ഡമാസ്‌കസ്: ഭൂകമ്പം വിതച്ച ദുരിതത്തിനിടെ ജനങ്ങളെ ഭയചകിതരാക്കി സിറിയയിൽ ഐഎസ് ആക്രമണവും. മധ്യസിറിയയിലെ പാൽമിറാ മേഖലയിൽ ശനിയാഴ്ചയുണ്ടായ ഐ.എസ്. ആക്രമണത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത ഭൂകമ്പത്തിന്റെ നടുക്കം മാറും മുന്നേയാണ് സിറിയയിൽ ഐ.എസ്. ആക്രമണവും.
ഐഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഏറെയും തദ്ദേശീയരാണ്. പാൽമിറ മേഖലയിൽ ഭക്ഷ്യകൂൺ ശേഖരിക്കുകയായിരുന്ന 75 പേർക്കുനേരെയാണ് ആക്രമണമുണ്ടായതെന്ന് ബ്രിട്ടൻ ആസ്ഥാനമായ സിറിയൻ മനുഷ്യാവകാശസംഘടന വ്യക്തമാക്കി. ഇതിൽ പലരെയും കാണാനില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
സിറിയൻ അതിർത്തിപ്രദേശങ്ങളിലെ ആഭ്യന്തരയുദ്ധവും വിമതനീക്കങ്ങളും നിർത്തിവെച്ച് ദുരന്തബാധിതമേഖലയിലേക്ക് അന്താരാഷ്ട്രസഹായമെത്തിക്കാൻ എല്ലാവരും ഒരുമിക്കണമെന്നും ഇത് വിഭാഗീയതയുടെ സമയമല്ലെന്നും ഐക്യരാഷ്ട്രസഭ കഴിഞ്ഞദിവസം ഓർമിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഇടിവെട്ടേറ്റ പോലെ ഐഎസ് ആക്രമണം ഉണ്ടായത്.