ന്യൂഡൽഹി: ഡൽഹിയിൽ കൈലാഷ് ഹിൽസിൽ താമസിക്കുന്ന ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി നേരത്തേ പ്രശ്‌നക്കാരനായിരുന്നു എന്ന് വിവരം. പ്രതിയായ രാഹുൽ മീണ തന്റെ ജന്മനാട്ടിൽ അക്രമാസക്തമായ പെരുമാറ്റത്തിന് കുപ്രസിദ്ധനായിരുന്നുവെന്ന് പോലീസ് പറയുന്നു.
എൻജിനീയറിങ് ബിരുദധാരിയും യുപിഎസ്സി ഉദ്യോഗാർത്ഥിയുമായ 22 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മൂക്കിന്റെ അസ്ഥിക്ക് ഒടിവ് ഉൾപ്പെടെ ശരീരത്തിൽ നിരവധി പരിക്കുകൾ ഉണ്ടായിരുന്നു. ഇത് കൊലപാതകത്തിന് മുമ്പ് മൽപിടുത്തം നടന്നതിനെ സൂചിപ്പിക്കുന്നു.
രാഹുൽ മീണ മാനസിക വൈകൃതങ്ങൾ (psychopathic tendencies) പ്രകടിപ്പിച്ചിരുന്നതായും, അക്രമാസക്തമായി പെരുമാറിയിട്ടുള്ള ചരിത്രമുണ്ടെന്നും അന്വേഷണത്തിൽ മനസിലാക്കിയതായി പോലീസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ വിശദമായ മനഃശാസ്ത്രപരമായ പരിശോധനയ്ക്ക് വിധേയനാക്കാൻ സാധ്യതയുണ്ട്.
സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് പിരിച്ചുവിടുന്നതിന് മുമ്പ് രാഹുൽ ഈ വീട്ടിൽ ജോലിക്കാരനായി പ്രവർത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ വീടിന്റെ ഘടനയെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുമുള്ള വ്യക്തമായ അറിവ് ഉപയോഗിച്ചാണ് ഇയാൾ വീട്ടിൽ പ്രവേശിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഡൽഹിയിലെ ഈ സംഭവത്തിന് മണിക്കൂറുകൾക്ക് മുമ്പ് രാജസ്ഥാനിലെ ആൾവാറിൽ നടന്ന ഒരു ബലാത്സംഗക്കേസിലും പ്രതിക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ കോടതി ഇയാളെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പണം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിലുള്ള വിരോധമാണ് ഈ ക്രൂരകൃത്യത്തിന് കാരണമെന്നാണ് പ്രതി പോലീസിന് നൽകിയിരിക്കുന്ന മൊഴി.


