ഡബ്ലിന്‍: അയർലന്‍ഡിനെതിരായ രണ്ടാം ടി20യിലെ(IRE vs IND 2nd T20I) സഞ്ജു സാംസണിന്‍റെ(Sanju Samson) ബാറ്റിംഗിനെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ ഓൾറൗണ്ടർ ഇർഫാന്‍ പത്താന്‍(Irfan Pathan). സഞ്ജു സാംസണ്‍ അവസരം നന്നായി വിനിയോഗിച്ചു എന്നാണ് പത്താന്‍റെ പ്രശംസ. മത്സരത്തില്‍ രാജ്യാന്തര ടി20 കരിയറിലെ തന്റെ ഏറ്റവുമുയർന്ന സ്കോറും കന്നി അർധ സെഞ്ചുറിയും സഞ്ജു സ്വന്തമാക്കിയിരുന്നു. ദീപക് ഹൂഡയ്ക്കൊപ്പം റെക്കോർഡ് കൂട്ടുകെട്ടും സഞ്ജു സ്ഥാപിച്ചു.
13 റണ്‍സിനിടെ ആദ്യ വിക്കറ്റ് വീണ ഇന്ത്യക്കായി ദീപക് ഹൂഡയ്ക്കൊപ്പം രണ്ടാം വിക്കറ്റില്‍ തകർത്താടുകയായിരുന്നു സഞ്ജു സാംസണ്‍. 12-ാം ഓവറില്‍ ഇരുവരും ടീമിനെ 100 കടത്തി. തുടക്കത്തില്‍ ഹൂഡയായിരുന്നു കൂടുതല്‍ അപകടകാരിയായി ബാറ്റ് വീശിയത്. എന്നാല്‍ ഇടയ്ക്കിടയ്ക്ക് കലക്കന്‍ ബൗണ്ടറികളുമായി സഞ്ജു മുന്നേറി. ഇതോടെ 39 എന്ന രാജ്യാന്തര ടി20 കരിയറിലെ തന്‍റെ ഉയർന്ന സ്കോർ സഞ്ജു അനായാസം ഇന്നിംഗ്സിലെ 9-ാം ഓവറില്‍ മറികടക്കുകയായിരുന്നു. 13-ാം ഓവറിലെ നാലാം പന്തില്‍ ബൗണ്ടറിയുമായി സഞ്ജു രാജ്യാന്തര ടി20 കരിയറില്‍ തന്‍റെ കന്നി അർധ സെഞ്ചുറി തികച്ചു. 31 പന്തിലായിരുന്നു സഞ്ജുവിന്‍റെ ഫിഫ്റ്റി. ഫിഫ്റ്റിക്ക് പിന്നാലെ ആഞ്ഞടിച്ച സഞ്ജു 42 പന്തില്‍ 77 റണ്‍സെടുത്താണ് മടങ്ങിയത്. ഒന്‍പത് ഫോറും നാല് സിക്സും സഞ്ജുവിന്‍റെ ഇന്നിംഗ്സിലുണ്ടായിരുന്നു.
Grabbing the opportunity well 👏 @IamSanjuSamson
— Irfan Pathan (@IrfanPathan) June 28, 2022
17-ാം ഓവറിലെ രണ്ടാം പന്തില്‍ പുറത്താകുമ്പോഴേക്കും രണ്ടാം വിക്കറ്റില്‍ ദീപക് ഹൂഡയ്ക്കൊപ്പം 176 റണ്‍സിന്‍റെ റെക്കോർഡ് കൂട്ടുകെട്ട് സഞ്ജു സ്ഥാപിച്ചിരുന്നു. രാജ്യാന്തര ടി20യില്‍ ഏതൊരു വിക്കറ്റിലേയും ഇന്ത്യയുടെ ഉയർന്ന കൂട്ടുകെട്ടാണ് സഞ്ജുവും ഹൂഡയും ചേർന്ന് ഡബ്ലിനില്‍ പടുത്തുയർത്തിയ 176 റണ്‍സ്. 2017ല്‍ ഇന്‍ഡോറില്‍ ശ്രീലങ്കയ്ക്കെതിരെ രോഹിത് ശർമ്മയും കെ എല്‍ രാഹുലും ഒന്നാം വിക്കറ്റില്‍ ചേർത്ത 165 റണ്‍സിന്‍റെ റെക്കോർഡ് പഴങ്കഥയായി. സഞ്ജു-ഹൂഡ വെടിക്കെട്ട് കണ്ട മത്സരത്തില്‍ 20 ഓവറില്‍ 225/7 എന്ന സ്കോർ കെട്ടിപ്പടുത്തപ്പോള്‍ മത്സരം നാല് റണ്‍സിന് ഇന്ത്യ വിജയിച്ചു. അയർലന്‍ഡിന് 20 ഓവറില്‍ 221-5 എന്ന സ്കോറിലെത്താനെ കഴിഞ്ഞുള്ളൂ. ഇതോടെ രണ്ട് ടി20കളുടെ പരമ്പര ഇന്ത്യ തൂത്തുവാരി.
