ രണ്ടു മത്സരങ്ങളിലും ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ.
‘‘ശ്രേയസ് അയ്യർ പുറത്തിരിക്കുന്നതും അച്ചടക്ക നടപടിയൊന്നുമല്ല. അദ്ദേഹത്തിന് ടീമിൽ ഇടമുണ്ടായിരുന്നില്ല. ഇവിടെ ഒരുപാട് ബാറ്റർമാരുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 മത്സരത്തിലും ശ്രേയസ് അയ്യർ കളിച്ചിരുന്നില്ല.’’– രാഹുൽ ദ്രാവിഡ് പറഞ്ഞു.
എല്ലാ താരങ്ങളെയും ടീമിലും പ്ലേയിങ് ഇലവനിലും ഉൾപ്പെടുത്തുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണെന്നും ദ്രാവിഡ് പറഞ്ഞു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ശേഷം രഞ്ജി ട്രോഫിയിൽ കളിക്കാനുള്ള ഒരുക്കത്തിലാണ് ശ്രേയസ് അയ്യര്‍.
വെള്ളിയാഴ്ച ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ശ്രേയസ് മുംബൈയ്ക്കു വേണ്ടി കളിക്കാനിറങ്ങും. ആന്ധ്രപ്രദേശിനെതിരെയാണു മത്സരം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ശ്രേയസ് അയ്യര്‍ ടീമിലേക്കു മടങ്ങിയെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇഷാൻ കിഷനും ടെസ്റ്റ് പരമ്പര കളിച്ചേക്കും.