ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള ആറ് ലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന ‘പിങ് ഷുൻ’ (Ping Shun) എന്ന കപ്പൽ അമേരിക്കൻ ഉപരോധത്തെത്തുടർന്ന് ചൈനയിലേക്ക് വഴിതിരിച്ചുവിട്ടു. ഗുജറാത്തിലെ വാഡിനാർ തുറമുഖം ലക്ഷ്യമാക്കി നീങ്ങിയിരുന്ന കപ്പൽ, അവസാന നിമിഷം ലഭിച്ച നിർദ്ദേശത്തെത്തുടർന്ന് ചൈനയിലെ ഡോംഗിയിങ് തുറമുഖത്തേക്ക് യാത്രയുടെ ദിശ മാറ്റുകയായിരുന്നു.
ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നതിന് അമേരിക്ക ഏർപ്പെടുത്തിയ കർശനമായ സാമ്പത്തിക വിലക്കുകളാണ് കപ്പൽ ഇന്ത്യയിൽ നിന്ന് വഴിമാറ്റി വിടാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിക്ക് ഈ നീക്കം വലിയ തിരിച്ചടിയായിരിക്കുകയാണ്.2019-ന് ശേഷം ആദ്യമായാണ് ഇന്ത്യ എണ്ണ ഇറക്കുമതിക്കായി ഇറാനെ ആശ്രയിക്കാൻ വീണ്ടും ശ്രമം നടത്തിയത്. ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വഴിയുള്ള നീക്കങ്ങൾ യുദ്ധം മൂലം തടസ്സപ്പെട്ടതോടെയാണ്,
റഷ്യയ്ക്ക് പുറമെ ഇറാനിൽ നിന്നുള്ള അവസരങ്ങളും പ്രയോജനപ്പെടുത്താൻ ഇന്ത്യ ആലോചിച്ചത്. എന്നാൽ അമേരിക്കൻ ഉപരോധങ്ങൾ മറികടന്ന് എണ്ണ എത്തിക്കുന്നത് നിയമപരവും സാമ്പത്തികവുമായ തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് വ്യക്തമായതോടെയാണ് കപ്പൽ വഴിതിരിച്ചുവിട്ടത്. വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അന്താരാഷ്ട്ര നയതന്ത്ര തലത്തിൽ ഇത് വലിയ ചർച്ചയായിട്ടുണ്ട്.
നിലവിൽ ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും ചൈനയിലേക്കാണ് പോകുന്നത്. അമേരിക്കൻ ഉപരോധങ്ങളെ അവഗണിച്ചും ഇറാനുമായി വ്യാപാരം നടത്താൻ ചൈന തയ്യാറാകുന്നത് അവർക്ക് ഇന്ധന ലഭ്യത ഉറപ്പാക്കുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് ആഗോള വിപണിയിൽ എണ്ണവില നിയന്ത്രിക്കാൻ അമേരിക്ക ഇറാനിയൻ എണ്ണയ്ക്ക് ചെറിയ ഇളവുകൾ നൽകിയിരുന്നുവെങ്കിലും ബാങ്കിംഗ് ഇടപാടുകളിലെ തടസ്സങ്ങൾ ഇപ്പോഴും തുടരുകയാണ്.
ഇതാണ് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ഇറാനിൽ നിന്ന് നേരിട്ട് എണ്ണ വാങ്ങുന്നതിന് വെല്ലുവിളിയാകുന്നത്. ഷിപ്പിംഗ് ഇൻഷുറൻസ് ലഭിക്കുന്നതിലെ ബുദ്ധിമുട്ടും ഇതിന് കാരണമാകുന്നുണ്ട്.ഇറാൻ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഇറാനെതിരായ സൈനിക നടപടികൾക്കിടയിൽ അവർക്ക് സാമ്പത്തിക സഹായം നൽകുന്ന രീതിയിലുള്ള വ്യാപാരങ്ങൾ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് വാഷിംഗ്ടൺ. റഷ്യയിൽ നിന്ന് വലിയ തോതിൽ എണ്ണ വാങ്ങുന്നതിന് പിന്നാലെ ഇറാനിലേക്കും ഇന്ത്യ തിരിയുന്നത് അമേരിക്കൻ താല്പര്യങ്ങൾക്ക് വിരുദ്ധമാണ്.