വമ്പൻ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിംഗിന് ഇറങ്ങിയ അയർലൻഡിന് മിന്നുന്ന തുടക്കമാണ് ലഭിച്ചത്. പോൾ സ്റ്റെർലിംഗും ആൻഡ്രു ബാൽബിറിനിയും ആഞ്ഞടിച്ചപ്പോൾ ഇന്ത്യൻ ബൗളർമാർ ഐറിഷ് വീര്യത്തിന്റെ ചൂടറിഞ്ഞു. സ്റ്റെർലിംഗിന് (40) ബിഷണോയ്ക്ക് മുന്നിൽ പിഴച്ചതോടെയാണ് ഇന്ത്യ ആശ്വസിച്ചത്. പിന്നീടെത്തിയ ഹാരി ഹെക്ടറുമായി ചേർന്ന് ബാൽബിറിനി സ്കോർ ബോർഡ് ചലിപ്പിച്ചു. ബാൽബിറിനിയെ (60) ഹർഷൽ പട്ടേൽ പവലിയനിലേക്ക് മടക്കി അയച്ചപ്പോൾ ലോക്റാൻ ടക്കർക്കും കാര്യമായി പൊരുതാനായില്ല.
എന്നാൽ, ജോർജ് ഡോക്റല്ലും മാർക്ക് അഡയറും ഒന്നിച്ചതോടെ ഐറിഷ് പട വീണ്ടും സ്വപ്നങ്ങൾ കണ്ട് തുടങ്ങി. ഉമ്രാൻ മാലിക്ക് എറിഞ്ഞ അവസാന ഓവറിലും ഇരുവരും ആവും വിധം പരിശ്രമിച്ച് നോക്കിയെങ്കിലും വിജയമെന്ന് സ്വപ്നത്തിലേക്ക് ടീമിനെ എത്തിക്കാൻ സാധിച്ചില്ല. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, രവി ബിഷ്ണോയ്, ഉമ്രാൻ മാലിക്ക് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ദീപക് ഹൂഡയുടെ സെഞ്ചുറി മികവിലും സഞ്ജു സാംസണിന്റെ മിന്നും അർധ സെഞ്ചുറിയുടെ കരുത്തിലുമാണ് കൂറ്റൻ സ്കോർ കുറിച്ചത്.
ടോസിലെ ഭാഗ്യം ഇന്ത്യയെ തുടക്കത്തില്‍ തുണച്ചില്ല. എങ്കിലും ഇന്നിംഗ്സിലെ ആദ്യ പന്ത് നേരിട്ട സഞ്ജു ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. രണ്ടാം ഓവറിലും സഞ്ജു ബൗണ്ടറി നേടി. എന്നാല്‍ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് ഇഷാന്‍ കിഷന്‍റെ വിക്കറ്റ് നഷ്ടമായി. അഞ്ച് പന്തില്‍ 3 റണ്‍സെടുത്ത കിഷനെ മാര്‍ക്ക് അഡെയര്‍ വീഴ്ത്തി. എന്നാല്‍ കിഷന്‍ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ദീപക് ഹൂഡ കഴിഞ്ഞ മത്സരത്തില്‍ നിര്‍ത്തിയേടത്തു നിന്ന് തുടങ്ങി. സഞ്ജുവും മോശമാക്കിയില്ല.
