ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ആസ്ഥാനം ആക്രമിച്ചതായി ഇറാന്‍; ‘നാല് എഫ്-35 യുദ്ധ വിമാനങ്ങളും വെടിവെച്ചിട്ടു’

ടെഹ്‌റാന്‍: ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ആസ്ഥാനം മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തതായി ഇറാന്‍ അവകാശപ്പെട്ടു. ഇസ്ലാമിക് റവലൂഷന്‍ ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ അവകാശവാദത്തെ ഉദ്ധരിച്ച് ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയായ താസ്‌നിം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊസാദ് ആസ്ഥാനം തീപിടിച്ച നിലയില്‍ എന്ന് പറഞ്ഞുകൊണ്ടുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടിട്ടുണ്ട്.

‘അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങളാല്‍ സംരക്ഷിക്കപ്പെട്ടിട്ടും, സയണിസ്റ്റ് ഭരണകൂടത്തിന്റെ സൈനിക ഇന്റലിജന്‍സ് ഡയറക്ടറേറ്റും ടെല്‍ അവീവിലെ മൊസാദ് ആസ്ഥാനവും ഐആര്‍ജിസി ആക്രമിച്ചു’ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇക്കാര്യം ഇസ്രയേല്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ചൊവ്വാഴ്ച രാവിലെ ഇറാന്‍ ഇസ്രയേലിലേക്ക് 20 ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചതായി ഐഡിഎഫ് സ്ഥിരീകരിച്ചിട്ടുണ്ട്. അവയില്‍ ചിലത് ഹെര്‍സ്ലിയ നഗരം ഉള്‍പ്പെടെ രാജ്യത്തിന്റെ മധ്യഭാഗങ്ങളിലേക്ക് പതിച്ചുവെന്നും നിസ്സാര പരിക്കുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഇസ്രയേല്‍ പ്രതിരോധസേന പറയുന്നു.

ഇതിനിടെ ഇസ്രയേലിന്റെ നാലാമത്തെ എഫ്-35 യുദ്ധ വിമാനവും വെടിവെച്ചിട്ടതായും ഇറാന്‍ അവകാശപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ ഇറാനിലെ തബ്‌രീസിലാണ് ഏറ്റവും ഒടുവിലായി എഫ്-35 വിമാനം വെടിവെച്ചിട്ടത്. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ഇത് നാലാമത്തെ എഫ്-35 വിമാനമാണ് തകര്‍ക്കുന്നതെന്ന് ഇറാന്‍ സായുധസേന അറിയിച്ചു.

ഇസ്രയേല്‍-ഇറാന്‍ യുദ്ധം അഞ്ചാംദിനത്തിലും രൂക്ഷമായി തുടരുന്നതിനിടെ വെടിനിര്‍ത്തലല്ല, പകരം യഥാര്‍ത്ഥ അന്ത്യം ആയിരിക്കും ഉണ്ടാകുകയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന സംഘര്‍ഷത്തിന് പുതിയമാനം വന്നിരിക്കുകയാണ്. കാനഡയില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ട്രംപ് നേരത്തെ മടങ്ങിയിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കാണ് ട്രംപ് മടങ്ങുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ അടക്കം പ്രസ്താവനകള്‍ തള്ളിക്കൊണ്ടാണ് യുഎസ് പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News