എന്നാൽ തങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഏതൊരു രാജ്യത്തുനിന്നും എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്നാണ് ഡൽഹിയുടെ നയം. എങ്കിലും ഉപരോധങ്ങൾ നിലനിൽക്കുന്നതിനാൽ പണമിടപാടുകൾ സുതാര്യമായി നടത്താൻ ഇന്ത്യയ്ക്ക് കഴിയില്ല.വാഡിനാർ തുറമുഖത്തേക്ക് വരികയായിരുന്ന കപ്പൽ ചൈനയിലേക്ക് പോയതോടെ ഇന്ത്യയ്ക്ക് വലിയൊരു ഇന്ധന ശേഖരം നഷ്ടമായി. ഇത് ആഭ്യന്തര വിപണിയിൽ ഇന്ധനവില ഉയരാൻ കാരണമായേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ഭയപ്പെടുന്നു.
റഷ്യയിൽ നിന്നുള്ള എണ്ണ വിതരണത്തിലും ചില സാങ്കേതിക തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ഇറാൻ്റെ ഈ പിന്മാറ്റം ഗൗരവകരമാണ്. നയതന്ത്ര തലത്തിൽ അമേരിക്കയുമായി ചർച്ച നടത്തി ഇറാൻ എണ്ണ വാങ്ങുന്നതിന് പ്രത്യേക ഇളവുകൾ നേടിയെടുക്കാൻ ഇന്ത്യ ശ്രമിച്ചേക്കും. എങ്കിലും ട്രംപ് ഭരണകൂടം ഇറാനോട് കാണിക്കുന്ന കടുത്ത ശത്രുത ഇതിന് തടസ്സമാകും.ചൈനയിലെ ഡോംഗിയിങ് തുറമുഖത്തേക്ക് എത്തുന്ന ഈ എണ്ണ അവിടെയുള്ള പ്രാദേശിക റിഫൈനറികൾക്കാണ് നൽകുക.
ഉപരോധങ്ങൾ മറികടക്കാൻ ചൈന തങ്ങളുടേതായ സാമ്പത്തിക വിനിമയ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയ്ക്കും സമാനമായ രീതിയിൽ രൂപ-റിയാൽ വിനിമയം നടപ്പിലാക്കാൻ കഴിയുമോ എന്ന് മുൻപ് ആലോചിച്ചിരുന്നുവെങ്കിലും അത് പൂർണ്ണമായും വിജയിച്ചിട്ടില്ല. ഈ എണ്ണക്കപ്പൽ വഴിതിരിച്ചുവിട്ട സംഭവം ആഗോള ഊർജ്ജ രാഷ്ട്രീയത്തിൽ ചൈനയ്ക്കുള്ള മേധാവിത്വം ഒരിക്കൽ കൂടി തെളിയിക്കുന്നു. അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങാൻ ഇന്ത്യ നിർബന്ധിതമാകുന്ന കാഴ്ചയാണിത്.
വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് കൂടുതൽ വിശദീകരണങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിപക്ഷ പാർട്ടികളും ഈ വിഷയമുയർത്തി സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. വിദേശനയത്തിലെ പാളിച്ചയാണോ അതോ അമേരിക്കൻ ഭീഷണിയാണോ ഇതിന് പിന്നിലെന്ന് വ്യക്തമാകേണ്ടതുണ്ട്. എണ്ണ ഇറക്കുമതിക്കായി പുതിയ സ്രോതസ്സുകൾ കണ്ടെത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായി തുടരുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിക്കാത്ത പക്ഷം ഇന്ധന വിതരണത്തിലെ ഈ അനിശ്ചിതത്വം തുടരും.
An oil tanker named ‘Ping Shun’ carrying 600,000 barrels of Iranian crude oil headed for India’s Vadinar port has been diverted to China’s Dongying port due to US sanctions. This marks a setback for India’s attempt to resume Iranian oil imports since 2019 amidst the Middle East conflict and energy supply constraints.