പവര്‍ പ്ലേ പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെടുത്ത ഇന്ത്യയെ സഞ്ജുവും ഹൂഡയും ചേര്‍ന്ന് 11-ാം ഓവറില്‍ 100 കടത്തി. 27 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഹൂഡയായിരുന്നു ആക്രമണം നയിച്ചത്. ഹൂഡ ക്രീസിലെത്തുമ്പോള്‍ 10 റണ്‍സിലെത്തിയിരുന്നു സഞ്ജു. എന്നാല്‍ സഞ്ജുവിന് മുമ്പെ ഹൂഡ അര്‍ധസെഞ്ചുറി തികച്ച് മുന്നേറി. പത്താം ഓവറില്‍ ഹൂഡ അര്‍ധസെഞ്ചുറിയിലെത്തിയപ്പോള്‍ പതിമൂന്നാം ഓവറിലാണ് സഞ്ജു ടി20 കരിയറില്‍ തന്‍റെ ആദ്യ രാജ്യാന്തര അര്‍ധസെഞ്ചുറി കുറിച്ചത്. സഞ്ജു അര്‍ധസെഞ്ചുറിയിലെത്തുമ്പോള്‍ ഹൂഡ 80 റണ്‍സിലെത്തിയിരുന്നു. 31 പന്തില്‍ എട്ട് ഫോറും ഒരു സിക്സും പറത്തിയാണ് സഞ്ജു അര്‍ധസെഞ്ചുറിയിലെത്തിയത്.
രണ്ടാം വിക്കറ്റില്‍ ദീപക് ഹൂഡക്കൊപ്പം 176 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ സഞ്ജുവിന് സെഞ്ചുറിയിലെത്താന്‍ അവസരമുണ്ടായിരുന്നെങ്കിലും പതിനേഴാം ഓവറില്‍ മാര്‍ക്ക് അഡയറിനെ സിക്സിന് പറത്തിയതിന് പിന്നാലെ യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡായി പുറത്തായി. 42 പന്തില്‍ 77 റണ്‍സെടുത്ത സഞ്ജു നാല് സിക്സും ഒമ്പത് ഫോറും പറത്തി. സഞ്ജു മടങ്ങിയതിന് പിന്നാലെ ഇന്ത്യ 200 കടന്നു. സഞ്ജു-ഹൂഡ സഖ്യം കൂട്ടിച്ചേര്‍ത്ത 176 റണ്‍സ് ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്. സഞ്ജു പുറത്തായശേഷം 55 പന്തില്‍ സെഞ്ചുറി തികച്ച ഹൂഡ ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ ബാറ്ററായി. രോഹിത് ശര്‍മയും കെ എല്‍ രാഹുലും സുരേഷ് റെയ്നയുമാണ് ഹൂഡക്ക് മുമ്പ് ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി സെഞ്ചുറി നേടിയ താരങ്ങള്‍.
സഞ്ജു പുറത്തായശേഷമെത്തിയ സൂര്യകുമാര്‍ യാദവ് രണ്ട് സിക്സുമായി തുടങ്ങിയെങ്കിലും 5 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ 57 പന്തില്‍ 104 റണ്‍സെടുത്ത ഹൂഡയെ ജോഷ്വ ലിറ്റില്‍ വീഴ്ത്തി. ഒമ്പത് ഫോറും ആറ് സിക്സും പറത്തിയാണ് ഹൂഡ 104 റണ്‍സടിച്ചത്. പിന്നാലെ ദിനേശ് കാര്‍ത്തിക്കിനെയും അക്സര്‍ പട്ടേലിനെയും നേരിട്ട ആദ്യ പന്തില്‍ പൂജ്യരായി മടക്കി ക്രെയ്ഗ് യങ് ഇന്ത്യന്‍ കുതിപ്പിന് കടിഞ്ഞാണിട്ടു. അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേലിനെയും പൂജ്യനാക്കി മടക്കി മാര്‍ക്ക് അഡയര്‍ ഇന്ത്യ 250 കടക്കാതെ തടഞ്ഞു. അയര്‍ലന്‍ഡിനായി മാര്‍ക്ക് അഡയര്‍ മൂന്നും ജോഷ്വാ ലിറ്റിലും ക്രെയഡ് യങും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. പതിനേഴാം ഓവറില്‍ 200 കടന്ന ഇന്ത്യക്ക് അവസാന മൂന്നോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടമാക്കി 24 റണ്‍സെ എടുക്കാനായുള്ളു. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 9 പന്തില്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടിയ ഇന്ത്യ ആദ്യ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റവുമായാണ് ഇറങ്ങിയത്. റുതുരാജ് ഗെയ്‌ക്വാദിന് പകരം മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി അന്തിമ ഇലവനിലെത്തിയപ്പോള്‍ പേസര്‍ ആവേശ് ഖാന് പകരം ഹര്‍ഷല്‍ പട്ടേലും സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് പകരം രവി ബിഷ്ണോയിയും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. അതേസമയം, ആദ്യ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് അയര്‍ലന്‍ഡ് ഇറങ്ങുന്നത്.